അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനത്ത് നിന്നും പ്രഫുല്‍പട്ടേലിനെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ലക്ഷദ്വീപ് ജനറല്‍ സെക്രട്ടറി മുഹമ്മജ് കാസിം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രഫുല്‍ പട്ടേലിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്ന് അറിയിച്ചുകൊണ്ടാണ് കത്തയച്ചത്. ദ്വീപിലെ വിവിധ വകുപ്പിലായി നടപ്പിലാക്കിയ എല്ലാ ക്ഷേമ പ്രവര്‍ത്തനങ്ങളും പ്രഫുല്‍ പട്ടേല്‍ എടുത്ത് മാറ്റിയെന്നും ഇത് ദ്വീപ് വാസികളുടെ ജീവിതം ദുസ്സഹമാക്കിയെന്നും കാസിം കത്തിലൂടെ അറിയിച്ചു.
പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തിയ ശേഷം നടപ്പിലാക്കിയ ഓരോ കാര്യങ്ങളും ജനജീവിതത്തെ എത്തരത്തില്‍ ദുസ്സഹമാക്കിയെന്ന് കൃത്യമായി പ്രതിപാദിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. കന്നുകാലി പരിപാലനം, മത്സ്യകൃഷി ഉള്‍പ്പെടുന്ന കാര്‍ഷിക മേഖലയില്‍ യാതൊരു ചര്‍ച്ചകളും കൂടാതെ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രൊജക്ടുകള്‍ നിര്‍ത്തിവെച്ചത്, പത്ത് വര്‍ഷം വരെ യോഗ്യതയുള്ള താല്‍ക്കാലിക ജീവനക്കാരെ വിശദീകരണം കൂടാതെ പിരിച്ചുവിട്ടു, 10 ലധികം അധ്യപകരെ പിരിച്ചുവിട്ടു. 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു, ഇത് കൂടാതെ 15 ഓളം വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നു.
ഒപ്പം അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ശേഷം പ്രഫുല്‍ പട്ടേല്‍ ഒന്നോ രണ്ടോ തവണ മാത്രമെ ദ്വീപില്‍ എത്തിയിട്ടുള്ളൂവെന്നും കഴിഞ്ഞ 2 മാസമായി ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നും കത്തില്‍ പറയുന്നു. നിലവിലെ ദ്വീപിലെ സാഹചര്യം അധീന ദുലസ്സഹമാണെന്ന് പറഞ്ഞ അവസാനിപ്പിക്കുന്നതാണ് കത്ത്.
പ്രഫുല്‍ പട്ടേലിനെ ഉടന്‍ തിരിച്ചുവിളിക്കുമെന്നാണ് വിചാരിക്കുന്നതെന്നും അതിനുള്ള കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെന്നും കാസിം പിന്നീട് പ്രതികരിച്ചു.
മോദിജിയെ പോലെ വികസനത്തിന്റെ ആളാണ് പ്രഫുല്‍ പട്ടേല്‍ എന്നാണു വിചാരിച്ചത്. അങ്ങനെ തന്നെയാണ് ആദ്യ മീറ്റിങ്ങില്‍ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. ഇത് പക്ഷെ ഇപ്പൊ പ്രവര്‍ത്തനം അങ്ങനെയല്ല. കേന്ദ്രത്തില്‍ ബിജെപി ഭരിക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ പ്രഫുല്‍ പട്ടേലിനെതിരെ ഒന്നും പറയാന്‍ ഒക്കില്ല.ഇവിടെ ഒരു ദ്വീപ് ആയതു കൊണ്ട് കാര്യങ്ങളുടെ നിജസ്ഥിതി കേന്ദ്രത്തെ അറിയിക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് പറ്റുന്നില്ല. അതിനുള്ള ആള്ക്കാര് ഇല്ല. ഞങ്ങള്‍ക്ക് വേണ്ട അറ്റന്ഷന് കിട്ടുന്നില്ലെന്നും കാസിം പറഞ്ഞു.
‘ഇവിടെ വഖഫ് ബോര്‍ഡ് ഭരിക്കുന്നത് ബിജെപിയാണ്. ബിജെപിയുടെ ലക്ഷദ്വീപിലെ സ്ഥാപക നേതാവായ ഡോക്ടര്‍ മുത്തുക്കോയ ആണിപ്പോള്‍ വക്കഫ് ബോര്‍ഡ് ചെയര്മാന്.പ്രഫുല്‍ പട്ടേല്‍ SOP എടുത്തു മാറ്റിയത് കൊണ്ട് കൊറോണ കൂടി എന്നത് സത്യമാണ്. കേന്ദ്രം വളരെ പിന്തുണ ആയിരുന്നു. 1200 കോടിയുടെ ഫൈബര്‍ ഒപ്റ്റിക്സ് പ്രോജക്റ്റ് മോഡിജി ഇവിടേക്ക് പറഞ്ഞിരുന്നു. ജനങ്ങള്‍ ഒന്ന് ബിജെപി ആയി അടുത്ത് വരികയായിരുന്നു. അപ്പോഴാണ് പ്രഫുല്‍ പട്ടേലിന്റെ വരവ്.ഗോവധ നിരോധനമൊന്നും ഇവിടെ ശരിയായ നടപടിയല്ല. ഞങ്ങള്‍ ഇതേ കുറിച്ചൊക്കെ പഠിച്ചു കേന്ദ്രത്തെ അറിയിക്കും. അവര്‍ക്ക് മനസിലാവും എന്നാണു വിചാരിക്കുന്നത്.’ കാസിം കൂട്ടിചേര്‍ത്തു