പ്രവാസികളുടെ പ്രശ്നങ്ങൾ; നിവേദനം നൽകി ഷാർജ ഇന്ത്യൻ അസോസിയേഷൻ
ഷാർജ: പ്രവാസികൾ നേരിടുന്ന നിരവധി പ്രശ്നങ്ങളിൽ പരിഹാരം തേടി ഒഡിഷ തലസ്ഥാനമായ ഭുവനേശ്വറിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ നിവേദനം നൽകി. കസ്റ്റംസ് അധികാരികൾക്ക് യാത്രക്കാരുടെ വിശദാംശങ്ങൾ നൽകാൻ എയർലൈനുകളെ നിർബന്ധിതമാക്കുന്ന പുതിയ നിയമത്തിനെതിരായ ആശങ്കകളാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഉയർത്തിയത്.
ജിസിസി രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്കു വേണ്ടിയാണ് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരയുടെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം സമർപ്പിച്ചത്. ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, പേയ്മെന്റ് മോഡുകൾ, യാത്രാ ഷെഡ്യൂളുകൾ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ സമഗ്രമായ വിശദാംശങ്ങൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് കസ്റ്റംസ് അധികാരികൾക്ക് നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് അടുത്തിടെ കൊണ്ടുവന്ന നിയന്ത്രണം എയർലൈനുകളെ നിർബന്ധിക്കുന്നു.
അപകട സാധ്യത വിലയിരുത്തുന്നതിനുള്ള കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ ഉദ്ദേശ്യം അംഗീകരിക്കുന്നുണ്ടെങ്കിലും, ഈ നിയമത്തിന് ഗുരുതരമായ പ്രായോഗിക പരിമിതിയുണ്ടെന്നും അത് യാത്രക്കാരെ, പ്രത്യേകിച്ച് തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമെന്നും നിവേദനത്തിൽ പറയുന്നു.
യുഎഇയിൽ മാത്രം 40 ലക്ഷം ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. അവധിക്കാലത്തെ ന്യായീകരിക്കാനാകാത്ത വിമാനക്കൂലി വർധന ഒഴിവാക്കണമെന്നും നിവേദനത്തിൽ അഭ്യർഥിച്ചു. ജിസിസിയിലെ പ്രവാസികൾക്കുള്ള പ്രത്യേക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു പ്രത്യേക എൻ.ആർ.ഐ ഗ്രീവൻസ് റിഡ്രസൽ സെൽ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യൻ പ്രവാസികളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാൻ ജി.സി.സി രാജ്യങ്ങളുമായി ഗവൺമെന്റ്-ടു-ഗവൺമെന്റ് സംഭാഷണങ്ങൾ ആരംഭിക്കാനും, ദുരിതമനുഭവിക്കുന്ന പ്രവാസികളെ പ്രത്യേകിച്ച് തൊഴിലാളിവർഗ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രത്യേക പ്രവാസി ക്ഷേമനിധി രൂപീകരിക്കാനും, എൻആർഐകൾക്ക് സാമ്പത്തികമായി സുരക്ഷിതത്വം നൽകുന്നതിന് ശക്തമായ പെൻഷൻ & ക്ഷേമ പദ്ധതി അവതരിപ്പിക്കാനും നിവേദനത്തിൽ അഭ്യർത്ഥിച്ചു.