ഇതൊരു പുഷ്പ കിരീടമല്ല എന്ന ബോധ്യമുണ്ട്’; ലക്ഷ്യം കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചു വരവെന്ന് വിഡി സതീശന്
കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഐതിഹാസികമായ തിരിച്ചു വരവിനുള്ള പരിശ്രമമായിരിക്കും വരു ദിനങ്ങളിലെന്ന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്.
യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ചതിന് ഹൈക്കമാന്റിനോട് നന്ദി അറിയിക്കുമെന്നും ഇതൊരു പുഷ്പ കിരീടമല്ല എന്ന പൂര്‍ണ ബോധ്യമുണ്ടെന്നും വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരഗാതമായ രീതികളില്‍ മാറ്റം ഉണ്ടാവുമെന്നും അധികാരത്തിലേറിയ സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതിരിക്കലല്ല പ്രതിപക്ഷത്തിന്റെ ജോലിയെന്നും വിഡി സതീശന് പറഞ്ഞു.
വിഡി സതീശന്റെ വാക്കുകള്‍,
‘യുഡിഎഫിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ വളരെ പ്രധാനപ്പെട്ട ഈ ചുമതല എന്നെ ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയോടും എഐസിസി സംഘടനാ ചുമതലയുള്ള കെസി വേണുഗോപാലിനോടും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോടും പ്രത്യേകമായ നന്ദി അറിയിക്കുന്നു.
കെ കരുണാകരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള മഹാരഥന്മാര് ഇരുന്ന കസേരയില്‍ എന്നെ നിയമിക്കാനുള്ള തീരുമാനം വിസ്മയിപ്പിക്കുന്നതാണ്. എല്ലാ വെല്ലുവിളികളും മുന്നിലുണ്ട് എന്ന തികഞ്ഞ ബോധ്യത്തോടെ, കേരളത്തിലെ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഐതിഹാസികമായി തിരിച്ചു വരാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തോടെ ഞാനീ പദവി ഏറ്റെടുക്കുകയാണ്. ഇതൊരു പുഷ്പ കിരീടമല്ല എന്ന നല്ല ബോധ്യമെനിക്കുണ്ട്. യുഡിഎഫിനെയും കോണ്‍ഗ്രസിനെയും തിരിച്ചു കൊണ്ട് വരാന്‍ എല്ലാ ഘടകകക്ഷികളിടെയും പിന്തുണയുണ്ടാവുമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. അതിന് വേണ്ടിയുള്ള കഠിനാധ്വാനം നിറഞ്ഞ നാളുകളായിരിക്കും ഇനി. ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയുമെന്ന പൂര്‍ണ ബോധ്യം ഉണ്ട്.
പ്രതിപക്ഷം എന്ന നിലയില്‍ പരമ്പരാഗതമായ രീതികളില്‍ മാറ്റം ഉണ്ടാവണം. കാലം മാറുന്നതിനുസരിച്ച് സമീപനങ്ങളില്‍ മാറ്റം ഉണ്ടാവണം. നമ്മുടെ പ്രവര്‍ത്തന രീതികളില്‍ മാറ്റം ഉണ്ടാവണം. പുതിയ ദിശാ ബോധം ഉണ്ടാവണം. ഈ കാലത്തിനും കേരളത്തിന്റെ പൊതുസമൂഹമാഗ്രഹിക്കുന്ന രീതിയിലും അതിന് മാറ്റം ഉണ്ടാക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്കുന്നു.
‘ ജനങ്ങള്‍ മാന്‍ഡേറ്റ് നല്കി അധികാരത്തിലേറ്റിയ സര്‍ക്കാരിനോട് നമ്മള് വെല്ലുവിളികള്‍ നടത്തുകയോ അവരെ ഭരിക്കാന്‍ അനുവദിക്കാതിരിക്കലോ അല്ല പ്രതിപക്ഷത്തിന്റെ ജോലി. ഇന്ന് ഈ മഹാമാരിയുടെ കാലത്ത് ഞങ്ങള്‍ ഗവണ്മെന്റിനോടൊപ്പം ഉണ്ടാവും. ജനങ്ങള്‍ ആഗ്രഹിക്കുന്നത് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒന്നിച്ച് ഈ മഹാമാരിയെ നേരിടണമെന്നാണ്. അതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രോട്ടോകോള്‍ പൂര്‍ണമായി കേരളത്തില്‍ നടപ്പിലാക്കുന്നതിനു വേണ്ടി യുഡിഎഫ് പരിശ്രമിക്കും. കൊവിഡ് പ്രതിരോധത്തിന് സര്‍ക്കാരിന് നിരുപാധികമായ പിന്തുണ നല്‍കും,’ വിഡി സതീശന് പറഞ്ഞു.