ഹിമാചൽ പ്രദേശിലെ മേഘ വിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി
സിംല: ഹിമാചൽ പ്രദേശിൽ മേഘ വിസ്ഫോടനത്തെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 13 പേരാണ് മരിച്ചത്. 40 പേരെ കാണാതായി. ഇവർക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് 87ഓളം റോഡുകൾ ഹിമാചലിൽ അടച്ചിട്ടുണ്ട്.കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലായ് 31ന് രാത്രിയാണ് മേഘവിസ്ഫോടനമുണ്ടായത്.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്നിഫർ ഡോഗ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. സൈന്യം, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, ഐ.ടി.ബി.പി, സി.ഐ.എസ്.എഫ്, ഹിമാചൽ പ്രദേശ് പൊലീസ്, ഹോം ഗാർഡുകൾ എന്നിവരടങ്ങുന്ന 410 രക്ഷാപ്രവർത്തകർ ദൗത്യത്തിലുണ്ട്.
പ്രളയ ബാധിതർക്ക് സംസ്ഥാന സർക്കാർ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവയ്ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ വാടക ഇനത്തിൽ നൽകുമെന്നും അധികൃതർ അറിയിച്ചു.