ശൈലജക്കെതിരെ പാര്‍ട്ടിയില്‍ കരുനീക്കങ്ങള്‍ നടത്തിയതാര്? കോടിയേരിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുന്നു
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ കെ.കെ ശൈലജയുടെ പങ്ക് ഏറെ വലുതാണെന്ന് ഫലം പുറത്തുവന്നതിന് പിന്നാലെ പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. മട്ടന്നൂരിലെ ചരിത്ര വിജയം അണികളുടെ വികാരവും അടയാളപ്പെടുത്തി. പിണറായി വിജയനെ ക്യാപ്റ്റനാക്കി പ്രചരണ പരിപാടികള്‍ മുന്നോട്ടുപോയപ്പോള്‍ ഉപനായികയായി പാര്‍ട്ടി അണികള്‍ കണക്കിലെടുത്തത് കെ.കെ ശൈലജയെയാണ്. ആരോഗ്യവകുപ്പിന്റെ മികച്ച പ്രകടനം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത് പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇരട്ടിയാക്കാന്‍ സഹായിച്ചു.
പ്രളയത്തെ സര്‍ക്കാര്‍ നേരിട്ട രീതിയെ പ്രശംസിച്ചതിന് പതിന്മടങ്ങ് അംഗീകാരമാണ് നിപ്പയെയും കൊവിഡ് പ്രതിരോധത്തിനും ലഭിച്ചത്. ഇതെല്ലാം സുപ്രധാന ഘടകങ്ങളായി നിലനില്‍ക്കെ പാര്‍ട്ടിക്കുള്ളില്‍ ചരടുവലികള്‍ ഇല്ലാതെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജയെ മാറ്റിനിര്‍ത്താന്‍ സാധ്യതയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയെന്ന നിലയില്‍ സിപിഐഎമ്മിന്റെ തീരുമാനത്തെ ശൈലജ സ്വാഗതം ചെയ്യുകയുണ്ടായി. അതേസമയം കണ്ണൂരിലെ ചില നേതാക്കള്‍ ശൈലജ പാര്‍ട്ടിയുടെ മുഖമായി അവതരിപ്പിക്കപ്പെടുന്നത് തലവേദന സൃഷ്ടിക്കുമെന്ന് സൂചന നല്‍കിയിരുന്നു.
കണ്ണൂരില്‍ നിന്നുള്ള ഈ വിയോജിപ്പ് തന്നെയാണ് ശൈലജയെ മാറ്റിനിര്‍ത്തിയതിന് പിന്നിലെ കാരണങ്ങളെന്നാണ് അഭ്യൂഹങ്ങള്‍. പാര്‍ട്ടിയിലെ സൈബര്‍ ഗ്രൂപ്പുകളെല്ലാം കെ കെ ശൈലജയ്ക്ക് വേണ്ടി വാദിക്കുന്നുണ്ട്. പി.ജെ ആര്‍മി മുതല്‍ കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സൈബര്‍ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ടെങ്കിലും സിപിഐഎം തീരുമാനം മാറില്ലെന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി തീരുമാനം എന്ന നിലയില്‍ നേരത്തെ ശൈലജയ്ക്ക് ഇളവ് ലഭിക്കുമെന്ന് നേരത്തെ വ്യക്തമായിരുന്നു.
എന്നാല്‍ ഇന്ന് നടന്ന ചര്‍ച്ചയില്‍ ശൈലജയ്ക്ക് വേണ്ടി വാദിക്കാന്‍ വളരെ ചുരുങ്ങിയ നേതാക്കള്‍ മാത്രമെ തയ്യാറായുള്ളു. പാര്‍ട്ടി അണികളില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനെതിരെയും വിമര്‍ശനമുണ്ട്. കോടിയേരിയുടെ ശാഠ്യമാണ് ശൈലജയെ മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. കെ. ആര് ഗൗരിയമ്മയുടെ ഗതിയാണ് കെകെ ശൈലജയെ കാത്തിരിക്കുന്നതെന്ന് വാദിക്കുന്നവരും കുറവല്ല.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ശൈലജയ്ക്ക് പിന്തുണ നല്കുന്ന ഘട്ടത്തില്‍ ചില വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് പാര്‍ട്ടി വഴങ്ങുകയാണെന്നും സൂചനയുണ്ട്. ദേശീയ നേതൃത്വം വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് കടുത്ത അതൃപ്തി ചില നേതാക്കള്‍ രേഖപ്പെടുത്തിയതായിട്ടും സൂചനയുണ്ട്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്ന് കെകെ ശൈലജ ടീച്ചറെ ഒഴിവാക്കരുതെന്ന് സിപിഐഎം സംസ്ഥാന സമിതിയില്‍ ആവശ്യപ്പെട്ടത് ഏഴ് പേരാണ്. എംവി ജയരാജന്, അനന്തഗോപന്‍, സൂസന് കോടി, സതീദേവി, സുജാത, പി രാജേന്ദ്രന്, കെ രാജഗോപാല്‍ എന്നിവരാണ് ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരാള്‍ക്ക് മാത്രമായി ഇളവ് നല്കാന് സാധിക്കില്ലെന്ന നിലപാട് കോടിയേരി ബാലകൃഷ്ണന് സ്വീകരിക്കുകയായിരുന്നു.
60963 ന്റെ ചരിത്ര ഭൂരിപക്ഷവുമായാണ് മട്ടന്നൂരില്‍ നിന്നും ഇത്തവണ കെക ശൈലജ വിജയിച്ചത്. അതിനാല്‍ മന്ത്രിസ്ഥാനത്തേക്ക് ശൈലജയെ പരിഗണിക്കാത്തത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിനിമാതാരങ്ങളും മറ്റ് രാഷ്ട്രീയപ്രമുഖരും വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പാര്‍ട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ ടീച്ചറും രംഗത്തെത്തി. തീരുമാനം പാര്‍ട്ടിയുടേതാണെന്നും അത് പൂര്‍ണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തില്‍ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.