നവകേരള സൃഷ്ടിക്കായി രണ്ടാം പിണറായി സര്‍ക്കാര്‍; മാറ്റങ്ങളോടെ, കൂടുതല്‍ കരുത്തോടെ; മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
കേരളത്തിന്റെ രാഷ്ട്രീയചരിത്രം തിരുത്തി തുടര്‍ഭരണം നേടിയ രണ്ടാം പിണറായി വിജയന് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സത്യവാചകം ചൊല്ലിക്കൊടുത്തു.
കെ രാജന്, റോഷി അഗസ്റ്റിന്, കെ കൃഷ്ണന്‍കുട്ടി, എകെ ശശീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, വി അബ്ദുറഹ്മന്, ജിആര്‍ അനില്‍, കെഎന്‍ ബാലഗോപാല്‍, ആര് ബിന്ദു, ജെ ചിഞ്ചുറാണി, എംവി ഗോവിന്ദന് മാസ്റ്റര്‍, പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, കെ രാധാകൃഷ്ണന്, പി രാജീവ്, സജി ചെറിയാന്, വി ശിവന്‍കുട്ടി, വിഎന്‍ വാസവന്, വീണ ജോര്‍ജ് എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ചടങ്ങിലേക്കുള്ള പ്രവേശനം. മൂന്ന് വനിതകള്‍ ഉള്‍പ്പെടെ 17 പുതുമുഖങ്ങളാണ് രണ്ടാം പിണറായി മന്ത്രിസഭയിലുള്ളത്. മുഖ്യമന്ത്രിക്ക് പുറമെ ജെഡിഎസിലെ കെ കൃഷ്ണന് കുട്ടി, എന്‍സിപിയിലെ എകെ ശശീന്ദ്രന്, സിപിഐഎമ്മിനെ കെ രാധാകൃഷ്ണന് എന്നിവര്‍ക്ക് മന്ത്രിസ്ഥാനം വഹിച്ച് മുന്‍പരിചയമുള്ളത്. മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. സത്യപ്രതിജ്ഞാചടങ്ങിന് ശേഷം വകുപ്പുവിഭജനം സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ അംഗീകരിക്കുന്നതോടെ വിജ്ഞാപനമിറങ്ങും. ആഭ്യന്തരം, വിജിലന്‍സ്, ഐടി, പൊതുഭരണം എന്നിവ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൈകാര്യം ചെയ്യും. ആദ്യ മന്ത്രിസഭ യോഗവും ഇന്ന് വൈകുന്നേരം 5.30ന് നടക്കും. ഗവര്‍ണറുടെ ചായ സല്‍ക്കാരത്തിന് ശേഷമാണ് മന്ത്രിസഭ യോഗം നടക്കുക. ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകാനാണ് സാധ്യത. തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുടെ പ്രഖ്യാപനവും ഉണ്ടാകും.
സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം, സിപിഐ മന്ത്രിമാരും വയലാറിലെയും പുന്നപ്രയിലെ വലിയ ചുടുകാട്ടിലെയും രക്തസാക്ഷി മണ്ഡപങ്ങളിലെത്തിയിരുന്നു.
തുടര്‍ഭരണത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാക്കുകള്‍:
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള ഭരണത്തിന് തുടര്‍ച്ചയായി രണ്ടാമൂഴം ഉണ്ടാകുകയാണ്. ഒന്നാമൂഴത്തിന്റെ സദ്ഫലങ്ങളെ ശക്തിപ്പെടുത്തിയും സമാഹരിച്ചും സൃഷ്ടിക്കുന്ന അടിത്തറയില്‍ പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള ഒരു നവകേരളത്തെ കെട്ടിപ്പടുക്കുക എന്നതായിരിക്കും ഈ ഭരണത്തിന്റെ ലക്ഷ്യം. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച വിജയം ഇതിനുള്ള ജനസമ്മതിയാണ്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കണമെങ്കില്‍, അവകാശം നേടിയെടുക്കണമെങ്കില്‍, നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കപ്പെടണമെങ്കില്‍, അഴിമതിരഹിത വികസനം യാഥാര്‍ഥ്യമാകണമെങ്കില്‍, ക്ഷേമം പുലരണമെങ്കില്‍, കേരളത്തില്‍ പുരോഗമന ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സര്‍ക്കാര്‍തന്നെ അധികാരത്തില്‍ തുടരണമെന്ന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ വിധിയെഴുതിയിരിക്കുകയാണ്. ആ ജനവിധി പ്രാബല്യത്തിലാകുകയാണ് ഇന്ന്; പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയോടെ.
വാക്കിനു വിലയുള്ള ഒരു ഇടതുപക്ഷ ജനകീയ ബദല്‍ ഇവിടെ യാഥാര്‍ഥ്യമാകണമെന്ന് കേരളത്തിലെ ജനങ്ങള്‍ കരുതുന്നു. അതുകൊണ്ടുതന്നെ ഈ വിജയം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. കേരളം ഒറ്റക്കെട്ടാണെന്നും ഒന്നായി നാം മുന്നേറുമെന്നും ഒന്നാമതായി തുടരുമെന്നുമുള്ള സന്ദേശമാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നല്‍കിയത്. ആ സന്ദേശം മുറുകെപിടിച്ചുകൊണ്ട് നവകേരളത്തിലേക്കുള്ള യാത്ര നമുക്ക് ഒരുമിച്ച് തുടരാം എന്ന് ഓരോ കേരളീയനോടും അഭ്യര്‍ഥിക്കുകയാണ്. ആ തുടര്‍യാത്രയ്ക്കു നാം തുടക്കം കുറിക്കുകയാണ് ഇന്ന്.
നിയമസഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്താല്‍ അറബിക്കടല്മുതല് പശ്ചിമഘട്ടംവരെ, മലബാര്‍ എന്നോ കൊച്ചിയെന്നോ തിരുവിതാംകൂര്‍ എന്നോ വ്യത്യാസമില്ലാതെ ജനങ്ങളാകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നെഞ്ചോടു ചേര്‍ത്തുപിടിച്ചുവെന്നും ജാതി-മത, ലിംഗ-പ്രായ ഭേദമെന്യേ സംസ്ഥാനത്തുടനീളം ജനങ്ങള്‍ എല്‍ഡിഎഫില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നും വ്യക്തമാകും. ഇവിടെ വികസനവും ക്ഷേമവുമാണ് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍. സമാധാനവും സൈ്വര്യജീവിതവുമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതൊക്കെ ഉറപ്പുവരുത്തുന്നവരോടൊപ്പമാണ് ജനം നില്‍ക്കുന്നത്. അതിനൊക്കെ വെല്ലുവിളികള്‍ ആകുമെന്ന് കരുതുന്നവരെയാകട്ടെ ജനത ഈ തെരഞ്ഞെടുപ്പില്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള യത്നത്തിന് സമര്‍പ്പിതമായിരിക്കും പുതിയ ഭരണം.
1957ല്‍ ആരംഭിച്ച പ്രക്രിയയുടെ തുടര്‍ച്ചയും കാലാനുസൃതമായ വികാസവുമാണ് 2021ല്‍ നാം കാണുന്നത്. നാടിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതും അതിനായി ജനതയെ ഒന്നായി ചേര്‍ത്തുനിര്‍ത്തുന്നതുമായ പുതിയ ഒരു രാഷ്ട്രീയസമീപനം കേരളത്തില്‍ പൊതുവായി ഉയര്‍ന്നുവരേണ്ടതുണ്ട്. ഈ വിധത്തിലുള്ള ഒരു മുന്നേറ്റമാണ് അടുത്ത അഞ്ചു വര്‍ഷംകൊണ്ട് നടത്താന്‍ നാം തയ്യാറെടുക്കുന്നത്. അതിനായി ജനങ്ങളുടെയാകെ ഒത്തൊരുമയോടെ ഉള്ള സഹകരണവും പ്രവര്‍ത്തനവും ഒഴിച്ചുകൂടാന്‍ ആകാത്തതാണ്. ഒരു മഹാമാരിയുടെ നടുവിലാണ് നാം. ജനിതകമാറ്റം വന്ന നോവല്‍ കൊറോണ വൈറസിന്റെ വ്യാപനം അതിശക്തമായിത്തന്നെ നമ്മുടെ ഇടയില്‍ തുടരുന്നുണ്ട്. സ്വാഭാവികമായും അതിനെ ചെറുക്കാനും ജനങ്ങളുടെ ജീവന് സംരക്ഷിക്കാനുമാണ് പ്രാധാന്യം നല്‍കുന്നത്. അതിനാവശ്യമായിട്ടുള്ളത്രയും ഓക്സിജനും ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പംതന്നെ കോവിഡ് രോഗികളുടെ ചികിത്സയുടെയും അവരുടെ പരിചരണത്തിനു വേണ്ട അവശ്യവസ്തുക്കളുടെയും വില നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ സൗജന്യമായി എല്ലാ പ്രായത്തിലുള്ള ജനങ്ങള്‍ക്കും വാക്സിനേഷന് ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പംതന്നെ ദുരിതത്തിലായിരിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് സാമൂഹ്യ അടുക്കളകളില്‍നിന്നും ജനകീയഹോട്ടലുകളില്നിന്നും ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത്. ലോക്ഡൗണില്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടുന്ന ജനതയ്ക്ക് ആശ്വാസമേകാന്‍ ഭക്ഷ്യധാന്യക്കിറ്റും ക്ഷേമപെന്‍ഷനുകളും ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ധനസഹായവും എല്ലാം മുടക്കംകൂടാതെ വിതരണം ചെയ്യുന്നുമുണ്ട്.
മഹാമാരി ഉയര്‍ത്തുന്ന സമാനതകളില്ലാത്ത പ്രതിസന്ധികളുടെ ഇടയിലും നാടിന്റെ മുന്നോട്ടുപോക്കിന് വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണ്. അവയൊക്കെത്തന്നെ പൂര്‍ണമായി നിറവേറ്റുമെന്ന ഉറപ്പ് കേരള ജനതയ്ക്കു നല്‍കുകയാണ്. റീബിള്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായ റെസിലിയന്റ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ രണ്ടാംഘട്ടം ലോക ബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും കണ്‍സഷണല്‍ ഫണ്ടിങ്ങായ 250 ദശലക്ഷം യുഎസ് ഡോളര്‍ പ്രയോജനപ്പെടുത്തി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഇതിനു പുറമെ 210 ദശലക്ഷം യുഎസ് ഡോളറിന്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയും ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷം കേരള ചരിത്രത്തില്‍ത്തന്നെ സമാനതകള്‍ ഇല്ലാത്തവയായിരുന്നു. ഒന്നിനു പുറകെ ഒന്നായി നാം പ്രതിസന്ധികളെ നേരിടുകയും അതിജീവിക്കുകയും ചെയ്തു. ഓഖി, നിപാ, പ്രളയം, കാലവര്‍ഷക്കെടുതി, ഉരുള്‍പ്പൊട്ടലുകള്‍ എന്നിവയ്ക്കു ശേഷം ഒടുവില്‍ കോവിഡും വന്നു. അവയുടെയൊന്നും നടുവില്‍ കേരളം തളര്‍ന്നില്ല. കേരള ജനത അവയെ എല്ലാം ധീരതയോടെ നേരിട്ടു, അതിജീവിച്ചു. ഈ മഹാമാരിയെയും നാം അതിജീവിക്കും. ദേശീയതലത്തില്‍ത്തന്നെ ഉറ്റുനോക്കപ്പെടുന്ന ഒന്നാണ് കേരളത്തില്‍ നടപ്പാക്കപ്പെടുന്ന ജനകീയ ബദല്‍ നയങ്ങള്‍. കഴിഞ്ഞ തവണ സര്‍വതലസ്പര്‍ശിയും സാമൂഹ്യ നീതിയിലധിഷ്ഠിതവുമായ വികസനവും അതിലൂടെ നവകേരള സൃഷ്ടിയുമാണ് നാം ലക്ഷ്യമിട്ടതെങ്കില്‍ ഇപ്പോള്‍ നവകേരള നിര്‍മിതിയുടെ പുതിയൊരു ഘട്ടത്തിലേക്കു നാം കടക്കുകയാണ്. അടിസ്ഥാന സൗകര്യ മേഖലയില്‍ കഴിഞ്ഞ സര്‍ക്കാരുണ്ടാക്കിയ മുന്നേറ്റത്തിന്റെ അടിത്തറയില്‍ സ്ഥായിയായ ഒരു വികസന മാതൃക യാഥാര്‍ഥ്യമാക്കണം.
പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടൊപ്പം നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. അതിനായി കേരളത്തെ വിജ്ഞാനസമൂഹമായി രൂപാന്തരപ്പെടുത്തണം. അതിനുതകുന്ന തരത്തിലുള്ള വികസന മാതൃകകള്‍ സഫലമാകുന്ന നാടായി പരിവര്‍ത്തിപ്പിക്കണം. ഇവ ഉറപ്പുവരുത്താനാണ് ഈ സര്‍ക്കാരിലൂടെ ലക്ഷ്യമിടുന്നത്.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് ആധുനികവും ഉയര്‍ന്ന തൊഴില്‍ശേഷിയുള്ളതുമായ ഉല്‍പ്പാദനപരമായ ഒരു സമ്പദ്ഘടന ഇവിടെ സൃഷ്ടിക്കും. ഇന്ത്യയിലെ സ്കില്‍ഡ് ലേബറിന്റെ ഹബ്ബായി മാറാനുള്ള സാധ്യത കേരളത്തിനുണ്ട്. അടുത്ത 25 വര്‍ഷംകൊണ്ട് ജീവിതനിലവാരം അന്താരാഷ്ട്രതലത്തിലെതന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതോടൊപ്പംതന്നെ നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറപ്പുവരുത്തും. ജീവിതഗുണമേന്മയോടും സുരക്ഷയോടുംകൂടി മനുഷ്യര്‍ക്ക് ജീവിക്കാന്‍ കൊള്ളാവുന്ന സംസ്ഥാനമാക്കി നിലനിര്‍ത്തുന്നതിന് ഉതകുന്ന ക്ഷേമ, സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇനിയും മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള വ്യക്തമായ കാര്യപരിപാടി നടപ്പാക്കും. പശ്ചാത്തലസൗകര്യ മേഖലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 60,000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്. പശ്ചാത്തല സൗകര്യങ്ങള്‍ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിക്കും.
കേരളത്തിന് കൂടുതല്‍ അനുയോജ്യമായ വ്യവസായങ്ങളായി നാം കരുതുന്നത് ഐടി പോലുള്ള വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളും ടൂറിസംപോലുള്ള സേവനപ്രദാന വ്യവസായങ്ങളുമാണ്. ഇതിനുപുറമെ പ്രധാനപ്പെട്ടത് സോഫ്റ്റ്വെയര് നിര്‍മാണംപോലുള്ള നൈപുണീസാന്ദ്ര വ്യവസായങ്ങളും നമ്മുടെ വിഭവങ്ങളുടെ മൂല്യവര്‍ധിത വ്യവസായങ്ങളുമാണ്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന ബയോടെക്നോളജിപോലുള്ള സാങ്കേതികവിദ്യകളുടെ വികാസവും പ്രധാനമാണ്. ഉല്പ്പാദനമേഖലകളായ കാര്‍ഷിക-കാര്‍ഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളില്‍ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്തും.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ വിജ്ഞാനസമ്പദ്ഘടനയായി പുതുക്കിപ്പണിയുന്നതിന് കൃത്യമായൊരു പരിപാടിയാണ് ഇക്കുറി നടപ്പാക്കാന്‍ പോകുന്നത്. വിജ്ഞാന സമൂഹത്തിലേക്കുള്ള പരിവര്‍ത്തനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകള്‍ നടത്തുക ഉന്നതവിദ്യാഭ്യാസ മേഖലയിലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സര്‍ക്കാരിന്റെ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും വര്‍ഗീയ-അമിതാധികാര പ്രവണതകള്‍ക്കും എതിരെ കേരളം ഒരു ബദല്‍ അവതരിപ്പിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ക്കും അക്കാദമിക് സ്ഥാപനങ്ങള്‍ക്കും നൂതന സാങ്കേതികവിദ്യാ മേഖലകളോട് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള വഴിയൊരുക്കും. അവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈടെക്നോളജി സംരംഭങ്ങളിലേര്‍പ്പെടുന്നതിനും പ്രോത്സാഹനം നല്‍കും. അങ്ങനെ അടുത്ത മൂന്നുമുതല്‍ അഞ്ചു വര്‍ഷംകൊണ്ട് ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ഒരു പുതിയ വികസനപാതയിലേക്കു പുരോഗമിക്കുന്നതിന് മതനിരപേക്ഷ ജനാധിപത്യ സ്വഭാവത്തെ ശക്തിപ്പെടുത്തേണ്ടത് അതിപ്രധാനമാണ്. സുസ്ഥിരവികസനം എന്ന ലക്ഷ്യം നേടുന്നതിന് അത്യന്താപേക്ഷിതമാണ് നമ്മുടെ നാട്ടിലെ സമാധാന അന്തരീക്ഷം കുറേക്കൂടി മെച്ചപ്പെടുത്തുക എന്നത്. ആഗോളവല്‍ക്കരണ പ്രക്രിയക്കു സഹായകരമാകുന്ന വര്‍ഗീയ-വിദ്വേഷ സമീപനങ്ങളെ ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. കേരളം മുന്നോട്ടുവയ്ക്കുന്ന ജനകീയ ബദല്‍ പ്രാവര്‍ത്തികമാക്കുന്നതിന് അത് അനിവാര്യമാണ്.
രാജ്യമൊട്ടാകെ ഈ ഘട്ടത്തില്‍ കേരളമെന്താണ് ചെയ്യുന്നത് എന്നറിയാന്‍ ഉറ്റുനോക്കുകയാണ്. നമ്മുടെ ജനകീയ ബദലില്‍ പ്രത്യാശവയ്ക്കുന്ന ആളുകളുടെ എണ്ണം രാജ്യത്തുതന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ ബദലിനെ കൂടുതല്‍ ജനകീയമായി വിപുലീകരിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള കാര്യപരിപാടികളായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുക. ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന അഭൂതപൂര്‍വമായ പിന്തുണ ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്തബോധമുള്ളവര്‍ ആക്കുകയാണ്. ഞങ്ങളില്‍നിന്ന് ജനം എന്താണ് പ്രതീക്ഷിക്കുന്നത് എന്നു വ്യക്തമാണ്. കഴിഞ്ഞ സര്‍ക്കാരിനെപ്പോലെതന്നെ കൂടുതല്‍ വിനയത്തോടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഈ സര്‍ക്കാരും ശ്രമിക്കുക.