പുത്തന്‍ ആരോഗ്യ നയം ഉണ്ടാവാതിരുന്നത് ദൗര്‍ഭാഗ്യകരം; വിദ്യഭ്യാസം, ദുരന്തനിവാരണം എന്നിവയില്‍ ഊന്നി പ്രതിപക്ഷം; നയപ്രഖ്യാപനത്തിനെതിരെ വിമര്‍ശനം
രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരോഗ്യം, വിദ്യഭ്യാസം, ദുരന്തനിവാരം എന്നീ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ അതുണ്ടായില്ലെന്നും വിഡി സതീശന് പറഞ്ഞു. ഒരു വര്‍ഷം ഒരേ പോലുള്ള മൂന്ന് പ്രസംഗങ്ങള്‍ കേട്ട പ്രതീതിയാണെന്നും ഉന്നയിക്കുന്നത് വിമര്‍ശനങ്ങളല്ല, മറിച്ച് ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണെന്നും വിഡി സതീശന് കൂട്ടിചേര്‍ത്തു. കൊവിഡ്-19 പ്രതിരോധത്തില്‍ ഇതിനകം സര്‍ക്കാരിന് ഉപാധികളില്ലാത്ത പിന്തുണയാണ് പ്രതിപക്ഷം നല്‍കിയിട്ടുള്ളതെന്നും പ്രതിപക്ഷം ആവര്‍ത്തിച്ചു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍-
മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. കൊവിഡ് മൂലം മരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കുള്ള സ്കീം പ്രഖ്യാപിച്ചു. മരണനിരക്ക് മനപൂര്‍വ്വം കുറക്കാന്‍ ശ്രമിച്ചാല്‍ ആനുകൂല്യങ്ങള്‍ ധാരാളം കുട്ടികള്‍ക്ക് നഷ്ടപ്പെടും. പല ജില്ലകളില്‍ നിന്നും മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. സര്‍ക്കാര്‍ അത് ഗൗരവമായി പരിശോധിക്കണം. കൊവിഡ് പോസിറ്റീവ് ആയ വ്യക്തി ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ കൊവിഡ്-19 ലിസ്റ്റില്‍ ഉള്‍പ്പെടുത്താതെ വരുമ്പോള്‍ ആനുകൂല്യം നഷ്ടപ്പെടും. പോസ്റ്റ് കൊവിഡില്‍ മരിക്കുന്നവരേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നില്ല. ഇത്തരത്തിലുള്ള പരാതികള്‍ ധാരാളമായി ഉയര്‍ന്നുവരുന്നുണ്ട്.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിച്ചുവെന്നാണ് ഒരു അവകാശവാദം. അതിന് കാരണമായി പറയുന്നത് 20000 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കിയെന്നാണ്. അതില്‍ 15000 കോടി, കൊടുക്കേണ്ട ക്ഷേമ പെന്‍ഷനും തുകയുമാണ്. ഞങ്ങള്‍ ക്ഷേമ പെന്ഷന് കൃത്യമായി കൊടുത്തുവെന്ന് പറയുകയും മറുവശത്ത് വൈകിയുള്ള പെന്ഷന് കൊടുത്ത് അത് അപ്ഡേറ്റ് ചെയ്തുവെന്നുമാണ്്. അത് എങ്ങനെയാണ് ചേരുന്നത് എന്ന് മനസിലാവുന്നില്ല. അതില്‍ വൈരുദ്ധ്യമുണ്ട്.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ ആരോഗ്യ നയം പ്രതീക്ഷിച്ചിരുന്നു. രണ്ടാം തരംഗം വന്നപ്പോള്‍ നമുക്കതിനെ പ്രതിരോധിക്കാന്‍ തയ്യാറെടുപ്പുണ്ടായില്ല. അപ്പോള്‍ മൂന്നാമത്തെ തരംഗം വരുമ്പോള്‍ എന്ത് തയ്യാറെടുക്കണം എന്നത് സംബന്ധിച്ച് പുതിയ ആരോഗ്യനയം ഉണ്ടാവാതെ പോയത് ദൗര്‍ഭാഗ്യമാണ്.
അടുത്തത് വിദ്യാഭ്യാസ മേഖലയിലാണ്. ഓണ്‍ലൈന്‍ വിദ്യഭ്യാസം ആദ്യം രസകരമായിരുന്നുവെങ്കിലും രണ്ടാം തവണയും ഓണ്‍ലൈന്‍ എന്ന് പറയുന്നത് രസകരമല്ല. കേരളത്തിലെ മാതാപിതാക്കള്‍ അസ്വസ്ഥരമാണ്. ആള്‍ട്ടര്‍നേറ്റീവ് പ്ലാന്‍ പ്രതീക്ഷിച്ചിരുന്നു. അത് ഉണ്ടായില്ല.
ദുരന്തനിവാരണ പ്ലാന്‍ ഉണ്ടായില്ല. തീരദേശം രൂക്ഷമായ കടലാക്രമഭീഷണിയിയിലാണ്. ഇതിനൊപ്പം ഒരു പ്രളയമോ മണ്ണ് ഇടിച്ചിലോ, മഴയോ എന്തെങ്കിലും ഉണ്ടായാല്‍ രണ്ടിനേയും ഔരുമിച്ച് എങ്ങനെ നേരിടും എന്നതിലും പുതിയ പദ്ധതി പ്രതീക്ഷിച്ചിരുന്നു. അത് മാത്രമായി വിമര്‍ശനം ചുരുക്കുകയാണ്.