‘ലീഗിനെ മനസിലാക്കാന്‍ കെമാല്‍ പാഷയുടെ കോട്ടിന്റെ പിന്‍ബലം പോര’; മോഹങ്ങള്‍ നടക്കാതെ പോയതിന് ഇങ്ങോട്ട് കുതിരകയറരുതെന്ന് മുസ്ലീം ലീഗ്
വര്‍ഗീയ പാര്‍ട്ടിയെന്ന മുന്‍ ഹൈക്കോടതി ജഡ്ജി ബി കെമാല്‍ പാഷയുടെ ആരോപണം തള്ളി മുസ്ലീം ലീഗ്. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന പ്രസ്താവനയായി മാത്രമെ കേരളീയ സമൂഹം കാണുന്നുള്ളൂവെന്ന് ലീഗ് സംയുക്ത പ്രവ്സ്താവനയില്‍ പറയുന്നു. മുസ്ലീം ലീഗിന്റെ രാഷ്ട്രീയവും സംഘടനാ സംവിധാനവും എന്താമെന്ന് മനസിലാക്കാന്‍ അദ്ദേഹത്തിന്റെ കോട്ടിന്റെ പിന്‍ബലം മാത്രം പോരെന്നും എറണാകുളം ജില്ലയില്‍ മുസ്ലീം ലീഗിന്റെ സീറ്റിംഗ് സീറ്റായ കളമശ്ശേരിയില്‍ യുഡിഎഫില്‍ ആര് മത്സരിക്കും എന്ന് തീരുമാനിക്കാനുള്ള അധികാരം ലീഗിന് മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയം തനിക്ക് അനുകൂലമായില്ലെന്നതിന്റെ പേരില്‍ ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മലയാളിയുടെ മതേതര മനസ്സിനെ വേദനിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കെമാല്‍ പാഷക്ക് വസ്തുതകള്‍ നിരത്തി ആരോപിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിക്കുന്നു.
ഏഴരപതിറ്റാണ്ടിന്റെ മുസ്ലീം ലീഗ് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിച്ച് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് നല്കാന് മാത്രം കെമാല്‍പാഷമാര്‍ വളര്‍ന്നിട്ടില്ല. കെമാല്‍പാഷയുടെ ചില മോഹങ്ങള്‍ നടക്കാതെ പോയതിന് മുസ്ലീം ലീഗിന്റെ മേല്‍ കുതിര കയറരുതെന്നും പ്രസ്താവനയില്‍ പറയുന്നു.
മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നും അവരെ ചുമന്നു കൊണ്ട് നടക്കുന്നത് കൊണ്ട് കോണ്‍ഗ്രസ് അധപതിക്കുകയാണെന്നുമായിരുന്നു കെമാല്‍ പാഷ പറഞ്ഞത്. ലീഗ് കോണ്‍ഗ്രസിനൊരു ബാധ്യതയാണെന്നും ലീഗ് മുസ്ലീങ്ങളെ പ്രതിനിധീകരിക്കുന്നില്ലെന്നും കെമാല്‍ പാഷ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കെമാല്‍ പാഷ പറഞ്ഞത്: ‘മുസ്ലിംലീഗ് എന്ന വര്‍ഗീയപ്പാര്‍ട്ടിയെ ഒക്കെ ചുമന്നു കൊണ്ട് നടന്ന് കോണ്‍ഗ്രസ് അധഃപതിക്കുകയാണ്. അവരൊരു ബാധ്യതയാണ് കോണ്‍ഗ്രസിന്. കാരണം അഴിമതികള്‍ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആര്‍ക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല.’
അതേസമയം, പരാമര്‍ശം എന്ത് അടിസ്ഥാനത്തിലാണെന്ന് വിളിച്ചുചോദിച്ച ലീഗ് പ്രവര്ത്തകന് കെമാല്‍ പാഷ നല്കിയ മറുപടിയെന്ന തരത്തില്‍ ഒരു ഓഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ആ ഓഡിയോയില്‍ പറയുന്നത് ഇങ്ങനെ: ‘മുസ്ലീംലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് ഞാന്‍ പറഞ്ഞത് തന്നെയാണ്. ഞാനൊരു ഉദാഹരണം പറഞ്ഞുതരാം. യുഡിഎഫ് തോല്ക്കാന് ഇവന്മാര് മാത്രമാണ്. ഇബ്രാഹിംകുഞ്ഞിന്റെ മകനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തോടെ, അതുവരെ അനുകൂലമായിരുന്ന ആളുകളെല്ലാം എതിരായി. മുസ്ലീങ്ങളെ മാത്രം ഉണ്ടാക്കാനാണെന്ന് പറഞ്ഞ് ഇവന്മാര് നടക്കും. ഒന്നും ചെയ്യത്തില്ല. കണ്ടവന്റെ പേരില്‍ പൈസയും പിരിച്ച് നടക്കും. പേയ്മെന്റിന് സീറ്റിന് 35 കോടി രൂപയാണ് രണ്ട് അവന്മാര് വാങ്ങി വച്ചിരിക്കുന്നത്. ഇതിന്റെ കാര്യങ്ങളെല്ലാം എന്റെ കൈയിലുണ്ട്. ലീഗിന്റ വര്‍ഗീയത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ലെങ്കില്‍ അറിയേണ്ട. നിങ്ങള്‍ക്ക് നിങ്ങളുടെ ധാരണ, എനിക്ക് എന്റെ ധാരണ. മുസ്ലീങ്ങള്‍ക്ക് വേണ്ടി ഒരു വകയും ഇവര്‍ ചെയ്യുന്നില്ല. കത്വയിലെ പെണ്‍കുട്ടിക്ക് വേണ്ടി മൂന്നര കോടി പിരിച്ചിട്ട് ഒരു രൂപ അവിടെ കൊടുത്തിട്ടുണ്ടോ. കേരളം മുഴുവനും സഞ്ചരിക്കുന്ന ആളാണ് ഞാന്‍. എനിക്ക് അറിയാം കാര്യങ്ങള്‍. ലീഗിന്റെ വര്‍ഗീയത എന്താണെന്ന് കൂടുതല്‍ എനിക്ക് വിശദീകരിക്കാന്‍ വയ്യ.’
ഉപദേശികള്‍ പിണറായി വിജയനെ തെറ്റായ ദിശയിലേക്ക് നയിച്ചിട്ടുണ്ടെന്നും കെമാല്‍ പാഷ അഭിമുഖത്തില്‍ പറഞ്ഞു. ‘അവരെയൊക്കെ കളഞ്ഞ് അദ്ദേഹം തന്നെ ഭരിച്ചാല്‍ മതി. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും വലിയ പ്രതിച്ഛായയുള്ള മന്ത്രി കെ സുധാകരനായിരുന്നു. അഴിമതി തീരെയില്ല. പ്രതിച്ഛായയുള്ള സുധാകരനെ മാറ്റി നിര്‍ത്തി മറ്റൊരാളെ മത്സരിപ്പിക്കാന്‍ പിണറായി തയ്യാറായി. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അതു പോലെയാണ് തോമസ് ഐസകും രവീന്ദ്രനാഥും. മിടുക്കരായ മന്ത്രിമാരെ മാറ്റി നിര്‍ത്തിയാണ് അദ്ദേഹം തയ്യാറായി. അവിടെ കുടുംബാധിപത്യമൊന്നും പ്രശ്നമല്ല. തുടര്‍ഭരണം കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്.’
‘ഭരണത്തുടര്‍ച്ച ഉണ്ടാകില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പ്രതിപക്ഷം ഇതുപോലെ കുത്തഴിഞ്ഞതാണെന്ന ധാരണ എനിക്ക് കിട്ടിയിട്ടില്ല. കക്ഷി രാഷ്ട്രീയത്തെ കുറിച്ച് എന്റെ അറിവ് പരിമിതമാണ്. എന്റെ ഉപദേശങ്ങളോ വിമര്‍ശനങ്ങളോ അല്ല വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. വിശക്കുന്ന ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് പിണറായി വിജയന് വച്ചുനീട്ടുന്ന ഭക്ഷണക്കിറ്റാണ്. വിശപ്പിന്റെ മുമ്പില്‍ ഉപദേശമൊന്നും വിലപ്പോവില്ല.’ കെമാല്‍ പാഷ പറഞ്ഞു.