വീണാ ജോര്‍ജ് വായിച്ച കണക്കില്‍ ഒരു കോടി വാക്സിനും കേന്ദ്രം സൗജന്യമായി നല്‍കിയതെന്ന് മുരളീധരന്; ഇത് കൂടി പറയുന്നതല്ലേ മാന്യതയെന്ന് ചോദ്യം
വാക്സിന് സംബന്ധിയായ കണക്കുകള്‍ നിയമസഭയുടെ ചോദ്യോത്തര വേളയില്‍ വിശദീകരിച്ച ആരോഗ്യമന്ത്രി കേന്ദ്രം തന്നതിനെക്കുറിച്ച് വ്യക്തമാക്കാത്തത് ചൂണ്ടി രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്. കൂടുതല്‍ വാക്സിനെത്തിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനുകൂലമായ മറുപടി നല്‍കിയില്ലെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. 1,2,53,198 വാക്സിന് ഡോസുകള്‍ കേരളത്തിന് നല്കാന് കഴിഞ്ഞിട്ടുണ്ടെന്നാണ് വീണാ ജോര്‍ജ് സഭയില്‍ വിശദീകരിച്ചത്. ഈ പറഞ്ഞതില്‍ ഒരു കോടിയും കേന്ദ്രസര്‍ക്കാര്‍ തന്ന സൗജന്യ വാക്സീനാണെന്നുകൂടി ആരോഗ്യമന്ത്രി വ്യക്തമാക്കണെമന്ന് മുരളീധരന് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രമന്ത്രി പറഞ്ഞത്:
ഈ പറഞ്ഞതിൽ ഒരു കോടിയും കേന്ദ്രസർക്കാർ തന്ന സൗജന്യ വാക്സീനാണെന്നു കൂടി ആരോഗ്യമന്ത്രി നിയമസഭയിൽ പറയണമായിരുന്നു. തരാത്തതിന്റെ മാത്രമല്ല, തന്നതിന്റെ കണക്കും പറയുന്നതല്ലേ മാന്യത ?
സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സിന് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന് പറഞ്ഞിരുന്നു. വികേന്ദ്രീകൃത വാക്സിന് നയമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരമാണ് നയം മാറ്റമെന്ന് വി മുരളീധരന് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു മുരളീധരന്റെ ആദ്യ പ്രതികരണം.
മുരളീധരന് പ്രതികരിച്ചത് ഇങ്ങനെ:
രാജ്യത്ത് 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സീൻ പ്രഖ്യാപിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ ! കോവിഡിനെതിരായ പോരാട്ടത്തിൽ ചരിത്രം കുറിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ……ലോകത്തിലെ ഏറ്റവും ബൃഹുത്തായ സൗജന്യവാക്സീൻ വിതരണമാണ് ശ്രീ.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത്…….രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന വാക്സീൻ കേന്ദ്ര സർക്കാർ തന്നെ സംഭരിക്കും….പണം നൽകി സ്വകാര്യ ആശുപത്രിയിലും വാക്സീൻ സ്വീകരിക്കാൻ സൗകര്യമുണ്ട്…… ഒരുഡോസിന് പരമാവധി 150 രൂപ സർവീസ് ചാർജ്ജ് ഈടാക്കാം….സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ചാണ് വാക്സീൻ നയത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
സംസ്ഥാന സർക്കാരുകൾ തന്നെയാണ് വികേന്ദ്രീകൃത വാക്സീൻ നയം ആവശ്യപ്പെട്ടതും എന്ന് മറക്കരുത്…..പക്ഷേ വാക്സീൻ സംഭരണവും വിതരണവും കാര്യക്ഷമമായി നടപ്പാക്കാൻ അവർക്ക് കഴിഞ്ഞില്ല…..ഉദാഹരണത്തിന് ഹിന്ദുസ്ഥാൻ ടൈംസ് പത്രം റിപ്പോർട്ട് ചെയ്തതു പോലെ കേരളത്തിൽ ജനുവരി – മാർച്ച് മാസങ്ങളിൽ നൽകിയ 63 ലക്ഷം ഡോസിൽ 34 ലക്ഷം മാത്രമാണ് വിതരണം ചെയ്തത്…ആ പശ്ചാത്തലത്തിലാണ് ഇപ്പോൾ മുഴുവൻ ചുമതലയും കേന്ദ്രം വീണ്ടും ഏറ്റെടുക്കുന്നത്…..കേന്ദ്ര സർക്കാർ നടത്തുന്ന സൗജന്യ ഭക്ഷധാന്യ വിതരണം ദീപാവലിവരെ നീട്ടുമെന്നും ബഹു. പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നു