‘മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്ന് കെ മുരളീധരന് പത്ത് കോടി പിരിച്ചു’; ഹെലികോപ്റ്റര്‍ ആരോപണം രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടെന്ന് കെ സുരേന്ദ്രന്
കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് വടകര എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന് ഉയര്‍ത്തിയ ആരോപണങ്ങള്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്കി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിച്ച കെ മുരളീധരന് പത്ത് കോടി രൂപ പിരിച്ചെന്നും ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന് ആരോപിക്കുന്നു. ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് കെ സുരേന്ദ്രന്റെ മറുപടി.
കോഴിക്കോട്ടെയും മലപ്പുറത്തെയും ഗള്‍ഫ് രാജ്യങ്ങളിലേയും മോദിവിരുദ്ധ പണച്ചാക്കുകളില്‍ നിന്നും കെ മുരളീധരന് പണം പിരിച്ചു. പത്ത് കോടിയോളമാണ് ഇത്തരത്തില്‍ സ്വരൂപിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ഇത് ചര്‍ച്ചയാണ്. പക്ഷേ പിരിച്ചെടുത്ത പണത്തില്‍ ഒരു നയാപൈസ പോലും നേമത്ത് ചെലവാക്കിയിട്ടില്ലെന്ന പ്രചാരണങ്ങള്‍ ഉണ്ടെന്നും സുരേന്ദ്രന് പോസ്റ്റില്‍ പറയുന്നു. മുരളീധരന് എതിരായതിന് സമാനമായ തെരഞ്ഞെടുപ്പുകഥകള്‍ ഇനിയും പുറത്ത് വിടുമെന്ന സുചനയും ബിജെപി അധ്യക്ഷന്‍ പോസ്റ്റില്‍ പറയുന്നു.
അതേസമയം, കെ മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ലക്ഷ്യം വെച്ചത് തന്നെയോ ബി.ജെ.പിയെയോ അല്ലെന്ന് വ്യക്തമാണെന്നും കെ സുരേന്ദ്രന് പറയുന്നു. കോണ്‍ഗ്രസിനായി കേരളത്തിലേക്ക് എത്തിയ കോടികള്‍ താനറിഞ്ഞില്ലെന്ന് പാര്‍ട്ടിക്കുള്ളില്‍ കെ മുരളീധരന് ഉന്നയിച്ച ആരോപണം പുറത്തേക്കുവരാനാണ് ഇപ്പോഴത്തെ ഉണ്ടയില്ലാവെടിയുടെ ലക്ഷ്യമെന്നും ബിജെപി അധ്യക്ഷന്‍ പരിഹസിച്ചു.
മഹാരാഷ്ട്ര, രാജസ്ഥാന്, പഞ്ചാബ് കര്‍ണ്ണാടകാ പിസിസി വഴി കേരളത്തിലേക്ക് പണമൊഴുകിയെന്ന ആരോപണവും കെ സുരേന്ദ്രന് ഉന്നയിക്കുന്നു. മുരളീധരന്റെ ആരോപണം ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയും കെ. സി. വേണുഗോപാല്‍ വഴി രാഹുലിനെത്തന്നെയും ഉന്നം വെച്ചാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടുന്നു.
കൊടകര കേസുമായി ബന്ധപ്പെട്ട് രൂക്ഷമായ ആരോപണങ്ങളായിരുന്നു കെ മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്. ഇന്ത്യ ഭരിക്കുന്ന ഒരു പാര്‍ട്ടി തന്നെയാണ് സംസ്ഥാനങ്ങളിലേക്ക് കുഴല്‍പ്പണം ഒഴുക്കുന്നതെന്നും ഒടുവില്‍ അന്വേഷണം എത്തിനില്‍ക്കുന്നത് കൃത്രിമ അപകടം ഉണ്ടാക്കി അതേ കുഴല്‍പണം അടിച്ചുമാറ്റാന്‍ നോക്കിയ ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനിലേക്ക് തന്നെയാണെന്നും മുരളീധരന് പരിഹസിച്ചു. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്രന് കോന്നിയില്‍ മത്സരിച്ചതിനെകുറിച്ച് ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് സുരേന്ദ്രന് സബ്മിറ്റ് ചെയ്ത തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്ററിന്റെ ചെലവ് ഉള്‍പ്പെടുത്തിയിട്ടുണ്ടോ, എവിടെ മുതല്‍ എവിടെ വരെ സഞ്ചരിച്ചു, അതിന്റെ വാടക, അത് സ്ഥാനാര്‍ത്ഥിയുടെ ചെലവില്‍ കണക്കാക്കിയിട്ടുണ്ടോ എന്നതെല്ലാം കണ്ടെത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു.
ഒപ്പം സുരേന്ദ്രനെ കൂടാതെ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃശൂരില്‍ മത്സരിച്ച സുരേഷ് ഗോപിയുടെ ഹെലികോപ്റ്റര്‍ യാത്രയില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തേണ്ടതുണ്ടെന്നും മരളീധരന്‍ ആവശ്യപ്പെട്ടിരുന്നു.