‘സിപിഐഎമ്മില്‍ നിന്ന് നമ്മള് കുറേ പഠിക്കാനുണ്ട്…’ എണ്ണിയെണ്ണി പറഞ്ഞ് കെപിസിസി ജനറല്‍ സെക്രട്ടറി
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഭവിച്ച പിഴവുകള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് മുന്നോട്ട് പോകാന്‍ സാധിക്കൂയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്. പാര്‍ട്ടിയുടെ ബലഹീനതകളും പോരായ്മകളും കണ്ടെത്തി പരിഹാരം കാണണമെന്നും അതിനു ഇടതുമുന്നണിയില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ടെന്നും എന്‍ സുബ്രഹ്മണ്യന് പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിയിലോ ഒന്നോ രണ്ടോ വ്യക്തികളിലോ കെട്ടിവെക്കുന്നതില്‍ അര്‍ത്ഥമില്ല. ജയിക്കുമ്പോള്‍ നേതൃത്വത്തെ വാനോളം പുകഴ്ത്തുന്നവര്‍ തോല്‍വി സംഭവിക്കുമ്പോള്‍ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണ്. രോഗം എന്താണെന്നു കണ്ടെത്തി ആവശ്യമായ ചികിത്സ നല്കണമെന്നതില് തര്‍ക്കമില്ലെന്നും സുബ്രഹ്മണ്യന് പറഞ്ഞു.
എന്‍ സുബ്രഹ്മണ്യന് പറഞ്ഞത്:
”അപ്രതീക്ഷിതമായ തോല്‍വിയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായത്. കേരളത്തിന്റെ പതിവു രീതികളെ മാറ്റിക്കുറിച്ച ഫലമാണ് വന്നത്. നമ്മുടെ കണക്കുകൂട്ടലുകളില്‍ വലിയ പിഴവുകള്‍ സംഭവിച്ചു. തലനാരിഴ കീറി അതെല്ലാം പരിശോധിച്ച് പരിഹാര മാര്‍ഗങ്ങള്‍ കണ്ടാലേ നമ്മള്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ ഒലിച്ചു പോകുന്ന പാര്‍ട്ടിയോ മുന്നണിയോ അല്ല നമ്മുടേത്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 44 ശതമാനത്തിന്റെ പിന്തുണയേ ഇടതുപക്ഷത്തിന് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. 56 ശതമാനം പ്രതിപക്ഷത്താണ്. പൂര്‍വാധികം ശക്തിയോടെ നമ്മള് തിരിച്ചു വരും എന്നതിന്റെ സൂചനയാണത്. അതിനു പക്ഷേ കഠിനാധ്വാനം ആവശ്യമാണ്. നമ്മുടെ ബലഹീനതകളും പോരായ്മകളും കണ്ടെത്തി പരിഹാരം കാണണം. അതിനു ഇടതുമുന്നണിയില്‍ നിന്നും ചില പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.”
”കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നേടി യുഡിഎഫ് വന്‍വിജയം കരസ്ഥമാക്കിയപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പും അതുപോലെ എളുപ്പത്തില്‍ ജയിച്ചു കയറാമെന്നു നമ്മളില്‍ പലരും പ്രതീക്ഷിച്ചു. ആരോപണങ്ങളുടെയും അപവാദങ്ങളുടെയും നടുവില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നേരിട്ട എല്‍ ഡി എഫ് മെച്ചപ്പെട്ട വിജയം നേടി. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ഒരേ പാറ്റേണില്‍ അല്ല എന്ന ന്യായം കണ്ടെത്താനാണ് അപ്പോള്‍ നമ്മള് ശ്രമിച്ചത്. സ്വയംവിമര്‍ശനപരമായിട്ടു കൂടിയാണ് ഇത് പറയുന്നത്. പാര്‍ട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏതെങ്കിലും വ്യക്തിയിലോ ഒന്നോ രണ്ടോ വ്യക്തികളിലോ കെട്ടിവെക്കുന്നതില്‍ അര്‍ത്ഥമില്ല. ജയിക്കുമ്പോള്‍ നേതൃത്വത്തെ വാനോളം പുകഴ്ത്തുന്നവര്‍ തോല്‍വി സംഭവിക്കുമ്പോള്‍ തള്ളിപ്പറയുന്നത് ഇരട്ടത്താപ്പാണ്. രോഗം എന്താണെന്നു കണ്ടെത്തി ആവശ്യമായ ചികിത്സ നല്കണമെന്നതില് തര്‍ക്കമില്ല.”
”ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് തകര്‍ന്നടിഞ്ഞപ്പോള്‍ സിപിഎമ്മിലോ ഇടതുമുന്നണിയിലോ നമ്മള് ഒരപസ്വരവും കേട്ടില്ല. തോല്‍വിക്ക് കാരണമായ വിഷയങ്ങള്‍ പഠിച്ചു അവര്‍ പരിഹാരം കണ്ടെത്തി. 2016 ലെ തെരഞ്ഞെടുപ്പില്‍ നിന്ന് 2021 ല്‍ എത്തിയപ്പോള്‍ ഇടതുമുന്നണിയിലെ കക്ഷിനിലയില്‍ വന്ന മാറ്റവും അത് തെരഞ്ഞെടുപ്പില്‍ ചെലുത്താനിടയുള്ള സ്വാധീനവും നമ്മള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. യു ഡി എഫിനോടൊപ്പമുണ്ടായിരുന്ന രണ്ടു പാര്‍ട്ടികള്‍ എല്‍ ഡി എഫിലേക്കു പോയി. അതിന്റെ നേട്ടം അവര്‍ക്കു ലഭിച്ചു. കേരളാ കോണ്‍ഗ്രസ് നാലു പതിറ്റാണ്ടായി യു ഡി എഫില്‍ നിലയുറപ്പിച്ചവരായിരുന്നു. ഇടക്കാലത്തു അവര്‍ യൂഡി എഫില്‍ നിന്ന് മാറിനിന്നപ്പോള്‍ പിണക്കം തീര്‍ത്തു തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ട ഒരു രാജ്യസഭാ സീറ്റ് നല്‍കേണ്ടി വന്നു. ഇതിനെതിരെ പാര്‍ട്ടിയില്‍ ഉണ്ടായ പുകില് കുറച്ചെങ്കിലുമാണോ? മധ്യകേരളത്തില്‍ വേരോട്ടമുള്ള പാര്‍ട്ടിയെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ തന്ത്രപരമായ നീക്കം തകര്‍ക്കാന്‍ കോണ്‍ഗ്രസുകാര്‍ ചാടിയിറങ്ങി. നേരെമറിച്ചു സിപിഎം ചെയ്തതു നോക്കുക. കെ എം മാണിയെ ബാര്‍ കോഴക്കാരനായി ചിത്രീകരിച്ചു നിരവധി സമരങ്ങള്‍ നടത്തിയ സിപിഎമ്മിന് ഇടതു മുന്നണിയിലേക്ക് അവരെ ക്ഷണിക്കാന്‍ ഒരു മടിയും ഉണ്ടായില്ല. അക്കാര്യത്തില്‍ ഘടക കക്ഷികളുടെ എതിര്‍പ്പ് അവര്‍ അവഗണിച്ചു.”
”മുന്നണിയെ നയിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ അവര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഘടകകക്ഷികളെക്കൊണ്ടു അംഗീകരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതിന്റെ ഗുണം ലഭിച്ചപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് ആവശ്യങ്ങള്‍ അംഗീകരിച്ചു സീറ്റ് നല്കി. ജയിച്ചപ്പോള്‍ ഒരു മന്ത്രി സ്ഥാനവും ചീഫ്വിപ്പ് പദവിയും നല്കി. എല്‍ ഡി എഫ് വിട്ടുവന്ന വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിയെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്താനും നമ്മള്‍ക്ക് കഴിഞ്ഞോ?. യു ഡി എഫില്‍ നിന്ന് ലഭിച്ച രാജ്യസഭാ സീറ്റ് രാജി വെച്ച വീരന്ദ്രകുമാറിനെ അടുത്ത ഒഴിവില്‍ എല്‍ ഡി എഫ് പരിഗണിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നു സിറ്റിംഗ് സീറ്റുകളാണ് അവര്‍ക്കു മത്സരിക്കാന്‍ കൊടുത്തത്. യുഡിഎഫിലായിരുന്നു ഇങ്ങനെ ചെയ്തതെങ്കില്‍ ഭൂകമ്പം ഉണ്ടാകുമായിരുന്നില്ലേ ? നിയമസഭാ തെരഞ്ഞെടുപ്പില്‍ 33 സിറ്റിംഗ് എം എല്‍ എ മാരെയാണ് സിപിഎം മാറ്റി നിര്‍ത്തിയത്. മുതിര്‍ന്ന നേതാക്കന്മാര്ക്കു സീറ്റ് നിഷേധിച്ചു.”
”മന്ത്രിസഭ ഉണ്ടാക്കിയപ്പോള്‍ പരിചയ സമ്പന്നരെ ഒഴിവാക്കി. മുഖ്യമന്ത്രിയുടെ മരുമകനെയും സിപിഎം സെക്രട്ടറിയുടെ ഭാര്യയെയും മന്ത്രിമാരാക്കി. സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ വോട്ടു നേടി വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയെ കറിവേപ്പില പോലെ പുറത്തേക്കു തള്ളി.എന്നിട്ടും ആ പാര്‍ട്ടിയില്‍ ആരും തല മുണ്ഡനം ചെയ്തില്ല. ആരും വാവിട്ടു നിലവിളിച്ചില്ല. പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയില്ല. അവഗണിച്ചെന്നു പറഞ്ഞു പാര്‍ട്ടി മാറിയില്ല. ഇതുകൊണ്ടെല്ലാമാണ് അവരില്‍ നിന്നും നമ്മള് കുറേ പഠിക്കാനുണ്ടെന്നു പറഞ്ഞത്. രാഷ്ട്രീയം എന്നാല്‍ ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചേര്‍ന്നതാണ്.. ജനങ്ങളുമായി ഇടപഴകാനും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും പാര്‍ലമെന്ററി പദവികള്‍ ആവശ്യമില്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് നമ്മുടെ മുന്നിലെ ഉത്തരവാദിത്തം.”