അച്ഛന്റെ കോടിക്കണക്കിന് സ്വത്തില്‍ ഒരു സെന്റ് പോലും എനിക്കില്ല, ഗണേഷ് രണ്ട് തവണ വില്പത്രം ചോര്‍ത്തി’; ആരോപണത്തിലുറച്ച് ഉഷാ മോഹന്‍ദാസ്
ആര് ബാലകൃഷ്ണപ്പിള്ളയുടെ വില്പത്ര വിവാദത്തില്‍ ഗണേഷ് കുമാറിനെതിരെയുള്ള ആരോപണത്തിലുറച്ച് സഹോദരി ഉഷാ മോഹന്‍ദാസ്. ഗണേഷ് രണ്ട് തവണ വില്പത്ര സാക്ഷി പ്രഭാകര പിള്ളയെ സ്വാധീനിച്ച് വില്പത്രം ചോര്‍ത്തിയെന്നും ഉഷാ മോഹന്‍ദാസ് പറഞ്ഞു.
ആര് ബാലകൃഷ്ണ പിള്ളയുടെ കോടിക്കണക്കിന് സ്വത്തില്‍ ഒരു സെന്റ് പോലും തനിക്ക് ലഭിച്ചില്ലെന്നും ഉഷാ മോഹന്‍ദാസ് പറയുന്നു. ഇത് ഗണേഷ് കുമാറിന്റെ സമ്മര്‍ദ്ദവും ഒപ്പം ഗണേഷും അനുജത്തിയും ക്രമക്കേട് നടത്തിയതും മൂലമാണെന്ന് ഇവര്‍ പപറയുന്നു.
പ്രതികരണത്തിന്റെ പൂര്‍ണ രൂപം,
‘ ഇതൊരു കുടുംബ വിഷയമാണ്. മാധ്യമങ്ങളിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. അത് കൊണ്ടാണ് ഇന്നലെ പല പത്രക്കാരും ചാനലുകാരും സമീപിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഞാന്‍ പറഞ്ഞത്. കു
ടുംബത്തിനുള്ളില് തീരുമെങ്കില്‍ തീരട്ടെ എന്ന് വിചാരിച്ചു. പക്ഷെ എന്റെ സഹോദരിയും സാക്ഷിയും വളരെ മോശമായി പച്ചക്കള്ളങ്ങള്‍ വിളിച്ച് പറഞ്ഞപ്പോഴാണ് പ്രതികരിക്കാന്‍ ഞാന്‍ തയ്യാറായത്. അച്ഛന് മരിച്ച് 16 ദിവസം കഴിഞ്ഞിട്ട് ഇങ്ങനെയൊരു വിഷയമുണ്ടാവുന്നത് വളരെ ഖേദകരമാണ്. പക്ഷെ പറയാതിരിക്കാന്‍ നിവൃത്തിയില്ല.
‘അച്ഛന്റെ സാക്ഷി നിന്ന പ്രഭാകര പിള്ള എന്ന് പറഞ്ഞയാളാണ് ഇതിനകത്ത് പ്രധാനമായി കളിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്പത്രം തയ്യാറാക്കി രഹസ്യമായി രജിസ്റ്റര്‍ ചെയ്ത് അടഞ്ഞ ബില്ലാക്കി കൊല്ലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ അച്ഛന് രജിസ്റ്റര്‍ ചെയ്തിരുന്നു. അതിന്റെ കോപ്പി ഈ മനുഷ്യന് എടുത്ത് ഗണേഷിന് കൊടുക്കുകയായിരുന്നു. അങ്ങനെ അത് പുറത്തായി. ഗണേഷിന് അതില്‍ ഇഷ്ടക്കേട് വന്നതോടെ വളരെ ബലമായി അത് പിന്‍വലിപ്പിച്ചു. അത് കഴിഞ്ഞ് അച്ഛന് പുതിയതായി വില്പത്രം തയ്യാറാക്കി. അതിന്റെ കോപ്പിയെടുത്ത് സാക്ഷി നിന്ന പ്രഭാകര പിള്ള വീണ്ടും ഗണേഷിന് കൊടുത്തു. ഞാന്‍ വിശ്വസിക്കുന്നത് ഈ വില്പത്രം ഗണേഷും സഹോദരിയും ചേര്‍ന്ന് ഉണ്ടിക്കായതാണെന്നാണ്. കാരണം അച്ഛന്റെ മുഴുവന്‍ സ്വത്തും ഈ രണ്ടു പേരും കൂടി വീതിച്ചെടുത്തിരിക്കുന്നെന്നതാണ് യഥാര്‍ത്ഥ സത്യം. എനിക്ക് ഒരു എസ്റ്റേറ്റിനെ പറ്റി വില്പത്രത്തില് പറയുന്നുണ്ട്. അത് വര്‍ഷങ്ങള്‍ക്ക് മുമ്പേ എന്റെ അമ്മ എനിക്ക് തന്നതാണ്. എന്റെ അനുജത്തിക്കും അതുപോലൊരു എസ്റ്റേറ്റ് അമ്മ കൊടുത്തു. അല്ലാതെ ഇത് അച്ഛനുമായി ബന്ധപ്പെട്ടതല്ല. അച്ഛന്റെ കോടിക്കണക്കിനു വരുന്ന സ്വത്തുക്കളില്‍ ഒരു സെന്റ് പോലും എനിക്ക് തന്നിട്ടില്ല. അത് ഗണേഷും ഈ സഹോദരിയും ചേര്‍ന്ന് മുഴുവനും വീതിച്ചെടുത്തു. വില്പത്രം പരിശോധിച്ചാല്‍ ആര്‍ക്കും ഇത് മനസ്സിലാവും,’ ഉഷാ മോഹന്‍ദാസ് പറയുന്നു.
‘ഞാന്‍ അച്ഛന് എല്ലാ കടമകളും നിറവേറ്റിയ ആളാണ്. അച്ഛന് എന്നെ ഒഴിവാക്കുമെന്ന് ഒരിക്കലും വശ്വസിക്കുന്നില്ല. സാക്ഷി നിന്ന പ്രഭാകര പിള്ള ഗണേഷിന്റെ ഏറ്റവും അടുത്തയാളും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ശിങ്കിടിയുമാണ്. ആ മനുഷ്യന് അങ്ങനെ മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. അച്ഛന്റെ വിശ്വസ്തന് എന്ന് പറയാന്‍ പറ്റില്ല. കാരണം അച്ഛന് രഹസ്യമായി വെച്ച രണ്ട് വില്പത്രങ്ങളും ചോര്‍ത്തിയത് ആ മനുഷ്യനാണെന്നും ഉഷാ മോഹന്‍ദാസ് പറഞ്ഞു. വില്പത്രം മാറ്റിയെഴുതാന്‍ നല്ല സമ്മര്‍ദ്ദമുണ്ടെന്ന് അച്ഛന് പല തവണ തുറന്ന് പറഞ്ഞിരുന്നു. ക്രൂരമായ ഒരു പ്രവൃത്തിയായിപ്പോയെന്നും ഉഷാ മോഹന്‍ദാസ് പറഞ്ഞു.
വില്പത്ര വിവാദത്തില്‍ കെബി ഗണേഷ് കുമാറിന് പിന്തുണയുമായി ഇളയ സഹോദരി ബിന്ദു ബാലകൃഷ്ണന് രംഗത്തു വന്നതിനു പിന്നാലെയാണ് ഉഷയുടെ പ്രതികരണം. ഗണേഷ് കുമാര്‍ വില്പത്രത്തില് കൃതിമത്വം കാണിച്ചിട്ടില്ലെന്നും ആര് ബാലകൃഷ്ണപിള്ള സ്വന്തം ഇഷ്ടപ്രകാരമാണ് വില്‍പത്രമെഴുതിയതെന്നും ബിന്ദു പറയുന്നു. അച്ഛന് മരിച്ചിട്ട് കുറച്ച് ദിവസം മാത്രമായിരിക്കെ നടക്കുന്ന വിവാദങ്ങള്‍ വിഷമമുണ്ടാക്കുന്നുണ്ടെന്നും ബിന്ദു ബാലകൃഷ്ണന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘അച്ഛന് മരിച്ചിട്ട് അധിക ദിവസമായില്ല. അച്ഛനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ വിഷമമുണ്ട്. വില്പത്രം സ്വന്തം ഇഷ്ടപ്രകാരം അച്ഛന് മാസങ്ങള്‍ക്ക് മുമ്പേ എഴുതിയതാണ്. ആരെടെയും കൈകടത്തലോ ഗണേഷിന്റെ ഇടപെടലോ ഇല്ല. മരിക്കുന്നതിന് ഒരു ദിവസം മുന്നേ മാത്രമേ അച്ഛന് ഓര്മ്മക്കുറവുണ്ടായിരുന്നുള്ളൂ. അല്ലാതെ നല്ല ഓര്‍മ്മയുണ്ടായിരുന്നു. ഓര്മ്മയോടഴ കൂടി അച്ഛന് പറഞ്ഞു കൊടുത്ത് എഴുതിച്ചതാണ്. പക്ഷെ അച്ഛന് മരിച്ച ശേഷമേ വില്പത്രം പുറത്തെടുത്തുള്ളൂ. എനിക്ക് അച്ഛന് തന്നതില്‍ സംതൃപ്തിയാണ്. അച്ഛന് അങ്ങനെ ആരും പറഞ്ഞാല്‍ കേള്‍ക്കുന്ന ആളല്ല. സ്വന്തം ഇഷ്ടപ്രകാരമേ ചെയ്യൂ. ആര്‍ക്കും ഇടപെടാന്‍ പറ്റില്ല,’ ബിന്ദു ബാലകൃഷ്ണന് പറഞ്ഞു. നിലവിലെ സംഭവങ്ങളില്‍ ഗണേഷ് കുമാറും വിഷമത്തിലാണെന്നും ബിന്ദു പറഞ്ഞു.