ഒമാനില്‍ തൊഴില്‍ വിസാ നിരക്കില്‍ 50% വര്‍ധന
മസ്കറ്റ്: ഒമാനില്‍ തൊഴില്‍ വിസാ നിരക്കില്‍ 50 ശതമാനം വര്‍ധന. വര്‍ധിപ്പിച്ച നിരക്ക് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവശേഷി മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. നിരക്ക് വര്‍ധന നിയമമാകുന്നതോടെ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നും. നിലവില്‍ വിദേശികള്‍ പുതിയ വിസയില്‍ എത്തുമ്പോഴും വിസ പുതുക്കുമ്പോഴും 201 റിയാലാണ് തൊഴിലുടമയില്‍ നിന്ന് ഈടാക്കുന്നത്. ഇനി മുതല്‍ നൂറ് റിയാല്‍ അധികം നല്‍കണം. ഔദ്യോഗിക കണക്ക് പ്രകാരം 1,824,282 വിദേശികളാണ് ഒമാനില്‍ തൊഴിലെടുക്കുന്നത്.
ഒട്ടക പരിപാലനം, കൃഷി, വീട്ടു ജോലി എന്നീ മേഖലകളിലുള്ളവര്‍ക്കും വീസാ നിരക്ക് വര്‍ധന ബാധകമാകും. വീട്ടു ജോലിക്കാര്‍ക്ക് വീസ എടുക്കുമ്പോഴും വീസ പുതുക്കുമ്പോഴും 141 റിയലാണ് തൊഴിലുടമ നല്‍കേണ്ടത്. എന്നാല്‍ മൂന്നില്‍ കൂടുതല്‍ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്പോണ്‍സര്‍മാര്‍ നാലാമത്തെയാള്ക്ക് മുതല്‍ 241 റിയാല്‍ നല്‍കണം. രണ്ടു വര്‍ഷത്തെ വീസാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷവും നാലു പേരെയും നിലനിര്‍ത്തുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും 241 റിയാല്‍ വീതം വിസ പുതുക്കുമ്പോള്‍ തൊഴിലുടമയില്‍ നിന്ന് ഈടാക്കും.
ഒരേ തൊഴിലുടമക്ക് കീഴില്‍ മൂന്ന് കര്‍ഷകരെയോ ഒട്ടക പരിപാലകരെയോ ജോലിക്ക് നിയമിക്കണമെങ്കില്‍ വീസക്ക് 201 റിയാല്‍ നല്‍കണം. എന്നാല്‍, നാലാമത്തെ തൊഴിലാളിക്ക് 301 റിയാല്‍ ഈടാക്കും. എണ്ണ വിലയിടിവ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് വീസ നിരക്കു വര്‍ധനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കുകയും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് അടക്കം പിഴ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാന വര്‍ധനക്ക് ഇതു ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
വരുമാന നികുതി വര്‍ധിപ്പിക്കുക, സര്‍ക്കാറിന്റെ ചെലവുകള്‍ ചുരുക്കുക, സര്‍ക്കാര്‍ സര്‍വീസുകള്‍ക്ക് ചെലവു വര്‍ധിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ നടപടികള്‍ അടങ്ങിയ ബജറ്റാണ് ഈ വര്‍ഷം സര്‍ക്കാര്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വീസാ നിരക്ക് വര്‍ധനയും ചെലവ് ചുരുക്കലും ആരംഭിക്കുകയും ചെയ്തു. എന്നാല്‍, എണ്ണ മേഖലയില്‍ നിന്നുള്ള വരുമാനം വീണ്ടും കുറഞ്ഞ സാഹചര്യത്തില്‍ വരുമാന വര്‍ധനയ്ക്കുള്ള സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നാണ് റിപ്പോര്‍ട്ട്.