‘അപമാനിച്ച് പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കും’; ചെന്നിത്തല ഭീഷണിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്
പ്രതിപക്ഷ സ്ഥാനത്ത് നിന്ന് അപമാനിച്ച് പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് രമേശ് ചെന്നിത്തല ഭീഷണിപ്പെടുത്തിയതായി കൈരളി ന്യൂസ് റിപ്പോര്‍ട്ട്. അപമാനിച്ച് പുറത്താക്കാനാണ് ശ്രമമെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാനും മടിക്കില്ലെന്ന് ചെന്നിത്തല ഹൈക്കമാന്റിനോട് പറഞ്ഞതായാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കാനാകാത്തെ അവസ്ഥയിലാണ് ഹൈക്കമാന്‍ഡ്. ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റരുതെന്ന് ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. ചെന്നിത്തല തന്നെ പ്രതിപക്ഷ സ്ഥാനത്ത് തുടരണമെന്നാണ് കമല്‍നാഥ്, പി ചിദംബരം, അംബികാ സോണി, ഹരീഷ് റാവത്ത്, ഉമ്മന്‍ചാണ്ടി തുടങ്ങി മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. ചെന്നിത്തല മാറണമെന്ന് ആവശ്യപ്പെടുന്നവരുടേത് വെറും ആവേശം മാത്രമാണെന്നും പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ അത് മതിയാവില്ലെന്നും ഉമ്മന്‍ചാണ്ടി ഹൈക്കാമന്റിനെ അറിയിച്ചു. ഇതിനിടെ ഉമ്മന്‍ചാണ്ടി എകെ ആന്റണിയോട് ഫോണില്‍ സംസാരിക്കുകയും ചെയ്തു.
ഇന്നലെ രാത്രിയോടെയാണ് ഹൈക്കമാന്‍ഡ് നിയോഗിച്ച സംഘം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഭൂരിഭാഗം എംഎല്‍എമാരും വിഡി സതീശന് പ്രതിപക്ഷ നേതാവായി വേണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ചെന്നിത്തലയെ ജനം വിശ്വാസത്തിലെടുക്കുന്നില്ലെന്നും അടിമുടി അഴിച്ചു പണി നടത്തിയില്ലെങ്കില്‍ ജനപിന്തുണ നഷ്ടപ്പെടുമെന്നുമാണ് വിഡി സതീശനെ പിന്തുണയ്ക്കുന്നവരുടെ നിലപാട്.
ഇതിനിടെ ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത് വന്നതോടെ ഹൈക്കമാന്‍ഡ് ആശയക്കുഴപ്പത്തിലാവുകയായിരുന്നു. തര്‍ക്കം രൂക്ഷമായതിനിടെ പി ടി തോമസിന്റെ പേരും പരിഗണനയില്‍ വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപക്ഷ നേതാവായി ആരു വരണമെന്ന കാര്യത്തില്‍ സോണിയ ഗാന്ധി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം സോണിയ തേടിയതാണ് സൂചനകള്‍.
ഇതിനിടെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന് എംപി രംഗത്തെത്തി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി തകര്‍ന്ന നിലയിലാണ്. ഗ്രൂപ്പ് രാഷ്ട്രീയം പാര്‍ട്ടിയുടെ അടിത്തറ തകര്‍ത്തെന്നും പാര്‍ട്ടിയോട് കൂറുള്ള ഒരു യുവ തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറുമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് തുറന്നടിച്ചു.
‘സമസ്ത മേഖലകളിലും ഒരു മാറ്റം അനിവാര്യമാണ്. അതെല്ലാവരും ആഗ്രഹിക്കുന്നതാണ്. പക്ഷെ പൂച്ചയ്ക്കാര് മണികെട്ടുമെന്നതാണ് പ്രശ്നം. അത് പറയാന്‍ ആരും ധൈര്യം കാണിക്കുന്നില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ത്തത് ഗ്രൂപ്പ് രാഷ്ട്രീയമാണ്. പാര്‍ട്ടിയോട് കൂറും പ്രതിബന്ധതയും വിധേയത്വവുമുള്ള ഒരു തലമുറയെ കോണ്‍ഗ്രസിനകത്ത് വാര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ കേരളത്തിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം എല്ലാവര്‍ക്കുമറിയാം. ആ വികാരം ഉള്‍ക്കൊള്ളണം. അതല്ല ഈ പാര്‍ട്ടി ഒരു കാരണവശാലും നന്നാവേണ്ട എന്ന താല്പര്യമുണ്ടെങ്കില് പിന്നെ ആ വഴിക്ക് ചിന്തിക്കാം. ആരെങ്കിലും സത്യം തുറന്നു പറഞ്ഞില്ലെങ്കില്‍, എന്താണ് സംഭവിക്കാന്‍ പോവുന്നതെന്നതിനെക്കുറിച്ച് ഒരു മുന്‍ ബോധ്യം നേതാക്കള്‍ക്കുണ്ടായില്ലെങ്കില്‍ ഈ പാര്‍ട്ടി ഇങ്ങനെ തന്നെ പോയാല്‍ എവിടെ ചെന്നവസാനിക്കുമെന്ന് ആര്‍ക്കും പറയാന്‍ പറ്റത്തില്ല,’ രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് കളികള്‍ ശക്തമാവുകയും അടുത്ത പ്രതിപക്ഷ നേതാവാരെന്ന് ഹൈക്കമാന്‍ഡ് ഇതുവരെയും അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തിലുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാമര്‍ശം.