കൊടകര: പ്രതികളെല്ലാവരും സിപിഐഎം പശ്ചാത്തലമുള്ളവരെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്; ‘പണം ഞങ്ങളുടേതല്ല, പൊലീസ് കണ്ടെത്തട്ടേ’
കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേതല്ലെന്ന് ആവര്‍ത്തിച്ച് ബിജെപി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍. കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആരോപണമുയര്‍ന്നതിനാല്‍ മാത്രമാണ് പാര്‍ട്ടി സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയതെന്ന് അനീഷ് കുമാര്‍ വെളിപ്പെടുത്തി. ധര്മ്മരാജന് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യാന്‍ എത്തിയതിനാല്‍ മാത്രമാണ് അയാള്‍ക്ക് മുറി എടുത്ത് നല്‍കിയത്. ബിജെപി നേതാക്കളാണ് കേസില്‍ ഉള്‍പ്പെട്ടതെങ്കില്‍ എന്തുകൊണ്ട് നേതാക്കളെ ആരെയും അറസ്റ്റ് ചെയ്തില്ല എന്നും അനീഷ് കുമാര്‍ ചോദിച്ചു. കേസില്‍ അറസ്റ്റിലായവരില്‍ ദീപക് ഒഴികെയുള്ള മറ്റെല്ലാ പ്രതികളും സിപിഐഎം പശ്ചാത്തലമുള്ളവരാണെന്നും അനീഷ് കുമാര്‍ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞു.
കെകെ അനീഷ് കുമാറിന്റെ വാക്കുകള്‍:
പാര്‍ട്ടിക്കെതിരെ ആരോപണം വന്നാല്‍ പാര്‍ട്ടി അന്വേഷിക്കും. ബിജെപി പൊലീസിനോട് സഹകരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കള്‍ക്കെതിരെ ആരോപണം വരുന്നു.അതിനാല്‍ത്തന്നെ യഥാര്‍ഥ പ്രതികളെ കണ്ടെത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്. ബിജെപിക്കാരന് എന്ന് പറഞ്ഞുനടക്കുന്ന ഒരേയൊരു പ്രതി കേസില്‍ ദീപക്ക് മാത്രമാണ്. അയാല്‍ സജീവ പ്രവര്ത്തകന് പോലുമല്ല.ബിജെപിയാണ് ഇതിന് ഉത്തരവാദികളെങ്കില്‍ എന്തുകൊണ്ട് കേസില്‍ ബിജെപിക്കാര്‍ പ്രതികളായില്ല? ഞങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം അനുസരിച്ച് ദീപക്കിനല്ല അയാളുടെ അളിയന് രഞ്ജിത്തിനാണ് കവര്‍ച്ചയുമായി ബന്ധമുള്ളത്.
രഞ്ജിത്ത് ഉള്‍പ്പെടെ മറ്റല്ലാ പ്രതികളും സിപിഐഎം പശ്ചാത്തലമുള്ളവരാണ്. ധര്മ്മരാജന് തെരഞ്ഞെടുപ്പ് സമാഗ്രികള് വിതരണം ചെയ്യാന്‍ വന്നപ്പോള്‍ മുറി എടുത്ത്് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ അങ്ങനെ യെത്ു. അതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ക്ക് അതില്‍ ഒന്നുതന്നെ ഒളിക്കാനില്ല.
ധര്‍മ്മരാജന്റെ കൈയ്യില്‍ പണമുണ്ടോ അയാള്‍ക്ക് വേറെ എന്തെങ്കിലും ഏര്‍പ്പാടുണ്ടോ എന്നൊക്കെ ഞങ്ങള്‍ക്ക് എങ്ങനെ അറിയാം? പണവുമായി ബിജെപിക്ക് യാതൊരു ബന്ധവുമില്ല. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധര്മ്മരാജന് പറഞ്ഞിരുന്നത്.
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിനായി ബിജെപി ജില്ലാ നേതൃത്വം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനെ അനീഷ് കുമാര്‍ ശരിവെച്ചു. കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ ബിജെപിയുടെ തൃശ്ശൂരിലെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ബിജെപി നേതാക്കള്‍ വിളിച്ചുവരുത്തിയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണസംഘം ഇനി കണ്ടെത്താനുള്ളത്. ഇതിനായി ഓഫീസിലെ സിസിടിവി ക്യാമറ പരിശോധിക്കാനും അന്വേഷണസംഘം ഒരുങ്ങുകയാണ്.
ബിജെപി അന്വേഷണത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ചില നേതാക്കള്‍ കണ്ണൂരില്‍ പോകുകയും പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തതായാണ് വിവരം. ബിജെപി ജില്ലാ നേതാക്കളുടെ മൊഴികളില്‍ വ്യക്തത വരുത്തിയതിനുശേഷം പൊലീസ് ഉടന്‍ ബിജെപി ഉന്നത നേതാവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത നേതാവിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി പൊലീസ് നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.