അമിതാഹ്ലാദം വേണ്ട, കൊവിഡ് കുറയട്ടെ
കൊവിഡ് രണ്ടാം തരംഗം അതിശക്തമായി വ്യാപനം നടത്തിയ സംസ്ഥാനങ്ങളിൽ പുതിയ കേസുകളും മരണനിരക്കും മെല്ലെ കുറഞ്ഞുവരുന്നത് ആശ്വാസം പകരുന്ന വാർത്തയാണെങ്കിലും അതിന്റെ പേരിൽ അമിതാഹ്ലാദത്തിനു മുതിരുന്നത് വീണ്ടും അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. ആദ്യഘട്ട വ്യാപനം തെല്ലൊന്നു കുറഞ്ഞപ്പോൾ കൊവിഡിനെ നമ്മൾ പിടിച്ചുകെട്ടിയെന്ന അമിതവിശ്വാസത്തിൽ എല്ലാ നിയന്ത്രണങ്ങളും അശാസ്ത്രീയമായി പിൻവലിച്ചതാണ് ഇന്ത്യയ്ക്കുണ്ടായ ദുരന്തത്തിനു കാരണമെന്ന് രാജ്യാന്തരതലത്തിൽ തന്നെ നിരീക്ഷണമുണ്ടായിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ വ്യാപനം കുറയുന്നുണ്ടെങ്കിലും ഗ്രാമീണമേഖലകളിലെ രോഗവ്യാപനം ഇനിയും വേണ്ടവിധം പഠനവിധേയമാക്കിയിട്ടില്ല. ഇനിയുള്ള ഓരോ ചുവടും അതീവ ജാഗ്രതയോടെ നടത്തിയില്ലെങ്കിൽ രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയെക്കാളും ഇന്ത്യ ലോകത്തിനു മുന്നിൽ വിമർശനവിധേയമാകും. ഇന്ത്യ കൊവിഡ് ദുരന്തത്തിൽ നിന്നു കരകയറിയാൽ മാത്രമേ ലോകത്തിന് പ്രതീക്ഷയ്ക്കു വകയുള്ളൂവെന്നാണ് പലരുടെയും വിലയിരുത്തൽ. അതിനു തക്ക ഉത്തരവാദിത്വം സർക്കാരുകളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് പ്രകടിപ്പിക്കേണ്ട സമയമാണിത്.
കൊവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ ശരിയായ വിധത്തിൽ സംസ്കരിക്കുന്നതിനു പകരം ഗംഗാനദിയിൽ ഒഴുക്കിക്കളയുന്നതാണ് ഇന്ത്യയിലെയും വിദേശങ്ങളിലെയും മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രാധാന്യത്തോടെ വന്ന വാർത്ത. സ്പാനിഷ് ഫ്ലൂവിനുശേഷം നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിലെ ഗ്രാമങ്ങൾക്ക് കാര്യമായ ശാസ്ത്രബോധം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. സ്പാനിഷ് ഫ്ലൂ അതിവേഗം പടർന്നപ്പോൾ അന്ന് ഉറ്റബന്ധുക്കളുടെ അന്ത്യകർമം നടത്താനാകാതെ മൃതദേഹങ്ങൾ നർമദാ നദിയിൽ കൂട്ടത്തോടെ ഒഴുക്കിയതു സംബന്ധിച്ച 1919 ലെ റിപ്പോർട്ട് നാഷനൽ ആർക്കൈവ്സിലുണ്ട്. ആരോഗ്യപ്രവർത്തകരടക്കം രോഗബാധിതരായതിനെ തുടർന്നാണ് അന്ന് അതുണ്ടായത്. ഇത്തവണ ചില വിഡിയോകളിൽ കണ്ടത് ആരോഗ്യപ്രവർത്തകർ ആംബുലൻസിൽ കൊണ്ടുവന്ന് മൃതദേഹങ്ങൾ നദിയിൽ തള്ളുന്നതാണ്. മറ്റു ചില രാജ്യങ്ങളിൽ വലിയ കിടങ്ങുകൾ തീർത്ത് ജെസിബിയിൽ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിച്ചു മൂടിയതിന്റെ ഇന്ത്യൻ പതിപ്പ്. എന്നാൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ പരിതാപകരമായ അവസ്ഥ കൂടി ഇത് വെളിവാക്കുന്നു.
കൊവിഡ് മഹാമാരിയെ കുറിച്ച് കാര്യമായ ബോധവത്കരണം ഗ്രാമീണ മേഖലകളിൽ നടന്നിട്ടില്ല പലേടത്തും. കടുത്ത പനിയും ജലദോഷവും എന്ന മട്ടിലാണ് പലരും കൊവിഡിനെ കാണുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ നുഴഞ്ഞുകയറ്റം നടത്തി അപകടത്തിലാക്കുന്ന മാരകമായ രോഗമാണെന്ന് പറഞ്ഞാലും അതു ഗൗരവമായി കാണാനുള്ള മാനസികാവസ്ഥ പലർക്കുമില്ല. കൃഷിയിടങ്ങളിലും മറ്റും കഠിനാധ്വാനം ചെയ്യുന്ന തങ്ങൾക്ക് രോഗങ്ങൾ വന്നാലും പെട്ടെന്ന് മാറിക്കൊള്ളുമെന്നാണ് അവരുടെ ധാരണ. അതുകൊണ്ടാണ് നാട്ടുമരുന്നും ഗൃഹവൈദ്യവും വിട്ട് മറ്റൊന്നും അവർ ഉൾക്കൊള്ളാത്തത്. എന്നാൽ വേണ്ടത്ര പരിശോധന നടത്തി പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള ഗ്രാമങ്ങളെ കണ്ടെത്തുകയും അവിടങ്ങളിൽ ശക്തമായ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യുകയെന്നത് സംസ്ഥാന സർക്കാരുകൾ വെല്ലുവിളിയായി കാണേണ്ടിയിരിക്കുന്നു. ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നിർമിച്ചിട്ടുള്ള പുനരധിവാസ കേന്ദ്രങ്ങൾ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുകയെന്നതും പ്രധാനമാണ്.
കൊവിഡ് വാക്സിൻ പരമാവധി പേരിലേക്ക് എത്തിക്കുകയെന്നതാണ് സർക്കാരുകൾ ഇപ്പോൾ ചെയ്യേണ്ടത്. മുൻഗണനാ വിഭാഗത്തിലുള്ള എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ കൃത്യമായി നൽകുന്നതിലാണ് ആദ്യ ശ്രദ്ധ വേണ്ടത്. ഒന്നാമത്തെ ഡോസ് എടുത്തിട്ടുള്ളവർക്ക് സമയപരിധിക്കകം രണ്ടാമത്തെ ഡോസ് നൽകാനാകണം. കൂടുതൽ വാക്സിനുകൾ ലഭ്യമാകുന്ന മുറയ്ക്കുതന്നെ പതിനെട്ടിനു മുകളിലുള്ളവർക്കും വാക്സിൻ നൽകുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി നിലകൊള്ളണം. പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിവരുന്നുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും ആവശ്യങ്ങൾ അനുസരിച്ചുള്ള സത്വര നടപടികളും ആ ചർച്ചയിൽ നിന്ന് പ്രതീക്ഷിക്കുന്നു. രണ്ടാം കൊവിഡ് വ്യാപനം ഏറ്റവുമധികം ബാധിക്കുന്നത് യുവാക്കളെയാണ് എന്നത് ഗൗരവത്തോടെ കാണണം. അരോഗദൃഢഗാത്രരായ പലരും മഹാമാരിക്ക് ഇരയാകുന്ന കാഴ്ച വേദനാജനകവും ദുരന്തവുമാണ്. രോഗത്തിൽ നിന്ന് വഴിമാറി നടക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.
കേരളത്തിൽ വരും ദിവസങ്ങളിൽ വ്യാപനവും മരണവും അധികരിക്കുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സംഭ്രാന്തിയല്ല, സംയമനമാണ് ഇപ്പോൾ ആവശ്യം. രോഗാണു വായുവിലൂടെ കറങ്ങിനടക്കുന്നില്ലെന്നു മനസ്സിലാക്കി രോഗസാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. വീട്ടിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ചികിത്സ തേടുകയെന്നത് പ്രധാനമാണ്. കൊവിഡിൽ നിന്ന് ഒളിച്ചോടുകയല്ല, നേരിടുകയാണ് രോഗത്തെ തോൽപ്പിക്കാനുള്ള മാർഗമെന്ന് തിരിച്ചറിയണം. അതാകട്ടെ, സർക്കാരും ജനങ്ങളും ഒത്തൊരുമിച്ചു നിർവഹിക്കുകയും വേണം.