നിയമങ്ങൾ അനുസരിക്കുമെന്ന് ഗൂഗിൾ, സർക്കാരുകളുമായി സഹകരിക്കും
ന്യൂഡൽഹി: അതതു സ്ഥലങ്ങളിലെ നിയമങ്ങൾ അനുസരിക്കുമെന്നും സർക്കാരുകളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പുതിയ സോഷ്യൽ മീഡിയ നിയമങ്ങളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിവേഗം വളരുന്ന സാങ്കേതിക വിദ്യാ ലോകത്ത് സൃഷ്ടിക്കപ്പെടുന്ന നിയന്ത്രണ ചട്ടക്കൂടുകൾ പരിശോധിച്ച് അവ ഉൾക്കൊള്ളുമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഗൂഗിളിന്റെ ലോക്കൽ സംഘങ്ങൾ ഇവയൊക്കെ പരിശോധിക്കുന്നുണ്ട്. അതതു രാജ്യങ്ങളിലെ നിയമങ്ങളെ ഞങ്ങൾ ബഹുമാനിക്കുന്നു. ക്രിയാത്മകമായാണ് ഞങ്ങൾ പ്രവർത്തിക്കുക. ഞങ്ങൾക്ക് വളരെ സുതാര്യമായ റിപ്പോർട്ടുകളുണ്ട്. സർക്കാരുകളുടെ അഭ്യർഥനകൾ പരിഗണിക്കുമ്പോൾ ഇത്തരം റിപ്പോർട്ടുകളും ഞങ്ങൾ ഉയർത്തിക്കാണിക്കും- ഏഷ്യ പസഫിക്കിലെ തെരഞ്ഞെടുക്കപ്പെട്ട റിപ്പോർട്ടർമാരുടെ വിർച്വൽ കോൺഫറൻസിൽ പിച്ചൈ പറഞ്ഞു.
സ്വതന്ത്രവും തുറന്നതുമായ ഇന്റർനെറ്റാണ് അടിത്തറയാവേണ്ടത്. ഇന്ത്യയ്ക്ക് ഇക്കാര്യത്തിൽ സുദീർഘമായ പാരമ്പര്യമുണ്ട്. ഒരു കമ്പനി എന്ന നിലയിൽ സ്വതന്ത്രമായ ഇന്റർനെറ്റിന്റെ മൂല്യത്തെക്കുറിച്ച് ഞങ്ങൾക്കു വ്യക്തമായ ബോധ്യമുണ്ട്. അതുണ്ടാക്കുന്ന നേട്ടത്തെക്കുറിച്ചും ബോധ്യമുണ്ട്. അതാണു ഞങ്ങൾ പ്രോത്സാഹിപ്പിക്കുക. എന്നാൽ, ലോകത്തെമ്പാടുമുള്ള റഗുലേറ്റർമാരുമായി ക്രിയാത്മകമായി സഹകരിക്കും. റഗുലേറ്റർമാരുടെ നടപടികളിൽ പങ്കാളികളാകും. അത് ഒരു പഠനപ്രക്രിയയുടെ ഭാഗം കൂടിയാണ്- പിച്ചൈ പറഞ്ഞു. നിയമ നടപടികളെ കമ്പനി ബഹുമാനിക്കുന്നതായും അദ്ദേഹം.
സമൂഹത്തെ ആഴത്തിലും വിശാലമായും സ്പർശിക്കുന്നതാണു സാങ്കേതിക വിദ്യ. അതിന്റെ പരിധി അതിവേഗം വ്യാപിക്കുകയുമാണ്. അതു കണക്കിലെടുത്തു വേണം റഗുലേറ്ററി ചട്ടക്കൂടുകൾ സ്വീകരിക്കാൻ. യൂറോപ്പിലെ പകർപ്പവകാശ നിർദേശമായാലും ഇന്ത്യയിലെ ഇൻഫർമേഷൻ റഗുലേഷനായാലും അതിനെ സമൂഹങ്ങളുടെ സ്വാഭാവിക ഭാഗമായി കാണുന്നു. ഈ സാങ്കേതിക വിദ്യാധിഷ്ഠിത ലോകത്ത് എങ്ങനെ ഭരിക്കണം, ഉൾക്കൊള്ളണം എന്നു തീരുമാനിക്കുന്നതിന്റെ ഭാഗം. ഈ പ്രക്രിയയിൽ ഗൂഗിളും പങ്കാളികളാവും- പിച്ചൈ വിശദീകരിച്ചു.
സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകള്‍ക്കായി കേന്ദ്ര സർക്കാർ ഏര്‍പ്പെടുത്തിയ പുതിയ മാര്‍ഗനിര്‍ദേശങ്ങൾ ബുധനാഴ്ച പ്രാബല്യത്തിലായ പശ്ചാത്തലത്തിലാണ് പിച്ചൈയുടെ നിലപാടു പ്രഖ്യാപനം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഗൂഗിൾ തുടങ്ങിയവ അവരുടെ പ്ലാറ്റ്ഫോമിൽ വരുന്ന കണ്ടന്റുകൾക്ക് കൂടുതൽ ഉത്തരവാദികളാവുന്ന തരത്തിലാണു പുതിയ ഐടി നിയമങ്ങൾ. ചീഫ് കംപ്ലയൻസ് ഓഫിസർ, നോഡൽ കോൺടാക്റ്റ് പെഴ്സൺ, റസിഡന്റ് ഗ്രീവൻസ് ഓഫിസർ തുടങ്ങിയവരെ പുതിയ നിയമപ്രകാരം ഈ പ്ലാറ്റ്ഫോമുകൾ നിയോഗിക്കണം. അധികൃതർ ഫ്ലാഗ് ചെയ്യുന്ന കണ്ടന്റുകൾ 36 മണിക്കൂറിനകം നീക്കം ചെയ്യാനും പുതിയ നിയമപ്രകാരം പ്ലാറ്റ്ഫോമുകൾ നിർബന്ധിതരാവും. മോർഫ് ചെയ്ത ചിത്രങ്ങൾ, നഗ്നത കാണിക്കുന്നവ തുടങ്ങിയവ പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം നീക്കം ചെയ്യണം. രാജ്യത്തു താമസിക്കുന്ന ഓഫിസറുടെ കീഴിൽ പ്ലാറ്റ്ഫോമുകൾ കൃത്യമായ പരാതി പരിഹാര സംവിധാനമുണ്ടാക്കണമെന്നതാണ് പുതിയ മാർഗനിർദേശങ്ങളുടെ കാതൽ.
ഇതിനെ ചോദ്യം ചെയ്ത് വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വകാര്യത സംരക്ഷിക്കുന്നതിന് എതിരാണു പുതിയ നിയമങ്ങളെന്നാണ് അവർ ആരോപിക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാർ ശക്തമായി പുതിയ നിയമങ്ങളെ ന്യായീകരിക്കുന്നു. സർക്കാർ നിർദേശിക്കുന്ന നിയമനങ്ങൾ നടത്തിയോ എന്നു വ്യക്തമാക്കാനാവശ്യപ്പെട്ട് കമ്പനികൾക്കു നോട്ടീസ് അയച്ച ഐടി മന്ത്രാലയം ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശവും നൽകിയിരിക്കുകയാണ്.