ആരോഗ്യകരമായ വാര്‍ധക്യത്തിലേക്ക്
ലോകമെമ്പാടും ആയുര്‍ദൈര്‍ഘ്യത്തില്‍ വർധനവുണ്ടായതോടെ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം വളരെ വേഗം കൂടിക്കൊണ്ടിരിക്കുകയാണ്. പ്രായമാകുമ്പോള്‍ വ്യക്തിയില്‍ ശാരീരികമായും മാനസികമായും മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇങ്ങനെയുണ്ടാവുന്ന മാറ്റങ്ങളും ആരോഗ്യ ആവശ്യങ്ങളും ആകസ്മികമല്ല. ഇത് മുഴുവന്‍ ജീവിത ചക്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യപരിരക്ഷയുടെ ലക്ഷ്യം ഇന്ന് ഏറെ മാറിക്കഴിഞ്ഞു. കൂട്ടുകുടുംബ സമ്പ്രദായം അണുകുടുംബങ്ങള്‍ക്ക് വഴിമാറി. ആയുര്‍ദൈര്‍ഘ്യം കൂടുന്നതിന് കുടുംബഘടനയിലെ ഈ മാറ്റം കാരണമായിട്ടുണ്ട്. പ്രായമായവരുടെ സ്വാതന്ത്ര്യവും ആത്മാഭിമാനവും ഒരു വശത്തും ആരുടെയും ഇടപെടലുകള്‍ ആഗ്രഹിക്കാത്ത യുവതലമുറ മറുവശത്തും. സ്വാതന്ത്ര്യത്തിനുശേഷം രോഗങ്ങള്‍, വൈകല്യങ്ങള്‍ എന്നിവ കുറഞ്ഞുവന്നതും ആയുര്‍ദൈര്‍ഘ്യം വർധിക്കുന്നതിന് കാരണമായിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു ദശകങ്ങള്‍ക്കിടയില്‍ പകര്‍ച്ചവ്യാധികള്‍ കാരണമുള്ള അകാല മരണനിരക്ക് കുറഞ്ഞിരിക്കുകയാണ്. എന്നാൽ സാംക്രമികമല്ലാത്ത രോഗങ്ങളും അതുമായി ബന്ധപ്പെട്ട വൈകല്യങ്ങളും മുഖ്യ പ്രശ്നമായി മാറി. ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയും ആരോഗ്യ പരിരക്ഷ മോശപ്പെട്ട അവസ്ഥയില്‍ തുടരുകയും ചെയ്യുന്നത് പ്രായമായവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. വിവിധ തരം രോഗങ്ങള്‍ ബാധിച്ച പ്രായമായവരുടെ ആരോഗ്യ പരിരക്ഷാ ആവശ്യങ്ങള്‍ ലോകത്തൊട്ടാകെയുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയാണ്.
1901 ല്‍ ഇന്ത്യയിലെ പ്രായമായവരുടെ എണ്ണം 12 ദശലക്ഷം മാത്രമായിരുന്നു. 1951 ല്‍ 19 ദശലക്ഷമായും 2001 ല്‍ 77 ദശലക്ഷമായും 2011 ല്‍ 104 ദശലക്ഷം ആയും ഇത് മാറി. 2021 ഓടെ ഇത് 137 ദശലക്ഷം ആവുമെന്ന് കരുതപ്പെടുന്നു. ലോകത്ത് പ്രായമായവര്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. പ്രായമായവരുടെ എണ്ണം നേരത്തെയുണ്ടായിരുന്നതിന്റെ ഇരട്ടിയാവാന്‍ 25 വര്‍ഷം മാത്രമാണെടുത്തത്.
ആവശ്യമായ വരുമാനമില്ലാത്തത്, അനുയോജ്യമായ തൊഴിലവസരങ്ങളുടെ കുറവ്, മോശപ്പെട്ട താമസ സൗകര്യങ്ങള്‍, ശാരീരിക- മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, സാമൂഹിക- സുരക്ഷാ വലയങ്ങളുടെ അഭാവം, മാറിയ കുടുംബഘടനയോടനുബന്ധിച്ചുണ്ടാവുന്ന മാനസിക പിരിമുറുക്കങ്ങളും സമ്മര്‍ദങ്ങളും, വിരമിച്ചതിനുശേഷം എന്തെങ്കിലും പ്രവൃത്തികളില്‍ വ്യാപൃതമാവാത്തത് എന്നിവയെല്ലാമാണ് പ്രായമായവരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. സാമൂഹിക, സാമ്പത്തിക പദവിയിലുണ്ടാകുന്ന വ്യത്യാസം പ്രായമായവരുടെ ജീവിത രീതിയെ ബാധിക്കും. അതുകൊണ്ടുതന്നെ മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തി നടപ്പിലാക്കേണ്ടതുണ്ട്.
പ്രായമാകുന്നതിനോടനുബന്ധിച്ചുള്ള ശാരീരിക വ്യതിയാനങ്ങളില്‍ പ്രധാനം സാധാരണ ശരീരത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങളാണ്. ചലനം കുറയുക, കാഴ്ചയ്ക്ക് മങ്ങല്‍, കേള്‍വിക്കുറവ്, ഭക്ഷണം കഴിക്കുന്നതും ദഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഓര്‍മ്മ നഷ്ടപ്പെടല്‍, ചില ശാരീരിക ധര്‍മ്മങ്ങള്‍ നിയന്ത്രിക്കാനാവാതെ വരിക (പ്രത്യേകിച്ച് മൂത്രം പിടിച്ചുവെക്കാന്‍ സാധിക്കാതിരിക്കുക), മറ്റ് സ്ഥിരമായ രോഗങ്ങള്‍ എന്നിവയാണ്. പ്രായമായവരില്‍ കണ്ടുവരുന്ന രോഗങ്ങളായ ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം എന്നിവ വർധിക്കുന്നതിന്റെ അടിസ്ഥാന കാരണം വന്‍തോതിലുള്ള നഗരവത്കരണവും ജീവിതരീതിയിലുള്ള മാറ്റങ്ങളുമാണ്. മക്കളെയും ബന്ധുക്കളെയും സാമ്പത്തികമായി ആശ്രയിക്കല്‍, അധികാരം നഷ്ടപ്പെടല്‍, സാമൂഹികമായ അംഗീകാരത്തിന്റെ അഭാവം എന്നിവ പ്രായമായവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഈ സാഹചര്യം കൂടുതല്‍ മോശമാകാനാണ് സാധ്യത.
പ്രായമാവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ അനുയോജ്യമായ പോഷണം അത്യാവശ്യമാണ്. കാരണം അതവരുടെ പ്രായമാകല്‍ പ്രക്രിയയെ ബാധിക്കും. യുവാക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായമായവര്‍ക്ക് ഏറെ അപകടസാധ്യതകളുണ്ട്. പ്രായമാകുന്നതോടൊപ്പം മസിലുകളുടെ പ്രവര്‍ത്തനത്തില്‍ വൈകല്യം, എല്ലിന്റെ സാന്ദ്രത നഷ്ടമാവല്‍, പ്രതിരോധ വ്യവസ്ഥയില്‍ താളപ്പിഴകള്‍, വിളര്‍ച്ച, ഓര്‍മ്മക്കുറവ്, മുറിവുകള്‍ ഉണങ്ങുന്നതിനുള്ള കാലതാമസം എന്നിവയും അടിക്കടി അസുഖങ്ങള്‍, ആശുപത്രി വാസം, ശസ്ത്രക്രിയകള്‍ എന്നിവയും ഉണ്ടാവുന്നു. ഇവയില്‍ ചിലതെല്ലാം മരണ കാരണമായേക്കാം. മാറിയ സാഹചര്യത്തില്‍ പ്രായമായവരെ തനിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് ആവരുടെ ആരോഗ്യ, പോഷക നിലവാരത്തെ ബാധിക്കുന്നു. ഭക്ഷണത്തിന്റെ അളവും വൈവിധ്യവും കുറയുന്നത് വഴി അവരില്‍ സൂക്ഷ്മപോഷകങ്ങളുടെ കുറവുണ്ടാകുന്നു.
പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളപ്പോഴും ആരെയും ആശ്രയിക്കുന്നത് പ്രായമായവര്‍ ഇഷ്ടപ്പെടുന്നില്ല. ആരോഗ്യ കാര്യങ്ങളില്‍ പ്രോത്സാഹനം, രോഗ പ്രതിരോധം, പാലിയേറ്റീവ് പരിചരണം എന്നിവ വാർധക്യത്തിലെത്തിയവരുടെ ആയുസിലേക്ക് ആരോഗ്യകരമായ വര്‍ഷങ്ങള്‍ കൂട്ടിച്ചേര്‍ക്കാം. 2002 ല്‍ ലോകാരോഗ്യ സംഘടന ആക്റ്റീവ് ഏജിങ് എന്ന പേരില്‍ ഒരു നയ രൂപരേഖ പുറത്തിറക്കി. വാര്‍ധക്യത്തിലെത്തിയവരെ അവരുടെ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും പ്രയോജനപ്പെടുന്ന ഒരു വിഭവമാക്കി മാറ്റാനുള്ള വിവിധതല പ്രവൃത്തികളാണ് ഇത് മുന്നോട്ടുവെക്കുന്നത്.
പ്രായമായവരുടെ അനുപാതം വര്‍ധിക്കുന്നത് ക്ഷേമ പദ്ധതികളുടെ നടത്തിപ്പിനെയും ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെയും വെല്ലുവിളിക്കുകയും അവരുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുന്നു. ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുമ്പോള്‍ അത് നിലവിലുള്ള മാറാ രോഗങ്ങളുടെയും വൈകല്യങ്ങളുടെയും പട്ടികയിലേക്ക് കൂടുതല്‍ ഭാരം ചുമത്തുകയും സമൂഹത്തിന് കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ക്ഷേമ പദ്ധതികള്‍, ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ എന്നിവ അനുയോജ്യമായ രീതിയില്‍ രൂപീകരിക്കണം.
രാജ്യത്ത് കേന്ദ്ര സാമൂഹ്യ നീതി, ശാക്തീകരണ മന്ത്രാലയം സംസ്ഥാന ഗവണ്മെന്റുകള്, സന്നദ്ധസംഘടനകള്‍, പൗര സമൂഹങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ മുതിര്‍ന്ന പൗരന്മാര്ക്കായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. പ്രായമായവര്‍ക്കു വേണ്ടിയുള്ള സംയോജിത പദ്ധതിയ്ക്കു കീഴില്‍ മന്ത്രാലയം ഓള്‍ഡ് ഏജ് ഹോമുകളും കെയര്‍ ഹോമുകളും നടത്തുന്നു. ഇവ പ്രായമായവര്‍ക്ക് വിവിധ സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ മെഡികെയര്‍ യൂനിറ്റുകള്‍, അള്‍ഷിമേര്‍സ്, ഡിമെന്‍ഷ്യ എന്നീ രോഗങ്ങളുള്ളവരെ പരിചരിക്കുന്നതിനുള്ള ഡേ കെയര്‍ സെന്ററുകള്‍, പ്രായമായ വിധവകള്‍ക്ക് വിവിധ സേവനങ്ങള്‍ നല്കുന്ന കേന്ദ്രങ്ങള്‍, ഫിസിയോ തെറാപി ക്ലിനിക്കുകള്‍, റീജ്യണല്‍ റിസോഴ്സ് ആൻഡ് ട്രെയിനിങ് സെന്ററുകള്‍, പ്രായമായവര്‍ക്ക് പ്രയോജനം ലഭ്യമാവുന്ന മറ്റു വിവിധ പദ്ധതികള്‍ എന്നിവയും നടപ്പിലാക്കുന്നുണ്ട്.ആരോഗ്യകരമായ രീതിയില്‍ പ്രായമാകുന്നത് ആഗോള മുന്‍ഗണന ആവണം.
കര്മോത്സുകമായതും ആരോഗ്യകരമായതുമായ പ്രായമാകല്‍ എന്ന ആശയം പ്രോത്സാഹിപ്പിക്കപ്പെടണം. പ്രായമായവരുടെ ആരോഗ്യ പ്രതിരോധ, പ്രോത്സാഹന, ചികിത്സാ, പുനരിധാവാസം ഉള്‍പ്പെടുന്ന ആശയമാണിത്.