2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലെത്തി; ഉടന്‍ വിതരണം ചെയ്യും; വിവാഹ സമ്മാനമായി ലഭിക്കുന്ന തുക മാറാന്‍ തടസ്സമില്ല;
കൊച്ചി: രാജ്യത്തെ ബാങ്കുകളിലെ മേജര്‍ കറന്‍സി ചെസ്റ്റുകളിലെല്ലാം പുതിയ 2000 രൂപയുടെ നോട്ടുകള്‍ എത്തിച്ചു. എന്നുമുതല്‍ നല്‍കാമെന്ന നിര്‍ദേശം ഇതുവരെ വന്നിട്ടില്ലെങ്കിലും വ്യാഴാഴ്ച മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ലഭിച്ചുതുടങ്ങുമെന്നു കരുതുന്നു. എന്നാല്‍, 500 രൂപയുടെ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കുറച്ചുകൂടി കാലതാമസം ഉണ്ടാവുമെന്നു പ്രമുഖ ബാങ്കിന്റെ ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു.
നിലവിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെടുക്കുന്ന മുറയ്ക്കായിരിക്കും പുതിയവയുടെ വിതരണം. 2000 രൂപയുടെ പുതിയ നോട്ടുകള്‍ വേഗം തന്നെ വിതരണം ചെയ്യാന്‍ കഴിയുന്നതു നിലവില്‍ ഇത്തരം നോട്ടുകള്‍ ഇല്ലാത്തതിനാലാണ്. വിവാഹങ്ങള്‍ക്കു സമ്മാനമായി 500, 1000 രൂപയുടെ നോട്ടുകള്‍ ലഭിച്ചാലും അവ ബാങ്കുകളില്‍ മാറ്റാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
വിവാഹത്തിനു സമ്മാനമായി ലഭിക്കുന്ന തുകയ്ക്കു നിലവില്‍ ആദായനികുതി ബാധകമല്ല. അതിനാല്‍ വിവാഹസമ്മാനം എന്ന പേരില്‍ത്തന്നെ ഇവ ബാങ്കുകളില്‍ കൊടുത്തു മാറാം. ആദായനികുതി റിട്ടേണിലും ഈ വര്‍ഷം വിവാഹസമ്മാനമായി ലഭിച്ച തുക കാണിക്കാം. മിക്കവരുടെയും സംശയം വ്യാഴാഴ്ച ബാങ്കുകള്‍ തുറക്കുകയും എടിഎമ്മുകള്‍ മറ്റന്നാള്മുതല് പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യുന്നതിനിടെ ചെലവിന് എന്തു ചെയ്യുമെന്നാണ്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ചെക്കോ ഡിഡിയോ നല്‍കാം. നാളെമുതല്‍ ബാങ്കുകളില്‍നിന്നു ഡിമാന്‍ഡ് ഡ്രാഫ്റ്റ് ലഭിക്കും. കള്ളപ്പണം കൈമാറ്റം ചെയ്യുന്നതു കറന്‍സി രൂപത്തിലാണ്. അതു കുറച്ചുകൊണ്ടുവന്നു രേഖകളില്‍ ഉള്‍പ്പെടുന്നവിധം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയോ ചെക്ക് ഡിഡി വഴിയോ പണം കൈമാറുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതാണു സര്‍ക്കാര്‍ നയം.
എന്നാല്‍, കനത്ത അടിയാവുന്നത് കൈക്കൂലിയായിട്ടോ ഹവാല വഴിയോ വസ്തുവില്പനയിലൂടെയോ മറ്റേതെങ്കിലും അനധികൃത മാര്‍ഗത്തിലൂടെയോ വന്‍തോതില്‍ കള്ളപ്പണം 500, 1000 നോട്ടുകളായി സൂക്ഷിക്കുന്നവര്‍ക്കാണ്. ഈ പണം പുതിയ കറന്‍സിയിലേക്കു മാറ്റാന്‍ ബാങ്കുവഴി ശ്രമിച്ചാല്‍ പിടിക്കപ്പെടും.