തെരഞ്ഞെടുപ്പ് ചെലവിന് ഒരു കോടി, പ്രചാരണത്തിന് ഹെലികോപ്ടര്‍’; വന്‍ വാഗ്ദാനങ്ങളെക്കുറിച്ച് പ്രിയങ്കയുടെ മൊഴി
ഇഎംസിസി പ്രസിഡന്റും കുണ്ടറയിലെ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഷിജു വര്‍ഗീസ് ആസൂത്രണം ചെയ്ത സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ നടി പ്രിയങ്കയെ ചോദ്യം ചെയ്തു. ഷിജു വര്‍ഗീസും പ്രിയങ്കയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് നടിയെ ചോദ്യം ചെയ്തത്.
വന്‍ വാഗ്ദാനങ്ങള്‍ നല്കി ദല്ലാള്‍ നന്ദകുമാറാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയങ്ക പൊലീസിനു മൊഴി നല്കി. പ്രചാരണത്തിനായി ഹെലികോപ്ടര്‍, ചെലവിനായി ഒരു കോടിയിലേറെ രൂപ എന്നീ വാഗ്ദാനങ്ങളാണ് തനിക്ക് നല്‍കിയതെന്ന് നടി മൊഴി നല്കി. എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കാം എന്ന് ഉറപ്പ് നല്‍കിയതായും പ്രിയങ്ക പറയുന്നു. പല തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും രണ്ടുതവണയേ ഷിജു വര്‍ഗീസിനെ നേരിട്ട് കണ്ടിട്ടുള്ളൂ എന്ന് പ്രിയങ്ക പറയുന്നു.
എറണാകുളം പാലാരിവട്ടം വെണ്ണലയിലെ ഫ്ളാറ്റിലാണ് പ്രിയങ്ക താമസിക്കുന്നത്. ഫ്ളാറ്റിന് എതിര്‍വശത്തെ മഹാദേവക്ഷേത്രത്തിലെ ഭരണസമിതി പ്രസിഡന്റായിരുന്ന ദല്ലാള്‍ നന്ദകുമാര്‍. ക്ഷേത്രത്തില്‍ വെച്ച് പ്രിയങ്കയെ പരിചയപ്പെടുകയും സ്ഥാനാര്‍ത്ഥിയാവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
അതേസമയം ഒന്നരരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാര്‍ ഇട്ടത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു.
ഷിജു വര്‍ഗീസിന്റെ ബിസിനസിനെപറ്റിയോ കുടുംബകാര്യങ്ങളെക്കുറിച്ചോ അറിയില്ലെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ഷിജു വര്‍ഗീസിന്റെ കാറിനു നേരെ പെട്രോള്‍ ബോബ് എറിഞ്ഞ സംഭവം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. നന്ദകുമാര്‍ തന്നെ മാനസികമായി ബുദ്ധിമുട്ടിച്ചെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ (ഡിഎസ്ജെപി) അരൂരിലെ സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. ഇഎംസിസി ബോംബാക്രമണകേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം ഷിജു വര്‍ഗീസിന്റെ വാഹനത്തിനുനേരെ, ഗൂഢാലോചനയുടെ ഭാഗമായി സ്വന്തം കൂട്ടാളികള്‍ തന്നെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്തത്. തീരദേശത്തെ 30 മണ്ഡലങ്ങളിലെങ്കിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ആയിരുന്നു ബോംബേറ് നാടകം. വിവാദ ദല്ലാള്‍ നന്ദകുമാര്‍ ആണ് ആസൂത്രണത്തിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയിരുന്നു.