‘രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമാകും’; മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി
രോഗവ്യാപനത്തെ കുറച്ചുകൊണ്ടുവരാന്‍ ലോക്ക്ഡൗണ്‍ സഹായകമായിരിക്കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്. പത്തു ദിവസങ്ങള്‍ക്കു മുന്‍പ് കൊവിഡ് രോഗികളില്‍ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും ഒമ്പത് ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയുന്ന സാഹചര്യം ഇനിയും വന്നിട്ടില്ലെന്നും അതിന് ഇനിയും രണ്ടു മൂന്നാഴ്ചകള്‍ കൂടി പിന്നിടേണ്ടി വരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടി വന്നേക്കാമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒമ്പത് ദിവസം പിന്നിട്ടു. സര്‍ക്കാര്‍ നടത്തുന്ന തീവ്ര ശ്രമങ്ങള്‍ക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്ന് തന്നെയാണ്. കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. കുടുംബത്തിലെ ഒരംഗം രോഗബാധിതനായാല്‍ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ തുടരുകയും ഇയാളില്‍ നിന്ന് മറ്റംഗങ്ങളിലേക്ക് രോഗം പകരുകയുമാണ് ചെയ്യുന്നത്. മതിയായ ക്വാറന്റൈന് സൗകര്യമില്ലാത്ത വീടുകളില്‍ നിന്ന് പോസിറ്റീവ് ആയവരെ സി എഫ് എല്‍. ടി.സി യില്‍ മാറ്റാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ ക്യാറന്റെയിനില്‍ കഴിയുന്നവരെ താമസിപ്പിക്കാന്‍ പ്രത്യേക വാസസ്ഥലം ഒരുക്കും’.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കരുതല്‍ വാസകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്കി. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കോവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. ഇതിന് പുറമെ 400 ബെഡുകളുള്ള സിഎഫ്എല്‍ടിസികളും ഒരുക്കുന്നുണ്ട്. പ്രാദേശികമായി സ്റ്റെബിലൈസേഷന്‍ സെന്ററുകള്‍ ഒരുക്കും. ഇവിടെ ഓക്സിജന്‍ പാര്‍ലറുകളും അടിയന്തരമായി നല്‍കേണ്ട ചികില്‍സകള്‍ക്കുള്ള സൗകര്യങ്ങളുമുണ്ടാവും. 15 മെഡിക്കല്‍ ബ്ലോക്കുകളിലും പ്രത്യേക കണ്ട്രോള് റൂം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ക്വാറന്റൈനിലുളളവര്‍ പുറത്തിറങ്ങിയാല്‍ കണ്ടെത്തി കേസെടുക്കുന്നതോടൊപ്പം അവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ആന്റിജന്‍ പരിശോധന നടത്തി പോസിറ്റീവായവരെ സിഎഫ്എല്‍ടിസികളിലേക്ക് മാറ്റും. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ 10,000 (പതിനായിരം) ലിറ്റര്‍ ശേഷിയുള്ള ഓക്സിജന്‍ സംഭരണി ഇന്ന് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന പഴയ ടാങ്കുകള്‍ പെരിന്തല്‍മണ്ണ, തിരൂര്‍ ആശുപത്രികളില്‍ സ്ഥാപിക്കും.
മലപ്പുറത്ത് പൊലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. ഇതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം വ്യാപകമായ പരിശോധന നടത്തിവരികയാണ്. തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ആളുകള്‍ വീടിന് പുറത്തിറങ്ങാവു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണമെന്നും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.
രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പര്‍ക്കമുള്ളവരും പരിശോധനയ്ക്ക് സ്വയം സന്നദ്ധരായി സ്വയം മുന്നോട്ടുവന്നാലേ രോഗവ്യാപനം തടയാന്‍ സാധിക്കൂ. മലപ്പുറം ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് എല്ലാവരും കൂടുതല്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തേണ്ടതുണ്ട്. പാലക്കാട് ജില്ലയിലും കൂടുതല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍, ജില്ലയിലെ 43 പഞ്ചായത്തുകളില്‍ കോവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിനു മുകളില്‍ നില്ക്കുന്നു. ഈ പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കാനും ക്വാറന്റൈന് സംവിധാനങ്ങള്‍ വിപുലപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ വ്യാപന തോതില്‍ കുറവ് രേഖപ്പെടുത്തി. നിലവില്‍ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് ഒരു പഞ്ചായത്തില്‍ മാത്രമാണ് 50 ശതമാനത്തിനു മുകളില്‍ ഉള്ളത്. ഇവിടെ മൊബൈല്‍ ടെസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തും. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാരശേരി പഞ്ചായത്തിലാണ്. 58 ശതമാനമാണ് ഇവിടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അഴിയൂരില്‍ 55 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുണ്ട്.
രോഗബാധ ഉണ്ടാവുകയാണെങ്കില്‍ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ളാക് ഫംഗസ് അഥവാ മ്യൂകര്‍മൈകോസിസ് രോഗത്തെക്കൂടി ഉള്‍പ്പെടുത്തി. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും അതുമായി ബന്ധപ്പെട്ട ഉത്തരവ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട്, മ്യൂകര്‍മൈകോസിസ് രോഗബാധ കണ്ടെത്തിയാല്‍ അത് എത്രയും പെട്ടെന്ന് ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതാണ്. ബ്ലാക്ക് ഫംഗസ് കാര്യത്തില്‍ ആരോഗ്യവകുപ്പ് പ്രോട്ടോകോള്‍ രൂപീകരിക്കും.