തെരഞ്ഞെടുപ്പിന് പിന്നാലെ കമല്‍ഹസ്സന്റെ മക്കള്‍നീതി മയ്യത്തില്‍ കൂട്ടരാജി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം രണ്ട് പേര് രാജിവെച്ചു. മുന്‍ ഐഎഎസ് ഓഫീസര്‍ സന്തോഷ് ബാബു, പരിസ്ഥിതി പ്രവര്‍ത്തക പത്മ പ്രിയ എന്നിവരാണ് രാജിവെച്ചത്. ഇരുവരും തങ്ങളുടെ ട്വിറ്ററിലൂടെയാണ് രാജി പ്രഖ്യാപിച്ചത്.
തമിഴ്നാട് തെരഞ്ഞെടുപ്പില്‍ വളഞ്ചേരിയില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായിരുന്നു സന്തോഷ് ബാബു. രാജി അറിയിച്ചുകൊണ്ട് സന്തോഷ് ട്വീറ്റ് ചെയ്തത് ഇപ്രകാരം-
‘സുഹൃത്തുക്കളേ, ഞാന്‍ മക്കള്‍ നീതിമയ്യത്തിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും മറ്റ് പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവെച്ച കാര്യം അതീവ ദുഃഖത്തോടെ അറിയിക്കുകയാണ്. തീര്‍ത്തും വ്യക്തിപരമായ കാരണത്താലാണ് രാജി.’
മധുരവോയല്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പത്മപ്രിയ. പാര്‍ട്ടിക്ക് എല്ലാ ഭാവുകങ്ങളും അറിയിച്ചുകൊണ്ടാണ് പത്മപ്രിയയുടെ രാജി.
‘ പ്രിയപ്പെട്ടവരെ മക്കള്‍ നീതി മയ്യം സംസ്ഥാന സെക്രട്ടറി (പരിസ്ഥിതി വിംഗ്) സ്ഥാനത്ത് നിന്നും പ്രാഥമികാംഗത്വത്തില്‍ നിന്നും രാജി അറിയിക്കുന്നു. കുറേ ആലോചിച്ച ശേഷമാണ് തീരുമാനം. തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് രാജിക്ക് അടിസ്ഥാനം. കമല്‍ഹസ്സനും പാര്‍ട്ടിക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.’ പ്രിയ പത്മ ട്വീറ്റ് ചെയ്തു.
നേരത്തെ വൈസ് പ്രസിഡണ്ടായിരുന്ന ആര് മഹേന്ദ്രന് പാര്‍ട്ടി വിട്ടിരുന്നു. 2021 ലെ തമിഴ്നാട് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് കാരണം പാര്‍ട്ടിയുടെ ബാലിശമായ തീരുമാനങ്ങളാണെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ആര് മഹേന്ദ്രന് രാജി വെച്ചത്. ഹസന് പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യ വിരുദ്ധമായിട്ടാണെന്നും മഹേന്ദ്രന് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 234 സീറ്റുകളില്‍ ഒരെണ്ണം പോലും ജയിക്കാന്‍ കഴിയാത്തതില്‍ ആറ് പ്രധാന നേതാക്കള്‍ നേരത്തെ രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഹേന്ദ്രന്റെയും രാജി. മുതിര് നേതാക്കളായ എജി മൗര്യ, എം മുരുകാന്ദം,സി കെ കുമാരവേല്‍, ഉമാദേവി എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.