‘അതിന് തുനിഞ്ഞാല്‍ ആ ഏണി തട്ടിമറിച്ചിരിക്കും’; മുഖ്യമന്ത്രിയോട് വിഡി സതീശന്
ഏകാധിപത്യനിലപാടുകളിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് പോയാല്‍ അത് തടയേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. തുടര്‍ഭരണത്തിന്റെ ആവേശത്തിലുള്ള പിണറായി വിജയന് സര്‍ക്കാരിനെ നേരിടാന്‍ പ്രതിപക്ഷം തയ്യാറാണെന്നും ഒരു നല്ല പ്രതിപക്ഷം ഉണ്ടാകണമെന്നത് സംസ്ഥാനത്തിന്റെ പൊതു ആഗ്രഹമാണെന്നും സതീശന് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വിഡി സതീശന് പറഞ്ഞത്: ”ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ അതിനോട് നല്ല രീതിയില്‍ മുഖ്യമന്ത്രി പ്രതികരിക്കും. കേരളത്തിന്റെ മുഖ്യമന്ത്രി അല്ലേ അദ്ദേഹം. പല ഗുണങ്ങളും ഉള്ളതു കൊണ്ടാണല്ലോ ആ പദവിയില്‍ എത്തിയത്. താന്‍പ്രമാണിത്തം അദ്ദേഹത്തിനുണ്ട്. ഒരു സ്റ്റാലിനിസ്റ്റ് ചുവ പ്രവര്‍ത്തനങ്ങളിലുണ്ട്. ജനാധിപത്യത്തിന്റെ വഴിയിലെ ഏണികളിലൂടെ കയറി ഏകാധിപത്യത്തിലേക്ക് മുഖ്യമന്ത്രി പോകുന്നതു തടയേണ്ട ഉത്തരവാദിത്തം പ്രതിപക്ഷത്തിനുണ്ട്. അതിനു തുനിഞ്ഞാല്‍ ആ ഏണി തട്ടിമറിച്ചിരിക്കും.”
അതേസമയം, സതീശന് പിന്തുണയേകി നിരവധി നേതാക്കളും രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ നിയമനത്തിന് പിന്നാലെ പാര്‍ട്ടിയിലെ ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞ് നില്ക്കുന്ന സാഹചര്യത്തിലാണ് എല്ലാവരേയും നേരില്‍ക്കണ്ട് വിഡി സതീശന് പിന്തുണ തേടിയത്. ഗ്രൂപ്പിനതീതമായ നിയമനത്തെ സ്വാഗതം ചെയ്ത നേതാക്കള്‍ സതീശന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
രാവിലെ തലസ്ഥാനത്തെത്തിയ സതീശന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയാണ് ആദ്യം കണ്ടത്. മുതിര്‍ന്നവരേയും രണ്ടാംനിര നേതാക്കളേയും ഒന്നിച്ച് കൊണ്ടുപോകുമെന്ന് സതീശന് വ്യക്തമാക്കി. മികച്ച സംഘാടകനായ സതീശന് പ്രതിപക്ഷ രാഷ്ട്രീയത്തിന് ചൂടുംചൂരും നല്കാന് കഴിയുമെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച വിഎം സുധീരന് ഗ്രൂപ്പിനതീതമായ പ്രവര്‍ത്തനം ഉണ്ടാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. കോണ്‍ഗ്രസില്‍ നടന്നത് വിനാശകരമായ ഗ്രൂപ്പിസമാണ്. ജനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുക്കാന്‍ സതീശനിലൂടെ കഴിയുമെന്നും സുധീരന് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പാര്‍ട്ടി ആസ്ഥാനത്തെത്തി സതീശന് സന്ദര്‍ശിച്ചു. സതീശന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ജഗതിയിലെ വസതിയിലെത്തി മുന്നണി കണ്‍വീനര്‍ എംഎം ഹസനുമായും സതീശന് കൂടിക്കാഴ്ച നടത്തി.
വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും നയിക്കാന്‍ വിഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. ഹൈക്കമാന്റ് തീരുമാനത്തിന് ശേഷം ആലപ്പുഴയില്‍ നടത്തിയ പ്രതികരണത്തിലാണ് രമേശ് ചെന്നിത്തല വിഡി സതീശന് പിന്തുണ പ്രഖ്യാപിച്ചത്. ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലുടെയാണ് കോണ്‍ഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. തോല്‍വികളില്‍ നിന്ന് കരകയറി തിരിച്ച് വരവിനുള്ള പാതയൊരുക്കാന്‍ വിഡി സതീശന് പിന്നില്‍ എല്ലാവരും ഒരു മനസ്സോടെ അണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെയ്യാവുന്നതെല്ലാം ചെയ്താണ് പടിയിറങ്ങുന്നത്. ഒരു നിരാശയും ഇല്ല. സര്‍ക്കാരിനെതിരായ അഴിമതികള്‍ തുറന്ന് കാണിക്കാന്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും കഴിഞ്ഞിട്ടുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അക്കാര്യത്തില്‍ പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാന്‍ നേരത്തെ തീരുമാനിച്ചതാണ്. പാര്‍ട്ടിയിലെ നേതാക്കളാണ് തുടരണം എന്ന ആവശ്യമുന്നയിച്ചത്. ഒരുമിച്ച് നില്‍ക്കാമെന്ന് അവര്‍ പറഞ്ഞത് അനുസരിക്കുക മാത്രമാണ് ചെയ്തത്. കെപിസിസിയില്‍ അടക്കം എന്ത് മാറ്റം വരുത്തണമെന്ന കാര്യം ഇനി തീരുമാനിക്കേണ്ടത് ഹൈക്കമാന്റ് ആണ്. ആ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.