കെപിസിസി അധ്യക്ഷ പദവി; തന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
conകെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ചുള്ള കേന്ദ്രനേതൃത്വത്തിന്റെ തീരുമാനങ്ങള്‍ എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഉമ്മന്‍ചാണ്ടി. കെപിസിസി അദ്ധ്യക്ഷ പദവിയെ ചൊല്ലി തര്‍ക്കങ്ങള്‍ ഇല്ല. വിഷയത്തില്‍ തന്നോട് ഇതുവരെ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും അശോക് ചവാന് കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും തീരുമാനങ്ങളെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഹൈക്കമാന്‍ഡ് എന്ത് തീരുമാനം എടുക്കുമെന്ന് അറിയില്ല. എന്ത് തീരുമാനം എടുത്താലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും ബാധകമാണ്. അത് അംഗീകരിക്കേണ്ടി തന്നെ വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്തുണ ലഭിച്ചില്ലെന്ന് സുധീരന് പറഞ്ഞത് എത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല തനിക്കെതിരെ കത്തയക്കുമെന്ന് തോന്നുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, കെപിസിസി അധ്യക്ഷ പദവി ആവശ്യപ്പെട്ട് താന്‍ ആരേയും സമീപിച്ചിട്ടില്ലെന്ന് കെ സുധാകരന് എംപി പറഞ്ഞു. തന്റെ പേര് പരിഗണിക്കുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ കണ്ട് അണികള്‍ വിളിച്ചിട്ടുമെല്ലാം അറിയുന്നുണ്ട്. എന്നാല്‍ എഐസിസിയില്‍ നിന്നും ഇതുവരേയും ഒരു ഔദ്യോഗിക വിവരം ലഭിച്ചിട്ടില്ലെന്നും സുധാകരന് പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ആദ്യം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് കെ സുധാകരന്റേത്.
‘എന്നെ പരിഗണിക്കുന്നു എന്ന് പോലും എഐസിസി നേതൃത്വത്തില്‍ നിന്നും ഒരു ഔദ്യോഗിക വിവരം എനിക്ക് ലഭിച്ചിട്ടില്ല. പ്രസിഡണ്ട് സ്ഥാനം ഉന്നയിച്ച് ഞാന്‍ ആരേയും കണ്ടിട്ടുമില്ല. പരിഗണിക്കുന്നുവെന്ന് കേള്‍ക്കുന്നു. ഒരുപാട് അണികള്‍ എന്നെ വിളിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ കാണുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമാന്റ് എന്നെ പരിഗണിക്കുന്നു എന്ന് അറിയുന്നത്. എന്നാല്‍ അതിലൊന്നും അന്തിമ തീരുമാനം ആയിട്ടില്ല. ഒന്നാം തിയ്യതി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.’ സുധാകരന് പറഞ്ഞു.
‘ഞാന്‍ ഒരു നേതാക്കള്‍ക്കും അയിത്തം കല്‍പ്പിച്ച് വ്യത്യസ്തനായി പെരുമാറിയിട്ടില്ല. എല്ലാവരും ഒരു പോലെയാണ്. എനിക്ക് ഒരു നേതാവിനോടും ശത്രുതയില്ല. എന്റെ വരവിനെ അവര്‍ എന്തിന് എതിര്‍ക്കുന്നുവെന്ന് എനിക്ക് അറിയില്ല. തടസം നില്‍ക്കുന്നത് നേതാക്കളാണെങ്കില്‍ അവരോട് മറുപടി പറയേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. മുല്ലപ്പള്ളിയുടെ രക്തത്തിന് വേണ്ടി ദാഹിച്ചിട്ടില്ല. അതിന് വേണ്ട ഒരുവാക്ക് പോലും എന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അദ്ദേഹം എന്താണ് ധരിച്ചുവെച്ചതെന്ന് അറിയില്ല. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഒരു കാര്യത്തില്‍ തീര്‍പ്പ് കല്പ്പിക്കുകയോ ആരെയും സമീപിച്ചിട്ടോ ഇല്ല. മെറിറ്റാണ് അതിന്റെ അടിസ്ഥാനം.’ കെ സുധാകരന് പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ് എന്നിവരുടേതാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയരുന്ന മറ്റ് പേരുകള്‍. ദളിത് പ്രാതിനിധ്യം കണക്കിലെടുത്താണ് കൊടിക്കുന്നിലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. എന്നാല്‍ 70 വയസിന് മുകളിലുള്ളവര്‍ക്ക് അധ്യക്ഷ പദവി നല്‍കരുതെന്ന ആവശ്യവും ഉയരുന്നുണ്ട്.