‘ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍’, സുരേന്ദ്രനെ വെല്ലുവിളിച്ച് കെ മുരളീധരന്
കൊടകര കുഴല്‍പണക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന തിരഞ്ഞെടുപ്പ് പണമിടപാടുകള്‍ സംബന്ധിച്ച് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും തമ്മില്‍ വാക്ക് പോര് കനക്കുന്നു. കെ സുരേന്ദ്രന് എതിരെ കഴിഞ്ഞ ദിവസം മുരളീധരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായി ബിജെപി അധ്യക്ഷനും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. മോദി വിരുദ്ധരുടെ കയ്യില്‍ നിന്നും കെ മുരളീധരന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 കോടി കൈപ്പറ്റി എന്നായിരുന്നു കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ നടത്തിയ ആരോപണം.
എന്നാല്‍, തനിക്കെതിരെ കെ സുരേന്ദ്രന് ഉന്നയിച്ച ആരോപണങ്ങളെ ഉണ്ടയില്ലാ വെടി എന്നായിരുന്നു മുരളീധരന് വിശേഷിപ്പിച്ചത്. സുരേന്ദ്രന് ഉയര്‍ത്തിയ ആരോപണങ്ങളില്‍ കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും അന്വേഷിപ്പിക്കണമെന്നും അതിന് വെല്ലുവിളിക്കുകയാണെന്നും കെ മുരളീധരന് ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. കൊടകര കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. കെ സുരേന്ദ്രന് നില്‍ക്കക്കള്ളിയില്ലാതെ ചിലത് വിളിച്ച് പറയുകയാണെന്നും കെ മുരളീധരന് പോസ്റ്റില്‍ വ്യക്തമാക്കുന്നു.
കെ മുരളീധരന്റെ പോസ്റ്റ് പൂര്‍ണരൂപം
ബി.ജെ.പിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആരോപണ വിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഗവണ്മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍. ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈയ്യില്‍ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാന്‍ ഉള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണ്.
ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് സംസ്ഥാനങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുക്കുന്നതെന്നായിരുന്നു നേരത്തെ കെ മുരളീധരന് നടത്തിയ പ്രതികരണം. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടിരുന്നു.
ഇതിന് മറുപടിയായിട്ടായിരുന്നു കെ സുരേന്ദ്രന്റെ പോസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച കെ മുരളീധരന് പത്ത് കോടി രൂപ പിരിച്ചെന്നും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയായി കെ സുരേന്ദ്രന് ആരോപിച്ചിരുന്നു. കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്നും കെ മുരളീധരന് പണം പിരിച്ചു. പത്ത് കോടിയോളമാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇത് ചര്‍ച്ചയാണ്. പക്ഷേ പിരിച്ചെടുത്ത പണത്തില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്ന പ്രചാരണങ്ങള്‍ ഉണ്ടെന്നും സുരേന്ദ്രന് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. മുരളീധരന് എതിരായതിന് സമാനമായ തെരഞ്ഞെടുപ്പുകഥകള്‍ ഇനിയും പുറത്ത് വിടുമെന്ന സുചനയും ബിജെപി അധ്യക്ഷന്‍ പോസ്റ്റില്‍ നല്‍കിയിരുന്നു.