സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്റ്റർ
ന്യൂഡൽഹി: സിഐഎസ്എഫ് തലവൻ സുബോധ് കുമാർ ജയ്സ്വാളിനെ സിബിഐയുടെ പുതിയ തലവനായി നിയമിച്ചു. രണ്ടുവർഷത്തേക്കാണു നിയമനം. പെഴ്സണൽ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവിറക്കി. മഹാരാഷ്ട്ര കേഡറിൽ നിന്നുള്ള 1985 ബാച്ച് ഐപിഎസ് ഓഫിസറാണ് ജയ്സ്വാൾ. നേരത്തേ മഹാരാഷ്ട്രയിൽ ഡിജിപിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഫെബ്രുവരി 13ന് ഋഷികുമാർ ശുക്ലയുടെ രണ്ടു വർഷ കാലാവധി കഴിഞ്ഞ ശേഷം സിബിഐയ്ക്ക് സ്ഥിരം തലവനില്ലായിരുന്നു. അഡീഷനൽ ഡയറക്റ്ററായിരുന്ന ഗുജറാത്ത് കേഡറിൽ നിന്നുള്ള 1988 ബാച്ച് ഐപിഎസ് ഓഫിസർ പ്രവീൺ സിൻഹ ആക്റ്റിങ് ചീഫായി പ്രവർത്തിച്ചുവരികയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണയും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയും അടങ്ങിയ മൂന്നംഗ പാനലാണ് ഇന്നലെ പുതിയ സിബിഐ ചീഫിനെ തെരഞ്ഞെടുത്തത്.
സിബിഐ തലവന്റെ തെരഞ്ഞെടുപ്പിൽ സർക്കാർ വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്ന് അധീർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി. മേയ് 11ന് തനിക്ക് 109 പേരുടെ ലിസ്റ്റ് തന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് 10 പേരുടെ ഷോർട്ട് ലിസ്റ്റ് നൽകിയത്. നാലു മണിയോടെ ലിസ്റ്റിലുള്ളവർ ആറായി ചുരുങ്ങി- ചൗധരി പറഞ്ഞു. സിബിഐയ്ക്ക് റഗുലർ ചീഫിനെ നിയോഗിക്കുന്നതു വൈകുന്നതിൽ നേരത്തേ സുപ്രീം കോടതി ഒരു കേസിൽ കേന്ദ്ര സർക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇതിനിടെ, കേന്ദ്ര സർക്കാരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന രാകേഷ് അസ്താനയും വൈ.സി. മോദിയും ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ കർക്കശ നിലപാടിനെത്തുടർന്ന് സിബിഐ ഡയറക്റ്ററെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ ചീഫ് ജസ്റ്റിസ് രമണ 2006ലെ സുപ്രധാനമായ പ്രകാശ് സിങ് കേസ് വിധി ഉയർത്തിക്കാട്ടിയതാണ് ഇരുവർക്കും തിരിച്ചടിയായത്. ആദ്യ പട്ടികയിലുണ്ടായിരുന്ന കേരള ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും അവസാനം തയാറാക്കിയ മൂന്നു പേരുടെ പട്ടികയിൽ ഇടം ലഭിച്ചില്ല.
ആറു മാസത്തിനുള്ളിൽ സർവീസിൽ നിന്നു വിരമിക്കുന്നവരെ ഡയറക്റ്റർ പദവിയിലേക്കു പരിഗണിക്കരുതെന്നാണ് പ്രകാശ് സിങ് കേസിലെ ഉത്തരവ്. വിധി പ്രഖ്യാപിച്ചു പതിനഞ്ചു വർഷത്തിനിടെ സിബിഐ ഡയറക്റ്റർ നിയമനത്തിൽ ഇക്കാര്യം ഉന്നയിക്കപ്പെടുന്നത് ഇതാദ്യം. ബിഎസ്എഫ് മേധാവി രാകേഷ് അസ്താനയെയും എന്‍ഐഎ മേധാവി വൈ.സി. മോദിയെയും ഒഴിവാക്കാനുള്ള ചീഫ് ജസ്റ്റിസിന്റെ നിർദേശത്തോട് അധീർ രഞ്ജൻ ചൗധരിയും യോജിച്ചു.
ചീഫ് ജസ്റ്റിസിന്റെ ഇടപെടലിനെത്തുടർന്ന് സുബോധ് കുമാര്‍ ജയ്സ്വാൾ, എസ്എസ്ബി ഡയറക്റ്റര്‍ ജനറല്‍ കെ.ആര്. ചന്ദ്ര, ആഭ്യന്തര സുരക്ഷാ സ്പെഷല്‍ സെക്രട്ടറി വി.എസ്.കെ. കൗമുദി എന്നിവരെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയാറാക്കി. ഇവരിൽ സുബോധ് കുമാറിന് അനുകൂലമായി അന്തിമ തീരുമാനം.