‘ലത്തീൻ കത്തോലിക്ക സമുദായത്തിനും, ദളിത് ക്രൈസ്തവ വിഭാഗത്തിനും കനത്ത നഷ്ടം,’; ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിയില് കത്തോലിക്ക സഭയിൽ കടുത്ത ഭിന്നത
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ കോടതി വിധിയെ ചൊല്ലി കത്തോലിക്ക സഭയിൽ കടുത്ത ഭിന്നത. വിധി ലത്തീൻ കത്തോലിക്ക സമുധായത്തിനും, ദളിത് ക്രൈസ്തവ വിഭാഗത്തിനും കനത്ത നഷ്ടമാണ് സൃഷ്ടിച്ചതെന്ന് ആരോപിച്ച് ലത്തീൻ കത്തോലിക്ക സഭ പരസ്യമായി രംഗത്തെത്തി. അടുത്ത ദിവസം ആരംഭിക്കുന്ന കെസിബിസി സമ്മേളനത്തിൽ കടുത്ത പ്രതിഷേധമുയർത്താനാണ് ലത്തീൻ മെത്രാൻമ്മാരുടെ പൊതു തീരുമാനം.
ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80:20 എന്ന അനുപാതം റദ്ദാക്കിയ കോടതി വിധി ചിലർക്ക് ഗുണമായപ്പോൾ ലത്തീൻ കത്തോലിക്ക സമുദായത്തിനും, ദളിത് ക്രൈസ്തവർക്കും കനത്ത തിരിച്ചടിയായെന്ന നിലപാടാണ് ലത്തീൻ കത്തോലിക്ക സഭക്കുള്ളത്. അതിനാൽ ഈ വിധി സാമൂഹ്യനീതിക്കെതിരാണെന്ന് കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് പറഞ്ഞു.
വിധിയിൽ സർക്കാരിൻ്റെ നിലപാടിനായി കാത്തിരിക്കുകയാണെന്നും ലത്തീൻ കത്തോലിക്ക സമുദായം വക്തമാക്കി. കോടതി വിധി സ്വാഗതം ചെയ്തു കൊണ്ടുള്ള കത്തോലിക്ക സഭകളുടെ പൊതു പ്ലാറ്റ്ഫോമായ കേരള കത്തോലിക്ക മെത്രാൻ സമതിയുടെ വാർത്താകുറിപ്പിനെതിരെയും കടുത്ത വിമർശനമാണ് ലത്തീൻ സഭ ഉയർത്തുന്നത്. അടുത്ത ദിവസം ആരംഭിക്കുന്ന കേരള കത്തോലിക്ക മെത്രാൻ സമതിയുടെ സമ്മേളനത്തിൽ ലത്തീൻ സഭാ മെത്രാൻമ്മാർ ഇതിനെതിരെ കടുത്ത നിലപാട് സ്വീകരിക്കും.
80:20 അനുപാതം ചോദ്യം ചെയ്ത് ഹർജിനൽകിയതും ,ഈ വിഷയം ഉയർത്തി കൊണ്ടുവന്നതും കത്തോലിക്ക സഭയിലെ സീറോ-മലബാർ സഭാ അംഗങ്ങളായിരുന്നു. ഒപ്പം കെ സി ബിസി പ്രസിഡൻറും ,വക്ക്താവും സീറോ-മലബാർ സഭാ വിഭാഗത്തിൽ നിന്നാണ് എന്നതും ഇത്തരം വിഷയങ്ങളിൽ ഒരു വിഭാഗത്തിൻ്റെ നിലപാടുകൾ മാത്രമാണ് ഉയർത്തി പിടിക്കുന്നതെന്ന പരാതി പലപ്പോഴും ഉയർന്നു വരുന്നുണ്ട്.
മുൻപ് മുന്നാക്ക സംവരണ വിഷയത്തിലും സീറോ-മലബാർ സഭയും , ലത്തീൻ സഭയും ഏറ്റുമുട്ടിയിരുന്നു. മുന്നാക്ക സംവരണ വിഷയത്തിലും ഇരു സഭകളും സ്വീകരിച്ച ഭിന്ന നിലപാട് കെസിബിസിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു.