ഓഫീസിലെത്തി ആദ്യ ഫയലില്‍ ഒപ്പിട്ടു; മുഖ്യമന്ത്രിയായി ചുമതലയേറ്റ് പിണറായി വിജയന്
തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ചുമതലയേറ്റ് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ഫയലില്‍ ഒപ്പിട്ടു. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ 141 റൂമിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിക്ക് പുറമെ എല്ലാ മന്ത്രിമാരും ഓഫീസിലെത്തി ചുമതയേല്‍ക്കും.
തുടര്‍ന്ന് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ചേരും. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും. മന്ത്രിസഭായോഗത്തിനുശേഷം വൈകിട്ട് ഏഴുമണിയോടെ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാരാണ് ഇന്ന് രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്.
കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര് ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന് മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്, പി രാജീവ്, സജി ചെറിയാന്, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണന് കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്, സിപിഐഎമ്മിനെ കെ രാധാകൃഷ്ണന് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം വഹിച്ച് മുന്‍പരിചയമുള്ളത്.