പന്ത്രണ്ടാം ക്ലാസ് ഫലത്തിന്റെ മാനദണ്ഡം പ്രധാനം
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ സിബിഎസ്ഇ, സിഐഎസ്സിഇ പരീക്ഷകൾ വേണ്ടെന്നു വച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ നടപടി ലക്ഷക്കണക്കിനു വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ആശ്വാസം പകർന്നിരിക്കുകയാണ്. എന്നാൽ, ഫലനിർണയത്തിന്റെ മാനദണ്ഡങ്ങൾ വ്യക്തമാക്കിയാൽ മാത്രമേ, ഈ ആഹ്ലാദത്തിന് അർഥമുള്ളൂ. നന്നായി പഠിക്കുന്ന വിദ്യാർഥികൾക്കു പരാതിയില്ലാതെ അടുത്ത ഘട്ടത്തിലേക്കു പോകാൻ വഴിതുറക്കുകയാണു വേണ്ടത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെത്തുടർന്ന് നേരത്തേ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ സിബിഎസ്ഇ ഉപേക്ഷിച്ചിരുന്നു. പരീക്ഷ നടത്തണമെന്നു വാദിക്കാൻ കാരണങ്ങൾ അനേകമുണ്ടെങ്കിലും തത്കാലം അവരുടെ സുരക്ഷിതത്വത്തിനാണു മുൻഗണന നൽകുന്നതെന്നു വ്യക്തമാക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം ഈ തീരുമാനത്തിലേക്കു നീങ്ങിയത്. രാജ്യത്ത് കൊവിഡ് ഭീഷണി അനുദിനം കുറയുന്നുണ്ടെങ്കിലും കുട്ടികളെ കൊവിഡിനു മുന്നിലേക്കു തള്ളിവിടേണ്ടെന്ന കേന്ദ്ര സർക്കാർ തീരുമാനം നന്നായി. ഇത്തരം തീരുമാനങ്ങളെ രാഷ്ട്രീയമായി സമീപിക്കുന്ന പ്രവണതയിൽ നിന്ന് ഏവരും പിന്മാറുകയും വേണം.
രാജ്യത്തെ 26,000 വരുന്ന സിബിഎസ്ഇ സ്കൂളുകളിൽ മാർച്ചിലാണ് സാധാരണ പ്ലസ് ടു പരീക്ഷ നടത്താറുള്ളത്. ഈ വർഷവും അങ്ങനെയാണ് നിശ്ചയിച്ചതെങ്കിലും മഹാനഗരങ്ങൾ അതിനകം കൊവിഡ് പിടിയിൽ അമർന്നതിനാൽ പരീക്ഷ നടത്താനാകാതെ വന്നു. ജൂണിലേക്കു പരീക്ഷ മാറ്റിവച്ചതായാണ് സിബിഎസ്ഇ അറിയിച്ചത്. എന്നാൽ, അതിനകം പല കുട്ടികളുടെ വീടുകളും ഉറ്റവർ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലായി. അത്തരമൊരു മാനസികാവസ്ഥയിൽ പഠനത്തിൽ ശ്രദ്ധയൂന്നാൻ കുട്ടികൾക്കു കഴിയാതെ വന്നു. കുട്ടികളെ പരീക്ഷ എഴുതാൻ സ്കൂളിലേക്ക് അയയ്ക്കുന്നത് അവരുടെ സുരക്ഷിതത്വത്തെ ബാധിക്കുമെന്ന ആധി പല രക്ഷിതാക്കൾക്കും ഉണ്ടായി. മാനസിക സമ്മർദം നേരിടുന്ന കുട്ടികളെ പരീക്ഷയെഴുതാൻ നിർബന്ധിക്കരുതെന്ന് പ്രധാനമന്ത്രി തന്നെ യോഗത്തിൽ അഭിപ്രായപ്പെട്ടു. പല സംസ്ഥാനങ്ങളിലും ഉയർന്ന തോതിൽ കൊവിഡ് കേസുകളുള്ളത് ആരോഗ്യ സംബന്ധമായ ആശങ്കകൾ പരത്തുന്നു. ആ സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷിതത്വത്തിന് പരമ പ്രാധാന്യം നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു.
ഏറ്റവും നിർണായകമായ പരീക്ഷയായി കരുതപ്പെടുന്നതുകൊണ്ട് പരീക്ഷ വേണ്ടെന്നു വച്ചാലും ഫലനിർണയത്തിന് കൃത്യമായ മാനദണ്ഡങ്ങൾ കൂടിയേ തീരൂ. ഒൻപത്, പത്ത്, പതിനൊന്ന് ക്ലാസുകളിലെ പ്രകടനവും ഇന്റേണലുകളിലെ നിലവാരവും നോക്കി മൂല്യനിർണയം നടത്താനാകുമെന്ന നിരീക്ഷണമുണ്ട്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ 9,10,11 ക്ലാസുകളിലെ ഡേറ്റ സമർപ്പിക്കാൻ അടുത്തിടെ സിബിഎസ്ഇയും സിഐഎസ്സിഇയും സ്കൂളുകളോട് ആവശ്യപ്പെട്ടിരുന്നു. ഇരു ബോര്‍ഡുകളിലും പ്രാക്റ്റിക്കല്‍ പരീക്ഷ കഴിഞ്ഞതിനാൽ അതിന്റെ മാര്‍ക്കു കണക്കിലെടുക്കുന്നതിനു തടസമില്ല. എന്നാൽ, അവസാനഘട്ടത്തിൽ കുതിപ്പ് നടത്തുന്നവരുണ്ട്. അവർക്ക് ഈ തീരുമാനം നിരാശയായിരിക്കും നൽകുക. പരീക്ഷകൾ വേണ്ടെന്നു വയ്ക്കുന്നതിൽ താത്പര്യമില്ലാത്ത വിദഗ്ധരും രക്ഷിതാക്കളുമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള വാതിൽ തുറക്കുന്ന പരീക്ഷയായതിനാൽ ഏറെ പരിശ്രമിച്ച് പഠനത്തിൽ മുഴുകിയ വിദ്യാർഥികളുണ്ട്. കരിയറിൽ ഏറ്റവും മുന്നിലാകണമെന്നുറച്ച് പഠിച്ച അത്തരക്കാരും പരീക്ഷ ഉപേക്ഷിക്കുന്നതിൽ ഖിന്നരാണ്. വിദേശത്തെയും നാട്ടിലെയും ഉന്നത സ്ഥാപനങ്ങളിൽ പ്രവേശനം ഉറപ്പാക്കിയവർക്കാകട്ടെ, സർട്ടിഫിക്കറ്റ് വേഗം ലഭിക്കണമെന്ന ചിന്തയേ കാണൂ.
പ്ലസ് ടു പരീക്ഷ ഓൺലൈനായി നടത്തുന്നതിനെ കുറിച്ചും ഗൗരവമേറിയ ആലോചന നടന്നിരുന്നു. എന്നാൽ, അതിനുള്ള തയാറെടുപ്പുകൾ നടത്താൻ സാവകാശമുണ്ടായിരുന്നില്ല. ചില പ്രധാന വിഷയങ്ങളിൽ മാത്രം പരീക്ഷ നടത്തി മറ്റുള്ളവ ഹ്രസ്വപരീക്ഷകളാക്കണമെന്ന നിർദേശം അക്കാദമിക് രംഗത്ത് അഭിപ്രായ ഭിന്നതയുണ്ടാക്കി. പരീക്ഷകൾ ഉപേക്ഷിച്ചു കഴിഞ്ഞ സ്ഥിതിക്ക് അടുത്ത തീരുമാനം ഉടൻ വേണമെന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. എന്താണു വിജയത്തിന്റെ മാനദണ്ഡമെന്നതു നിശ്ചയിക്കുന്നതിൽ കാലതാമസം പാടില്ല. അത് ആധുനികമായ കാഴ്പ്പാടോടെ വേണം തീരുമാനിക്കുവാൻ. അടുത്ത വർഷത്തേക്കു സമീപന രേഖയുണ്ടാക്കുന്നതും ഉചിതമാകും.