ചെന്നിത്തല വിഷമത്തില്‍, അതിനിടയില്‍ എന്റെ വിലയിരുത്തലും വേണോ?’ മുഖ്യമന്ത്രിയുടെ മറുപടി
മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചെന്നിത്തല വിഷമത്തിലാണെന്നും അതിനിടയില്‍ തന്റെ വിലയിരുത്തല്‍ കൂടി വേണോയെന്നുമാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
മുഖ്യമന്ത്രി പറഞ്ഞത്: ”അദ്ദേഹത്തിന്റെ ഈ വിഷമത്തിന്റെ ഇടയ്ക്ക് എന്റെയൊരു വിലയിരുത്തല്‍ കൂടി വേണോ. അത് ഇല്ലാതിരിക്കലാണ് നല്ല.”
വിഡി സതീശന് മികച്ച പ്രതിപക്ഷനേതാവായിരിക്കുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ”അദ്ദേഹതിന്റെ അസംബ്ലി നടപടികള്‍ എല്ലാവരും കണ്ടിട്ടുള്ളതാണല്ലോ.? പ്രതിപക്ഷനിരയില്‍ ശ്രദ്ധിക്കപ്പെടുന്ന അംഗമായിട്ടാണ് എക്കാലവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. അതുകൊണ്ട് മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത.” സംസ്ഥാനത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
അതേസമയ, സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിന് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസം മാറിയത്.
സംസ്ഥാന കോണ്‍ഗ്രസില്‍ തലമുറമാറ്റം അനിവാര്യമാണെന്ന് ഒടുവില്‍ ഹൈക്കമാന്‍ഡ് അംഗീകരിച്ചതിന്റെ തെളിവാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള വിഡി സതീശന്റെ നിയമനം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലേയും നിയമസഭാ തിരഞ്ഞെടുപ്പിലെയും കനത്ത പരാജയത്തിന് പിന്നാലെയാണ് നേതൃമാറ്റം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെട്ടത്. പക്ഷേ ഇതിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തതോടെ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലായി. ഇതിനിടയില്‍ എംപിമാരും യുവ എംഎല്‍എമാരും തലമുറമാറ്റത്തിനായി ശബ്ദം ഉയര്‍ത്തിയതാണ് നിര്‍ണായകമായത്.
സംഘടനാ സംവിധാനം ദുര്‍ബലമായതും ഗ്രൂപ്പ് അതിപ്രസരവും പരാജയത്തിന് കാരണമായെന്ന വിലയിരുത്തലും ഹൈക്കമാന്‍ഡിനുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം എഐസിസി അംഗീകരിക്കുമെന്നതിന്റെ സൂചന കൂടിയാണ് വിഡി സതീശന്റെ സ്ഥാനലബ്ദി. ജംബോ കമ്മിറ്റികള്‍ പൂര്‍ണമായി ഒഴിവാക്കി ഗ്രൂപ്പിന് അതീതമായി ഭാരവാഹികളെ തെരഞ്ഞെടുക്കാനാണ് സാധ്യത. ഇനി കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ പദവികളിലാണ് മാറ്റമുണ്ടാവുക. പരാജയം പഠിക്കാനുള്ള എഐസിസിയുടെ പ്രത്യേക സമിതി നേതാക്കളുമായി ആശയവിനിമയം നടത്തിയതിനുശേഷം മാത്രമാകും തീരുമാനം ഉണ്ടാവുക. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷ പദം ഒഴിയാന്‍ താന്‍ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് കത്തു നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കെ സുധാകരന്, പിടി തോമസ് എന്നിവര്‍ നേതൃനിരയില്‍ എത്തുമെന്നാണ് സൂചന.