‘പാലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം’; ഇന്ത്യ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന് മുസ്ലീം ലീഗ്
ഇസ്രയേലിനെതിരെ പൊരുതുന്ന പലസ്തീന് ജനതയ്ക്ക് ഐക്യദാര്ഢ്യമറിയിക്കുന്നതായി മുസ്ലീം ലീഗ്. പുണ്യമാസത്തില്‍ ആരാധനയിലേര്‍പ്പിട്ടിരുന്ന പലസ്തീനികള്‍ക്ക് നേരെ ജറുസലേമിലെ മസ്ജിദുല്‍ അഖ്സയിലുണ്ടായ വെടിവെപ്പും തുടര്‍ന്നരങ്ങേറിയ ഇസ്രയേല്‍ ക്രൂരതകളും ലോകമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലീം ലീഗ് നനേതാക്കള്‍ പറഞ്ഞു. മസ്ജിദുല്‍ അഖ്സ പൊളിക്കുക എന്നത് ഇസ്രയേലിന്റെ അജണ്ടയിലുള്ളതാണ്. പലസ്തീനികളുടെ ഭൂമി അവര്‍ക്ക് വിട്ടുകൊടുത്താല്‍ മാത്രമേ പലസ്തീനില്‍ ശ്വാശ്വത സമാധാനമുണ്ടാവുകയുള്ളൂ. ലോകജനത ഇസ്രയേലിന്റെ ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. മുന്‍കാലങ്ങളിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചുപോരുന്ന പലസ്തീന് അനുകൂല നയങ്ങളില്‍ നിന്ന് ഇന്ത്യ പിന്നോക്കം പോകുന്നതായാണ് കാണുന്നത്. ഇത് വംശവെറിക്കെതിരായുള്ള രാജ്യത്തിന്റെ പരമ്പരാഗത നിലപാടിനെതിരാണ്. ഇത്തരം തെറ്റായ നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്നും ലീഗ് ആവശ്യപ്പെട്ടു.
സയണിസ്റ്റ് ഭീകരത അവസാനിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങേണ്ടതുണ്ടെന്ന് മുസ്്ലീം ലീഗ് ആവശ്യപ്പെട്ടു. പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കാനായി ചെറിയ പെരുന്നാള്‍ ദിനത്തില്‍ വൈകുന്നേരം 4 മണിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രഭാഷണം സംഘടിപ്പിക്കാനാണ് ലീഗിന്റെ പദ്ധതി. പലസ്തീന് അംബാസഡര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ പ്രഫ. എ.കെ രാമകൃഷ്ണന്, പി.എം സാദിഖലി എന്നിവര്‍ സംസാരിക്കുമെന്നും ലീഗ് ഒരു പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പലസ്തീന് ജനതയ്ക്കെതിരായ ഇസ്രയേലി ആക്രമത്തെ ശക്തമായി അപലപിച്ചുകൊണ്ട് ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു. കിഴക്കന്‍ ജെറുസലേമിലെ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്. ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂയെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
ഡിവൈഎഫ്ഐ കുറിപ്പ്: കിഴക്കന്‍ ജെറുസലേമിലെ പലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അപലപനീയമാണ്. ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന പലസ്തീന് ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണ്. നിരവധി മനുഷ്യരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. നൂറുകണക്കിന് മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ അഖ്സ മുസ്ലീം പള്ളിക്ക് സമീപം ഇസ്രയേല്‍ സേന നടത്തുന്ന ആക്രമണത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂത കുടിയേറ്റത്തിന് വഴിയൊരുക്കുന്നതിനായി, ഷെയ്ക്ക് ജെറായിലെ താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്തീന്‍കാരെയാണ് ഇസ്രയേല്‍ സൈന്യം ആക്രമിക്കുന്നത്.
ഒരു രാജ്യത്തെ ജനതയുടെ മനുഷ്യാവകാശങ്ങളെ മുഴുവന്‍ ലംഘിക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിച്ചെ മതിയാകൂ. അധിനിവേശം നടത്തുന്നതിന് പതിറ്റാണ്ടുകളായി ഇസ്രയേല്‍ തുടരുന്ന അതിക്രമങ്ങള്‍ക്ക് അറുതി വരുത്തേണ്ടതുണ്ട്. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ നേടുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ട നെതന്യാഹു രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കൂടിയാണ് പലസ്തീനെതിരായ ആക്രമണം ആരംഭിച്ചത്. കോവിഡിനെ നേരിടുന്നതില്‍ സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കുന്നതിനും ആക്രമണം ഉപയോഗിക്കുകയാണ്.