ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറിയുടെ പാര്‍ട്ടി വിരുദ്ധപ്രസ്താവന; ദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജി വച്ചു
ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറിയുടെ പാര്‍ട്ടി വിരുദ്ധപ്രസ്താവനയില് പ്രതിഷേധിച്ച് ദ്വീപ് ഡിവൈഎഫ്ഐ പ്രസിഡന്റ് രാജി വച്ചു. ഡിവൈഎഫ്ഐ ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് കെകെ നസീറാണ് രാജിവച്ചത്.
രാജിക്കത്തില്‍ നസീര്‍ പറയുന്നത് ഇങ്ങനെ: ”ലക്ഷദ്വീപില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐഎമ്മും ഡിവൈഎഫ്ഐയും നടത്തിവരുന്ന സമര പോരാട്ടങ്ങള്‍ക്ക് കോട്ടം തട്ടുന്ന വിധത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രസ്താവന മാധ്യമങ്ങളിലൂടെ പ്രസിദ്ധികരിച്ചതിന്റെ ഭാഗമായി ലക്ഷദ്വീപ് സിപിഐഎം സെക്രട്ടറി അച്ചടക്ക നടപടി നേരിടാതെ തല്‍സ്ഥാനത്തു തുടരുന്നതിനാല്‍ പ്രതിഷേധ സൂചകമായി ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് പ്രസിഡന്റ് എന്ന സ്ഥാനം ഞാന്‍ ഇന്ന് ഒഴിയുന്നതായി അറിയിക്കുന്നു.”
ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഉത്തരവിട്ടിരുന്നു. ഈ നടപടിയെയാണ് പാര്‍ട്ടി സെക്രട്ടറി ലുക്മാനുല്‍ ഹക്കീം ന്യായീകരിച്ചത്. സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് നഷ്ടത്തിലായതിനാലാണെന്നും പ്രതിഷേധത്തില്‍ കാര്യമില്ലെന്നുമായിരുന്നു ലുക്മാനുലിന്റെ പ്രതികരണം. ലക്ഷദ്വീപില്‍ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അമൂല്‍ ഒക്കെ ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ലുക്മാനുല്‍ പറഞ്ഞിരുന്നു.
അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമേനി, ആന്തോത്ത് എന്നീ അഞ്ചു ദ്വീപുകളിലാണ് കലക്ടര്‍ അസ്കര്‍ അലി അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇന്ന് മുതല്‍ ജൂണ്‍ ഏഴ് വരെയാണ് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസേവന വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ് എന്നിവ ഉപയോഗിച്ച് ജോലി സ്ഥലത്തെത്താനുള്ള അനുമതിയുണ്ട്.
അതേസമയം, ലക്ഷദ്വീപില്‍ മറൈന്‍ വാച്ചര്‍മാരെ പിരിച്ചുവിടുന്ന നടപടികളുമായി മുന്നോട്ടുപോകുകയാണ് പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. വനം, പരിസ്ഥിതി മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന 200 ഓളം പേരെയാണ് പിരിച്ചുവിടാനൊരുങ്ങുന്നത്. ദ്വീപില്‍ നടക്കുന്ന പവിഴപുറ്റ് നശിപ്പിക്കല്‍, ഡോള്‍ഫിന്‍, കടല്‍ വെളളരി വേട്ട തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വാച്ചര്‍മാരെ നിയമിച്ചിരിക്കുന്നത്. അവരെ പിന്‍വലിക്കുന്നത് ദ്വീപിന് വെല്ലുവിളിയാകും. കാലാവസ്ഥ വ്യതിയാനം കണക്കിലെടുത്താണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് അഡ്മിനിസ്ട്രേഷന്റെ വിശദീകരണം.
അടുത്ത മൂന്ന് മാസം വരെ മറൈന്‍ വാച്ചര്‍മാരുടെ സേവനം ആവശ്യമില്ലെന്ന തീരുമാനമാണ് അഡ്മിനിസ്ട്രേറ്റര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്ന മറൈന്‍ വാച്ചര്‍മാര്‍ ഒരു വര്‍ഷം മുമ്പാണ് തല്‍സ്ഥാനത്തേക്കെത്തുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നത് അടുത്തിടെയായിരുന്നു.
ഇതിനിടെ ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണ വിരുദ്ധ നയങ്ങള്‍ക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രതിപക്ഷം ഉന്നയിച്ച ചില ഭേദഗതികള്‍ സര്‍ക്കാര്‍ ഇവ അംഗീകരിച്ചുകൊണ്ട് ഐക്യകണ്ഠേനയാണ് പ്രമേയം പാസാക്കിയത്. തെങ്ങുകളില്‍ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച് ഇപ്പോള്‍ ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകര്‍ക്കുന്നതാണ് ലക്ഷദ്വീപിലെ നടപടികള്‍ എന്ന് പിണറായി വിജയന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. പൗരത്വഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപില്‍ ഉണ്ടായി. രാജ്യത്തിന്റെ ഒരുമയ്ക്കെതിരെ നില്ക്കുന്ന ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായി നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.