കൊടകര കുഴൽപ്പണ കേസിൽ സിപിഐഎം പ്രവർത്തകനെ ചോദ്യം ചെയ്യുന്നു
തൃശൂർ: കൊടകര കുഴൽപ്പണം കവർച്ച ചെയ്തതുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകനെ ചോദ്യം ചെയ്യുന്നു. സിപിഐഎം പ്രവർത്തകനായ റെജിനെയാണ് ചോദ്യം ചെയ്യുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത സംഘവുമായി റെജിൻ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നതായിട്ടാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കവർച്ചക്ക് ശേഷം പ്രതികൾ റെജിന്റെ സഹായം തേടിയെന്നും പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ എസ്.എൻ പുരത്തെ സി പി എം പ്രവർത്തകനാണ് റെജിൻ.
അതേസമയം കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറിയേയും ഡ്രൈവറേയും ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. സെക്രട്ടറി ദിപിനേയും ഡ്രൈവര്‍ ലെബീഷിനേയുമാണ് ചോദ്യം ചെയ്യുന്നത്. തൃശൂര്‍ പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. ഇരുവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് സൂചന. ഹെലികോപ്റ്ററിലെത്തിച്ച ബാഗുകളില്‍ എന്തായിരുന്നുവെന്നത് അടക്കമുള്ള പൊലീസ് ശേഖരിക്കും.
കേസ് ബിജെപി സംസ്ഥാന നേതൃത്വത്തിലേക്കും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയിലേക്കും അന്വേഷണം നീങ്ങുകയാണ്. കേസന്വേഷണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.
നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെആര്‍ ഹരിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഏപ്രില്‍ 2 ാം തിയ്യതി ഇത്ര വൈകിയും എന്തിനാണ് നഗരത്തില്‍ തുടര്‍ന്നത് എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ വാഹന പ്രചാരണത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുകയായിരുന്നുവെന്നാണ് കെആര്‍ ഹരിയുടെ മൊഴി. ഒപ്പം തൃശൂര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അന്വേഷണ സംഘം കരുതുന്നു.
തെരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്റെ യാത്രകള്‍ സംബന്ധിച്ച് ഇയാളില്‍ നിന്ന് വിവരങ്ങള്‍ സെക്രട്ടറിയോട് ആരായും. തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് പരിപാടികള്‍, കൂടിക്കാഴ്ചകള്‍ തുടങ്ങിയ കാര്യങ്ങളും ആരായും. അതിനിടെ കെ.സുരേന്ദ്രന് മത്സരിച്ച കോന്നി, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങി. ഈ മണ്ഡലങ്ങളില്‍ സുരേന്ദ്രന് ഉള്‍പ്പെടെയുള്ള പ്രമുഖ ബി ജെ പി നേതാക്കള്‍ താമസിച്ച ഹോട്ടലുകളിലെ രേഖകള്‍ പരിശോധിച്ചു.
ഇവിടങ്ങളിലെ സിസി ടി വി ദൃശ്യങ്ങളും വരും ദിവസങ്ങളില്‍ പരിശോധിക്കും. അടുത്ത ദിവസങ്ങളില്‍ തലസ്ഥാനത്തേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ചേക്കും എന്നാണ് സൂചന. കുഴല്‍ പണ കേസില്‍ ഉള്‍പ്പെട്ട ധര്മ്മരാജന്, സുനില്‍ നായിക്ക് എന്നിവര്‍ക്ക് ബി ജെ പി യുടെ കേരളത്തിലെയും കര്‍ണാടകയിലെയും പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പണം വന്നത് കര്‍ണാടകയിലെ ബി ജെ പി കേന്ദ്രത്തില്‍ നിന്നാണെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. പണം കവര്‍ച്ച ചെയ്യപ്പെട്ട ദിവസങ്ങളോട് അടുപ്പിച്ച് ധര്‍മരാജനുമായി ഇരുപത് തവണയും മുപ്പത് തവണയും ഒക്കെ സംസാരിച്ച നേതാക്കളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. കേസില്‍ പരമാവധി ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ശേഖരിച്ച ശേഷം കെ.സുരേന്ദ്രന് നോട്ടീസ് നല്‍കാനാണ് പ്രത്യേക അന്വേഷണ സംഘം ഉദ്ദേശിക്കുന്നത്. അതിന് മുന്‍പ് ബിജെപി സംസ്ഥാന നേതൃത്വത്തിലെ ചിലരെ കൂടി വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.