സമൂഹ മാധ്യമങ്ങളിലിട്ട് അലക്കേണ്ട ആളല്ല മുല്ലപ്പള്ളി രാമചന്ദ്രന്’; ചെന്നിത്തല പറഞ്ഞത് ശരിയെന്ന് വിഡി സതീശന്
മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് രമേശ് ചെന്നിത്തല ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുല്ലപ്പള്ളി രാമചന്ദ്രന് കേരളത്തിലെ സമുന്നതനായ കോണ്‍ഗ്രസ് നേതാവാണെന്നും സമൂഹിക മാധ്യമങ്ങളിലിട്ട് അലക്കേണ്ട ആളല്ലെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
‘ രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പ്രിയങ്കരനായ കെപിസിസി പ്രസിഡന്റിനെക്കുറിച്ച് പറഞ്ഞ എല്ലാ വാചകങ്ങളോടും ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട് അലക്കേണ്ട ഒരാളല്ല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേന്ദ്ര മന്ത്രിയായി, നിരവധി പ്രാവശ്യം എംപിയായി, യൂത്ത് കോണ്‍ഗ്രസിന്റെ പ്രസിഡന്റായി കെപിസിസിയുടെ ഭാരവാഹിയായി. കേരളത്തിലെ സമുന്നതായ കോണ്‍ഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രന്. ഞങ്ങള്‍ക്കെല്ലാം അഭിമാനമുള്ള സത്യസന്ധനായ നേതാവാണ് . ഒരു അഴിമതിയുടെ കറ പുരളാത്ത, ഒരു ആരോപണവും ഇന്നേവരെ കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത താന്‍ ഉടുത്തിരിക്കുന്ന ശുഭ്ര വസ്ത്രത്തില്‍ ഒരു കറത്തു പാടു പോലുമില്ലാതെ പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്,’ വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
മുല്ലപ്പള്ളിയുടെ രാജിസന്നദ്ധത സ്ഥിരീകരിച്ചു കൊണ്ട് ഇട്ട ഫേസ്ബുക്ക് കുറിപ്പിലായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍. സമീപകാലത്ത് വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവാണ് മുല്ലപ്പള്ളിയെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്ന വിശ്വാസങ്ങളെല്ലാം അസ്ഥാനത്താണെന്നും രമേശ് ചെന്നിത്തല പറയുന്നു. വ്യക്തി, നേതാവ് എന്നീ നിലകളില്‍ മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിന് സാധിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇരുപതില്‍ 19 സീറ്റും നേടി വിജയിച്ചപ്പോള്‍ മുല്ലപ്പള്ളിയെയോ ഉമ്മന്‍ചാണ്ടിയേയോ എന്നെയോ ആരും അഭിനന്ദിച്ചില്ലെന്നും സമാനമായി നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിക്ക് മാത്രമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ തോല്‍വിയുടെ ഉത്തരവാദിത്വം മുല്ലപ്പള്ളിയെക്കാള്‍ കൂടുതല്‍ എനിക്കും ഉമ്മന്‍ചാണ്ടിക്കും മറ്റുനേതാക്കള്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം സ്വയം വിമര്‍ശനത്മകമായി പറഞ്ഞു.
ഒപ്പം തങ്ങള്‍ക്ക് നേരെയുണ്ടായ സിപിഐഎം സൈബര്‍ ആക്രമങ്ങളേയും രമേശ് ചെന്നിത്തല പ്രതികരിച്ചു. തനിക്കും മുല്ലപ്പള്ളിക്കും സി.പി.എമ്മിന്റെ സൈബര്‍ വെട്ടുകിളിക്കൂട്ടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കാനും അവഹേളിക്കാനും സി.പി.എമ്മിന്റെ സൈബര്‍ സംവിധാനം എല്ലാ ഘട്ടത്തിലും പ്രവര്‍ത്തിച്ചു. അപ്പോഴും വേണ്ട വിധത്തിലുള്ള പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസിനായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.