കൊവിഡ് സെന്ററിലെ അപാകത ചൂണ്ടിക്കാട്ടി; നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ ‘പൊസീറ്റീവാക്കി’; പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പ്രതികാരനടപടിയെന്ന് പരാതി
മലപ്പുറം: കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ അപാകത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതിന്റെ പേരില്‍ തനിക്കെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പ്രതികാരനടപടിയുണ്ടായെന്ന് യുവാവിന്റെ പരാതി.
കൊവിഡ് കേന്ദ്രത്തിലെ ഭക്ഷണ വിതരണത്തിലെ അപാകത ഫേസ്ബുക്കില്‍ എഴുതിയതിന്റെ പേരില്‍ കൊവിഡ് പരിശോധനയില്‍ നെഗറ്റീവായിട്ടും പോസ്റ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന് യുവാവ് ആരോപിക്കുന്നു. തിരുത്തിന് പിന്നില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷാണെന്നാണ് യുവാവിന്റെ ആരോപണം.
കരുളായി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലുള്‍പ്പെട്ട കുളവട്ടം സ്വദേശി മഹ്റൂഫാണ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഈ മാസം ഒമ്പതിന് കൊവിഡ് പോസ്റ്റീവായതിനെ തുടര്‍ന്ന് കരുളായി ഗ്രാമപഞ്ചായത്തിന്റെ ഡിസിസിയില്‍ ചികിത്സയിലായിരുന്ന സമയത്ത് ഭക്ഷണ വിതരണത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മഹറൂഫ് അധികൃതരോട് പരാതിപ്പെട്ടിരുന്നു.
തുടര്‍ന്ന് വിഷയം സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെച്ച യുവാവിനെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് ചോദ്യം ചെയ്യുകയും കൊവിഡ് ചികിത്സാ കാലാവധി കഴിഞ്ഞ് വീണ്ടും പരിശോധനക്കെത്തിയപ്പോള്‍ പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
കൊവിഡ് പരിശോധന കഴിഞ്ഞ ശേഷം നെഗറ്റീവാണെന്ന് ഡോക്ടര്‍ അറിയിച്ചെങ്കിലും കൊവിഡ് സര്‍ട്ടിഫിക്കറ്റ് പോസീറ്റാവായാണ് ലഭിച്ചത്. തുടര്‍ന്ന് പരിശോധന നടത്തുന്ന ജീവനക്കാരെ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും എന്നാല്‍ മുന്‍പരിചയമുള്ള ചില ജീവനക്കാര്‍ നെഗറ്റീവാണെന്ന് അറിയിച്ചെന്നും യുവാവ് പറയുന്നു.
പരിശോധന ഫലത്തിലെ വൈരുദ്ധ്യത്തെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാവശ്യപ്പോള് വീണ്ടും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. അരമണിക്കൂറിനുള്ളിലായിരുന്നു മൂന്നുതവണ ഫലം മാറിയത്.
ഡിസിസിയിലെ ഭക്ഷണ വിതരണം സംബന്ധിച്ച പോരായ്മ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയതെന്നും രണ്ട് സര്‍ട്ടിഫിക്കറ്റുകളും ഭീഷണിപ്പെടുത്തിയടക്കമുള്ളവയുടെ ഫോണ്‍ റെക്കോര്‍ഡുകളും തന്റെ കൈവശമുണ്ടെന്നും മഹ്റൂഫ് പറഞ്ഞു.