‘വീരപ്പന് വേണ്ടിയും പണിയണം’; ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിനെതിരെയുള്ള സോഷ്യല്‍ മീഡിയ പ്രതിഷേധം അടങ്ങുന്നില്ല
കേരള കോണ്‍ഗ്രസ് ബി നേതാവ് ആര് ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുന്നതിനായി ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചതിനെതിരെ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ച പ്രതിഷേധം കെട്ടടങ്ങുന്നില്ല. ഇടമലയാര്‍ കേസുമായി ബന്ധപ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ച ബാലകൃഷണപിള്ളയ്ക്ക് സ്മാരകം നിര്‍മ്മിക്കുന്നത് അഴിമതിയെ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. കാട്ടുകള്ളന് വീരപ്പനോട് ബാലകൃഷ്ണപിള്ളയെ ബന്ധപ്പെടുത്തിക്കൊണ്ട് ട്രോളുകള്‍ ഉള്‍പ്പെടെ പുറത്തുവരുന്നുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം പണിയുന്നെങ്കില്‍ തീര്‍ച്ചയായും വീരപ്പനും സ്മാരകം വേണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു കൂട്ടരുടെ പരിഹാസം. ജസ്റ്റിസ് ഫോര്‍ വീരപ്പന് എന്ന ഹാഷ് ടാഗ് പോലും ചിലര്‍ ഇതിനായി ഉപയോഗിക്കുന്നുണ്ട്.
ഇടമലയാര്‍ കേസില്‍ വിഎസ് അച്യുതാനന്ദന് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ ജയിലിലായ ബാലകൃഷ്ണപിള്ളയ്ക്ക് ഇടതുസര്‍ക്കാര്‍ തന്നെ സ്മാരകം കെട്ടിക്കൊടുക്കുന്നത് പരിഹാസ്യമാണെന്നും ചിലര്‍ പറയുന്നുണ്ട്. 2016ലാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് ബി എല്‍ഡിഎഫിന്റെ ഘടകകക്ഷിയാകുന്നത്. കെഎം മാണിക്കും ബാലകൃഷ്ണപിള്ളയ്ക്കും സമാരകവും അവരുടെ മക്കള്‍ക്ക് മുന്നണിയില്‍ ഇടവും നല്കുന്ന ഇടതുപക്ഷക്കാര്‍ സ്വന്തം ആദര്‍ശങ്ങള്‍ മറന്ന് പെരുമാറുകയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.
വിഷയത്തില്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
വീരപ്പൻ മരിക്കും മുൻപ് LDF ന്റെ ഘടകകക്ഷി ആകാഞ്ഞത് ഭാഗ്യം. 2 കോടി രൂപ ആ വഴിക്കും മലയാളിക്ക് ഖജനാവിൽ നിന്ന് പോയേനെ.ബാലകൃഷ്ണപിള്ളയുടെ സ്മാരകം അഴിമതിക്കുള്ള സ്മാരകമാണ്. ഇടമലയാർ അഴിമതിക്ക് എതിരെ പണ്ട് വഴിനീളെ പ്രസംഗിച്ചു തൊണ്ടപൊട്ടിയ പ്രിയ സഖാക്കൾ ന്യായീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളത്കൊണ്ട് മൗനം ആചരിച്ചേക്കും, അല്ലേ?
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ജി ശക്തിധരന്റെ കുറിപ്പ്
ആദ്യം കല്ലെറിയുന്നത് ഞാനായിരിക്കും
ആര് ബാലകൃഷ്ണപിള്ളയെ പോലെ അറുവഷളന്‍ പ്രതിലോമ രാഷ്ടീയക്കാരന് പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി സ്മാരകം പണിയാന്‍ തീരുമാനിച്ചത് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അപചയത്തിന്റെ ആഴമാണ് കാണിക്കുന്നത്. കേരളരാഷ്ട്രീയത്തിന്റെ അഴുക്കുചാലില്‍ മാത്രം സഞ്ചരിച്ച നേതാവാണദ്ദേഹം. ആ പേരില്‍ ഒരു സ്മാരകം പണിയാന്‍ ഇ .എഎസ്സിന്റെയും എം.എന്‍ ഗോവിന്ദന് നായരുടെയും സി അച്ചുതമേനോന്റെയും പാര്‍ട്ടികള്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുന്നത് അതിന്റെ അസ്ഥിത്വം അവസാനിക്കാറായി എന്നതിന്റെ തെളിവാണ്.
വൈദ്യുതി മന്ത്രിയായിരുന്നപ്പോഴും ഗതാഗത മന്ത്രിയായിരുന്നപ്പോഴും അല്പ്പശമ്പള ക്കാരായ ആയിരക്കണക്കിനു പാവപ്പെട്ട,സ്ത്രീ ജീവനക്കാരെ അടക്കം, തെക്ക് വടക്ക് സ്ഥLലംമാറ്റി ക്രൂരമായി പകപോക്കിയ ഈ മാടമ്പിയെ “സ്നേഹം ” കൊണ്ട് സ്മരകമുണ്ടാക്കി ആദരിക്കുന്നത് കേരളത്തിലെ തൊഴിലാളിവര്‍ഗത്തിന് അപമാനമാണ്. എന്റെ പത്രപ്രവര്‍ത്തന ജീവിതത്തില്‍ ഈ മാടമ്പിക്കെതിരെ നേര്‍ക്കുനേര്‍ പൊരുതി പലവട്ടം മുട്ടുകുത്തിച്ചതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. പഞ്ചാബ് മോഡലിനെ പ്രകീര്‍ത്തിച്ചു എറണാകുളം രാജേന്ദ്ര മൈതാനത്ത് ഇദ്ദേഹം നടത്തിയ പ്രസംഗത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയ ഏഴ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാളാണ് ഞാനും. അതാണ് ഹൈക്കോടതി ഈ മാടമ്പിയെ മന്ത്രിപദത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വഴിയൊരുക്കിയത്. ഇദ്ദേഹത്തിന്റെ പേരില്‍ പൊതുഖജനാവില്‍ നിന്ന് പണം എടുത്ത് കേരളത്തില്‍ എവിടെയെങ്കിലും ഇടതുപക്ഷ മന്ത്രിസഭ സ്മാരകം ഉയര്‍ത്തിയാല്‍, അന്ന് ജീവനോടെ ഇരുപ്പുണ്ടെങ്കില് അതിനു നേരെ ആദ്യത്തെ കല്ല് എറിയുന്നത് ഞാനായിരിക്കും.