സംസ്ഥാനത്ത് നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലാണ് ട്രിപിള്‍ ലോക്ഡൗണ്‍ നടപ്പില്‍ വരിക. മെയ് 16 മുതലായിരിക്കും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക. സംസ്ഥാനത്താകെ മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടിയതായും മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാകും. മെഡിക്കല്‍ സ്റ്റോറുകളടങ്ങുന്ന അവശ്യ സേവനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തിക്കാന്‍ അനുമതി. ചട്ടലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും. രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക.
ഇന്ന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തില്‍ റവന്യൂ, ദുരന്തനിവാരണ അതോറിറ്റി, പൊലീസ് തുടങ്ങിയ വിവിധ വകുപ്പുകള്‍ മുന്നോട്ടുവെച്ച ശുപാര്‍ശ പ്രകാരമാണ് തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 34,694 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,375 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,76,89,727 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.