മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന ഒഴിവാക്കണമെന്ന് രാഹുല്‍ ഗാന്ധി; പുന: പരിശോധന ആവശ്യപ്പെട്ട് കത്തയച്ചു
ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പട്ടികയില്‍ നിന്ന് മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജിനെ ഒഴിവാക്കിയ സംഭവത്തില്‍ കേന്ദ്രത്തിന് രാഹുല്‍ ഗാന്ധിയുടെ കത്ത്. നടപടി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രിക്കും,ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കുമാണ് രാഹുല്‍ കത്ത് അയച്ചത്.
കേരളത്തില്‍ ഏറ്റവും അധികം കൊവിഡ് രോഗികളുള്ള ജില്ലകളിലൊന്നാണ് മലപ്പുറം. കൊവിഡ് പോസിറ്റീവ് നിരക്ക് വര്‍ദ്ധിക്കുക കൂടെ ചെയ്യുന്ന സാഹചര്യമുണ്ട്. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളേജിനോടുള്ള അവഗണന ഒഴിവാക്കണമെന്നും, നടപടി വേഗത്തില്‍ ആകണം എന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസ്സമദ് സമദാനി, പി വി അബ്ദുല്‍ വഹാബ് എന്നിവരും സര്‍ക്കാര്‍ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്കും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രിക്കും നാഷണല്‍ ഹൈവേ അതോറിറ്റിക്കും കത്തയച്ചിരുന്നു.
മലപ്പുറത്ത് കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍, ഓക്സിജന്‍ പ്രതിസന്ധി നേരിടാന്‍ ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാകേന്ദ്രമായ മഞ്ചേരി മെഡിക്കല്‍ കോളജില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണത്തിലിരുന്ന ഓക്സിജന്‍ പ്ലാന്റിന് അനുമതി നിഷേധിക്കപ്പെട്ട നടപടി ഞെട്ടിക്കുന്നതാണെന്ന് എംപിമാര്‍ കത്തില്‍ പറയുന്നു.
എന്‍എച്ച്എഐ അധികൃതര്‍ മഞ്ചേരിയിലെത്തി സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തില്‍ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രദേശത്തെ മരങ്ങള്‍ മുറിച്ചുമാറ്റുകയും നിലം ഒരുക്കുകയും ചെയ്തതിനു ശേഷമാണ് മുന്‍ഗണന പട്ടികയില്‍ മലപ്പുറം ഇല്ലെന്ന കാര്യം പുറത്തുവരുന്നത്. ഇതോടെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ഈമാസം ആറിന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റാണ് മുടങ്ങിയത്. കൊല്ലത്തും മഞ്ചേരിയിലും ഉള്‍പ്പെടെ സംസ്ഥാനത്ത് രണ്ട് ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റുകളാണ് അനുവദിച്ചിരുന്നത്. നാഷനല്‍ ഹൈവേ അതോറിറ്റിക്കായിരുന്നു മേല്‍നോട്ട ചുമതല. ഇതില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സ്ഥാപിക്കുന്ന കേന്ദ്രങ്ങളുടെ അന്തിമപട്ടിക വന്നപ്പോള്‍ മലപ്പുറം ജില്ലയെ മാത്രമാണ് തഴഞ്ഞത്.
സംസ്ഥാന സര്‍ക്കാരിന് ഉറപ്പ് ലഭിക്കുകയും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത പദ്ധതിയില്‍ നിന്ന് അവസാനനിമിഷം ജില്ലയെ ഒഴിവാക്കിയതോടെ വലിയ പ്രതീക്ഷയോടെ നിര്‍മാണം തുടങ്ങിയ പദ്ധതിയാണ് ഇല്ലാതാവുന്നത്.