പണത്തിനായി ബിജെപി സ്വന്തമായി അന്വേഷണം നടത്തി; പ്രതികളെ പാര്‍ട്ടി ഓഫീസിലെത്തിച്ചു; ഉന്നത നേതാവിനെ ഉടന്‍ ചോദ്യം ചെയ്തേക്കും
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട പണത്തിനായി ബിജെപി ജില്ലാ നേതൃത്വം സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിയെന്ന കണ്ടെത്തലുമായി അന്വേഷണസംഘം. പൊലീസിന് പരാതി ലഭിച്ച് ഔദ്യോഗിക അന്വേഷണം മുന്നോട്ടുപോകുന്നതിന് സമാന്തരമായിത്തന്നെ ബിജെപിയുടേയും അന്വേഷണം നടന്നുവന്നതായാണ് വിവരം. കവര്‍ച്ചാക്കേസിലെ പ്രതികളെ തൃശ്ശൂരിലെ ബിജെപി ഓഫീസിലെത്തിച്ചതായും സൂചനയുണ്ട്.
കേസില്‍ പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവര്‍ ബിജെപിയുടെ തൃശ്ശൂരിലെ ഓഫീസിലെത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ബിജെപി നേതാക്കള്‍ വിളിച്ചുവരുത്തിയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണസംഘം ഇനി കണ്ടെത്താനുള്ളത്. ഇതിനായി ഓഫീസിലെ സിസിടിവി ക്യാമറ പരിശോധിക്കാനും അന്വേഷണസംഘം ഒരുങ്ങുകയാണ്.
ബിജെപി അന്വേഷണത്തിന്റെ ഭാഗമായി തൃശ്ശൂരിലെ ചില നേതാക്കള്‍ കണ്ണൂരില്‍ പോകുകയും പ്രതികളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തതായാണ് വിവരം. ബിജെപി ജില്ലാ നേതാക്കളുടെ മൊഴികളില്‍ വ്യക്തത വരുത്തിയതിനുശേഷം പൊലീസ് ഉടന്‍ ബിജെപി ഉന്നത നേതാവിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉന്നത നേതാവിനെ ചോദ്യം ചെയ്യുന്നതിന് മുന്‍പായി പൊലീസ് നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടേത് തന്നെയാണെന്ന് പരാതിക്കാരനായ ധര്മരാജന് മൊഴി നല്‍കിയിരുന്നു. പണം ബിജെപിക്ക് വേണ്ടി കൊണ്ടുവന്നതാണെന്നും ധര്മ്മരാജന് പറഞ്ഞു. രണ്ടുതവണ ചോദ്യം ചെയ്തപ്പോഴും ധര്മ്മരാജന് പോലീസിന് നല്‍കിയത് ഇതേ മൊഴി തന്നെയാണെന്നാണ് വിവരം. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലാവും.
ധര്മ്മരാജന് തിരഞ്ഞെടുപ്പ് ചുമതലകള്‍ ഇല്ലായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. ധര്‍മ്മരാജനെ നിരന്തരം ഫോണില്‍ വിളിച്ചത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കെന്നായിരുന്നു സംസ്ഥാന നേതാക്കളുടെ മൊഴി. തിരഞ്ഞെടുപ്പ് സാമഗ്രികളുമായല്ല ധര്മരാജന് തൃശ്ശൂരില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി. ഈ കണ്ടെത്തലോടെ സംസ്ഥാന നേതാക്കളുടെ ആ വാദവും പൊളിയുകയാണ്.
കുഴല്‍പ്പണം കടത്തിയ ധര്മ്മരാജന് മുറി ബുക്ക് ചെയ്തത് ബിജെപിയുടെ ജില്ലാ നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്ന് ബിജെപി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശന് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.