‘രണ്ട് മാസമായി നാടകം തുടരുന്നു, എന്താണ് പൊലീസ് കണ്ടെത്തിയത്?’; കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രന്
കൊടകര കുഴല്‍പ്പണക്കേസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസുമായി യാതൊരു പങ്കുമില്ലാത്തതു കൊണ്ടാണ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നതെന്നും രണ്ട് മാസം അന്വേഷിച്ചിട്ടും പൊലീസ് എന്താണ് ബിജെപി നേതാക്കള്‍ക്കെതിരെ കണ്ടെത്തിയതെന്നും കെ സുരേന്ദ്രന് ചോദിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്.
കൊടകരയില്‍ നടന്ന ഒരു പണം കവര്‍ച്ച കേസുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള ആസൂത്രിത കള്ള പ്രചരണം നടക്കുന്നത്. പണം ബിജെപിയുടേതാണ്, തെരഞ്ഞെടുപ്പ് ആവശ്യത്തിന് കൊണ്ടു വന്നതാണ്, ബിജെപി നേതാക്കളെ മുഴുവന്‍ വിളിച്ച് ചോദ്യം ചെയ്യുന്നു, എന്നിങ്ങനെ. വലിയൊരു പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആ സംഭവം ശ്രദ്ധയില്‍പെട്ട അന്നു തന്നെ പറഞ്ഞിരുന്നു ഈ സംഭവുമായിട്ട് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു തരത്തിലും ബന്ധമില്ലെന്ന്. ഭാരതീയ ജനതാ പാര്‍ട്ടിയുടെ പണമാണ് ധര്മ്മരാജന് കാറില്‍ കൊണ്ടു പോയതെങ്കില്‍ എന്തിനാണ് കേസു കൊടുക്കുന്നത്,’ കെ സുരേന്ദ്രന് ചോദിച്ചു.
‘തെരഞ്ഞെടുപ്പ് കാലത്ത് 38 കോടിയുടെ കള്ളപ്പണമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ടെടുത്തത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും കേസ് കൊടുത്തിട്ടില്ല. സിപിഐഎമ്മിന്രെ പണമുണ്ട്, ലീഗിന്രെ പണമുണ്ട്, കോണ്‍ഗ്രസിന്റെ പണമുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാജ്യത്ത് 100 കോടിയുടെ കള്ളപ്പണം പിടിച്ചു. ഇതിലേറ്റവും കൂടുതല്‍ പിടിച്ചത് തമിഴ്നാട്ടില്‍ നിന്നാണ്. ആ തമിഴ്നാട് ഇന്ന് ഭരിക്കുന്ന ഡിഎംകെ 25 കോടിയാണ് സിപിഐമ്മിന് നല്‍കിയത്. ഇത് വാര്‍ത്തയായതും ഡിഎംകെ സമ്മതിച്ചിട്ടുള്ളതുമാണ്. ആ പണം കള്ളപ്പണമാണയോ വെള്ളപ്പണമായോ വന്നത് എന്ന് പിണറായി വിജയനും വിജയ രാഘവനും ആണ് പറയേണ്ടത്’
‘നിങ്ങള്‍ എല്ലാവരും പറഞ്ഞു. കവര്‍ച്ച നടത്തിയത് ബിജെപി നേതാക്കളാണെന്ന്. ഒരു മനസാക്ഷിയില്ലാതെയാണ് നിങ്ങള്‍ വാര്‍ത്ത കൊടുത്തത്. വാര്‍ത്തയില്‍ ഏതെങ്കിലും ഒരംശം സത്യമായിരുന്നോ. ബിജെപിയുടെ നേതാക്കളെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു കാരണവുമില്ലാതെ ചോദ്യം ചെയ്യാന്‍ വിളിച്ചു. ഒരു തരത്തിലും ചോദ്യം ചെയ്യേണ്ടാത്ത ആളുകളെയാണ് പൊലീസ് ചോദ്യം ചെയ്തത്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുള്‍പ്പെടെ പല നേതാക്കളും വിളിപ്പിച്ചു. ആരും ചോദ്യം ചെയ്യലിനെതിരെ കോടതിയില്‍ പോയില്ല. ചോദ്യം ചെയ്യലിനെത്താന്‍ ഒരു ദിവസം നീട്ടി ചോദിച്ചില്ല. എല്ലാവരും ചോദ്യം ചെയ്യലിന് സഹകരിച്ചു. ഈ കള്ളപ്പണം ബിജെപിക്ക് വേണ്ടി വന്നതല്ല. ആ ഉറപ്പുള്ളത് കൊണ്ടാണ് പൊലീസിന്റെ അന്വേഷണവുമായി സഹകരിക്കുന്നത്. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ സമയത്ത് സിപിഐഎം എന്താണ് ചെയ്തത്. നാല് മണിക്കാണ് തലയില്‍ മുണ്ടിട്ട് പലരും പോയത്. മാധ്യമങ്ങള്‍ക്ക് പലരെയും ചോദ്യം ചെയ്തതിനു എത്രയോ ദിവസം കഴിഞ്ഞാണ് വിവരം കിട്ടിയത്,’ കെ സുരേന്ദ്രന് പറഞ്ഞു.
രണ്ട് മാസമായി ഈ നാടകം തുടരുകയാണ്. പണം ആരു കൊണ്ടുവന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കവര്‍ച്ചാ കേസിന്റെ വസ്തുതകളിലേക്ക് പോവുന്നതിന് പകരം പൊലീസ് എന്താണ് ചെയ്യുന്നത്. പൊലീസിന് അധികാരമുള്ള കാര്യമാണോ ഇപ്പോള്‍ ചെയ്യുന്നതെന്നും കെ സുരേന്ദ്രന് ചോദിച്ചു.