അന്തരീക്ഷ മലിനീകരണം 17 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയില്‍; ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ന്യൂഡല്‍ഹി: തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണത്തോത് 17 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലെത്തിയതിനെത്തുടര്ന്നു ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ന്യൂഡല്‍ഹിയും ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിന്റെ അവസ്ഥയിലേക്ക് പോവുകയാണോയെന്നു ഭയക്കേണ്ടിയിരിക്കുന്നുവെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം.
കുട്ടികളും മുതിര്‍ന്നവരും ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗമുള്ളവരും പുറത്തിറങ്ങുന്നതു പരമാവധി കുറയ്ക്കണമെന്നാണു മുന്നറിയിപ്പ്. പൊടിപടലങ്ങളും മഞ്ഞും ഇടകലര്‍ന്നു പുകമഞ്ഞു രൂപപ്പെട്ടതിനെത്തുടര്‍ന്നാണ് മലിനീകരണം അപകടകരമാം വിധം വര്‍ധിച്ചത്. ചെറിയ കുട്ടികളെയാണ് ഇതു വലിയ രീതിയില്‍ ബാധിക്കാറ്. സാധാരണഗതിയില്‍ വിദ്യാലയങ്ങള്‍ക്കും മറ്റും അവധി പ്രഖ്യാപിച്ച് സാഹചര്യത്തെ നേരിടുകയാണ് ചെയ്യാറ്. ന്യൂഡല്‍ഹിയില്‍ ധാരളം മരങ്ങളും മറ്റുമുള്ളതിനാല്‍ മലിനീകരണം താരതമ്യേന കുറവാണ്. എന്നാല്‍, പഴയ ഡല്‍ഹിയില്‍ മലിനീകരണത്തിന്റെ തോത് വളരെയധികമാണ്.
കാറ്റിന്റെ വേഗം കുറഞ്ഞതു സ്ഥിതി സങ്കീര്‍ണമാക്കി. തണുപ്പുകാലം തുടങ്ങിയതോടെ രണ്ടാഴ്ച മുന്‍പു തന്നെ മലിനീകരണത്തോത് വഷളായിരുന്നു. ദീപാവലിയുടെ കരിമരുന്നു പ്രയോഗങ്ങള്‍ കൂടിയായതോടെ ഇതു തീര്‍ത്തും മോശമായി. ദീപാവലി സമയത്ത് വെടിമരുന്നിന്റെ ഉപയോഗം കുറയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും ഇതു നടപ്പായില്ലെന്നാണ് അന്തരീക്ഷ മലിനീകരണതോത് കാണിക്കുന്നത്. കൂടാതെ അയല്‍ സംസ്ഥാനങ്ങളില്‍ വിളവെടുപ്പിനു പിന്നാലെ അവശിഷ്ടങ്ങള്‍ കത്തിച്ചതും സ്ഥിതി മോശമാക്കി. ശ്വാസകോശത്തെ മാരകമായി ബാധിക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പിഎം) 2.5ന്റെ അന്തരീക്ഷത്തിലെ അളവ് കഴിഞ്ഞ ദിവസങ്ങളില്‍ 65 % വര്‍ധിച്ചു. ദൂരക്കാഴ്ച കുറഞ്ഞതു ഗതാഗതത്തെ സാരമായി ബാധിക്കുകയും ചെയ്തു.
ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നു സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടികളെക്കുറിച്ച് ഉടന്‍തന്നെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചീഫ് സെക്രട്ടറിയ്ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ആരോഗ്യ അടിയന്തരാവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ചൈനയുടെ തലസ്ഥാനമായ ബീജിങ്ങില്‍ ഇത് സ്ഥിരമാണ്. കുട്ടികളെ പുറത്തിറങ്ങുന്നതില്‍ നിന്നു വിലക്കുക, പ്രായമായവര്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുക, വീടുകള്‍ക്കും മറ്റും നല്ല വെന്റിലേഷന് നല്‍കുക, ശുദ്ധവായു കൂടുതല്‍ എത്തിക്കുക തുടങ്ങിയവയാണ് ചെയ്യാറ്. ഇത്തരമൊരു അവസ്ഥ ഡല്‍ഹിയിലേക്കും എത്തുന്നുവെന്നത് ഏറെ ഗൗരവത്തോടെ കാണണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഡല്‍ഹി കൂടാതെ കൊല്‍ക്കത്ത, മുംബൈ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വന്‍നഗരങ്ങളും ഇതേ ഭീഷണിയിലാണ്. ഡല്‍ഹിയിലെ വാഹനങ്ങളില്‍ പലതിലും സിഎന്‍ജി ഉപയോഗിക്കുന്നു. എന്നാല്‍, മറ്റു സംസ്ഥാനങ്ങളില്‍ ഇതും ഇല്ല. കൊല്‍ക്കത്ത പോലുള്ള നഗരങ്ങളില്‍ ഇപ്പോഴും പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ഇത് കൂടുതല്‍ അപകടം ക്ഷണിച്ചു വരുത്തുന്നു.