‘നിങ്ങള്‍ ആരെയാണ് ഭയക്കുന്നത്? കേരളത്തിലെ ഹമാസിനെയോ?’ സൗമ്യ സന്തോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്താതതെന്തെന്ന് പിസി ജോര്‍ജ്
ഇസ്രായേലില്‍ ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യ സന്തോഷിന്റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ടാണ് അനുശോചനം രേഖപ്പെടുത്താത്തതെന്ന് പിസി ജോര്‍ജ്. നാല് വോട്ടിന് വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി കപടനാണെന്നും പിസി ജോര്‍ജ് ആരോപിച്ചു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ആണ് കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടെക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു.
പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്,
“ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിവസം. കേരളത്തെ സംബന്ധിച്ചു നിങ്ങള്‍ ചെയ്ത സേവനം നിങ്ങളുടെ കര്‍മ്മ മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്റെ വികസനത്തിന നിങ്ങള്‍ ഓരോരുത്തരും വഹിച്ച പങ്കു വിസ്മരിക്കുവാനാവില്ല , പ്രത്യേകിച്ച് മധ്യ കേരളത്തിലെ താരതമ്യേന ഉയര്‍ന്ന ജീവിത സാഹചര്യത്തിന് വരെ നിങ്ങള്‍ ഓരോരുത്തരുമാണ് ആണ് കാരണക്കാര്‍ .
മാലാഖമാരുടെ ദിവസം ആഘോഷിക്കുന്ന ഇന്ന് നമ്മള് ഓരോരുത്തരെയും സംബന്ധിച്ച് ഒരു ദുഃഖത്തിന്റെ ദിനം കൂടിയാണ്.
ഇസ്രായേലില്‍ , പലസ്ഥീന് തീവ്രവാദി ഗ്രൂപ്പായ ഹമാസ് നടത്തിയ ആക്രമണത്തില്‍ ഹോം നഴ്സായിരുന്ന നമ്മുടെ കേരളത്തിന്റെ ഒരു മാലാഖകുട്ടിയെ നഷ്ടപ്പെട്ടു .
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ് പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു.
ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല . ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി .
നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന് . നാല് വോട്ടിനു വേണ്ടി പ്രീണനം നടത്തുന്നതിന്റെ ഒരു വലിയ ഉദാഹരണമാണിത് .
നിങ്ങള്‍ ആരെയാണ് ഭയക്കുന്നത് ? പാലസ്തീനിലെ ഹമാസിനെയോ ? അതോ കേരളത്തിലെ ഹമാസിനെയോ ?
കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന് ഒക്കെ ആയിരിക്കാം , പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം. എ കെ ജി സെന്‍ട്രലില്‍ നിന്ന് ലഭിക്കുന്ന ഉത്തരവനുസരിച്ചു മാത്രം ഓരിയിടുന്ന സാംസ്കാരിക നായകരും ഉറക്കത്തിലാണ്.കേരളം ഇങ്ങനെ എങ്കിലും മുന്നോട്ടു പോവുന്നത് നമ്മുടെ കുട്ടികള്‍ അന്യദേശത്തു പോയി തൊഴിലെടുത്തു അയക്കുന്ന പണത്തിന്റെ ബലത്തിലാണ് .
അതിന്റെ നന്ദി എങ്കിലും ഒന്ന് കാണിക്കു സഖാവേ…..,” പിസി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു