‘വിമര്‍ശനങ്ങളില്‍ അന്തസും മാന്യതയും വേണം’; ജനം ടിവി ലേഖനത്തില്‍ സുരേഷ് ഗോപി
നടന് പൃഥ്വിരാജിനെതിരെയും കുടുംബത്തെയും ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ച് ജനം ടിവിയെ വിമര്‍ശിച്ച് സുരേഷ് ഗോപി. വിമര്‍ശനങ്ങളില്‍ അന്തസും മാന്യതയും വേണമെന്ന് സുരേഷ് ഗോപി ജനംടിവി ലേഖനത്തെ തള്ളിക്കൊണ്ട് പറഞ്ഞു. വിമര്‍ശിക്കുമ്പോള്‍ സമഗ്രത, അന്തസ്സ്, മാന്യത എന്നിവ നിലനിര്‍ത്തണമെന്നും വികാരങ്ങള്‍ ശുദ്ധവും ആത്മാര്‍ത്ഥവുമാകണമെന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞത്:
”ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശന്, മുത്തശ്ശി, അവരുടെ മുന്‍ഗാമികള്‍, അവരുടെ പിന്‍ഗാമികളായി അച്ഛന്, അമ്മ, സഹോദരങ്ങള്‍ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതില്‍ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം. പക്ഷെ അതിനെ പ്രതിരോധിക്കുമ്പോള്‍ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയില്‍ ഒരു ദൗര്‍ലഭ്യം എന്ന് പറയാന്‍ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കില്‍ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. ”
”വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛന്, അമ്മ, സഹോദരങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്. ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിര്‍ത്തിക്കൊണ്ട് തന്നെയാകണം വിമര്‍ശനങ്ങള്‍. വിമര്‍ശനങ്ങളുടെ ആഴം നിങ്ങള്‍ എത്ര വേണമെങ്കിലും വര്‍ധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാര്‍ഢ്യമല്ല. ഇത് തീര്‍ച്ചയായിട്ടും ഇന്ത്യന്‍ ജനതയ്ക്കുള്ള ഐക്യദാര്‍ഢ്യമാണ്. അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനുള്ള ഐക്യദാര്‍ഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകള്‍ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോള്‍ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനെന്ന നിലയില്‍ ഞാന്‍ അപേക്ഷിക്കുന്നു! Let digntiy and integrtiy be your Sword when you criticize. Keep protected Integrtiy, Digntiy, Decency and let Emotions be PURE and SINCERE.”
വിഷയത്തില്‍ പ്രതികരണവുമായി ജനം ടിവി ചെയര്മാന് കൂടിയായ സംവിധായകന് പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു. സഭ്യത എന്നത് ഒരു സംസ്കാരമാണെന്നും താന്‍ ആ സംസ്കാരത്തിനൊപ്പമാണെന്നും പ്രിയദര്ശന് പറഞ്ഞു. ഏതൊരാളെയും പോലെ പൃഥ്വിരാജിനും തന്റെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടെന്നും പ്രിയദര്ശന് പറഞ്ഞു. അതിനോട് പ്രതികരിക്കുക എന്നാല്‍ അസഭ്യമായ കാര്യം പറയുക എന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്റെ വാക്കുകള്‍: സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാന്‍ ആ സംസ്കാരത്തോട് ഒപ്പമാണ്. പ്രിത്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര് വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.
ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ‘ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന് എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്ക്കും അറിയാം.’
‘പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന് എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.’