ചെന്നിത്തലയേയും ഉമ്മന്‍ ചാണ്ടിയേയും മറികടന്നുള്ള തീരുമാനം ദോഷം ചെയ്യുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; സസ്പെന്‍സ് ഇന്നറിയാം
യുവ എംഎല്‍എമാര്‍ ഉള്‍പ്പെടെ ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിഡി സതീശന് പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഗ്രൂപ്പ് നേതാക്കള്‍ ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം. രമേശ് ചെന്നിത്തലയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയ പശ്ചാത്തലത്തില്‍ അവരെ മറികടന്നുകൊണ്ടുള്ള ഒരു തീരുമാനം സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് ദോഷം ചെയ്യുമെന്നുള്ള ആശങ്കയാണ് ദേശീയ നേതൃത്വത്തിനുള്ളത്. നിരീക്ഷക സമിതി റിപ്പോര്‍ട്ടിനുമേല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാല്‍ മുതലായവര്‍ ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ ഇന്ന് ഉച്ചയോടെതന്നെ കോണ്‍ഗ്രസ് സസ്പെന്‍സ് പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഭൂരിപക്ഷത്തിന്റേയും പിന്തുണ തനിക്കാണെന്ന അവകാശവാദവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരണമെന്നാണ് കമല്‍നാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അത് മതിയാവില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കാമന്റിനെ അറിയിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടി എകെ ആന്റണിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശന് പ്രതിപക്ഷ നേതാവായി വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ചെന്നിത്തലയെ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് വിഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
ഇതിനിടെ ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നതോടെ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലാവുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനിടെ പി ടി തോമസിന്റെ പേരും പരിഗണനയില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവായി ആരു വരണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതാണ് സൂചനകള്‍.
ഇതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന നിലയിലാണ്. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തെന്നും പാര്‍ട്ടിയോട് കൂറുള്ള ഒരു യുവ തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചു.
‘സമസ്ത മേഖലകളിലും ഒരു മാറ്റം അനിവാര്യമാണ്. അതെല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണ് പ്രശ്നം. അത് പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തത് ഗ്രൂപ്പ് രാഷ്ട്രീയമാണ്. പാര്‍ട്ടിയോട് കൂറും പ്രതിബന്ധതയും വിധേയത്വവുമുള്ള ഒരു തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കുമറിയാം. ആ വികാരം ഉള്‍ക്കൊള്ളണം. അതല്ല ഈ പാര്‍ട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താല്പര്യമുണ്ടെങ്കില് പിന്നെ ആ വഴിക്ക് ചിന്തിക്കാം. ആരെങ്കിലും സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍, എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു മുന്‍ ബോധ്യം നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ ഈ പാര്‍ട്ടി ഇങ്ങനെ തന്നെ പോയാല്‍ എവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റത്തില്ല,’ രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.