കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകനായ മന്‍സൂറിനെ ബോബെറിഞ്ഞ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊച്ചിയങ്ങാടി സ്വദേശി നിജിലാണ് കണ്ണൂരില്‍ വെച്ച് പിടിയിലായിരിക്കുന്നത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തതായിട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ക്രൈംബ്രാഞ്ച് നടത്തിയ നീക്കത്തിലാണ് ഇയാളെ പിടികൂടുന്നത്.
ആദ്യഘട്ടത്തില്‍ പ്രതി പട്ടികയില്‍ ഇല്ലാതിരുന്ന വ്യക്തിയാണ് നിജില്‍. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ അക്രമിസംഘത്തോടൊപ്പം നിജിലുണ്ടായിരുന്നുവെന്ന് വിവരം ലഭിച്ചു. സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് പ്രതി. മന്‍സൂറിന്റെ വീട് ആക്രമിക്കാന്‍ നിജിലാണ് ഗൂഢാലോചന നടത്തിയതെന്ന് ക്രൈംബ്രാഞ്ച് സൂചന നല്‍കുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
ലോക്കല്‍ പൊലീസ് പ്രതികളെ പിടിക്കുന്നതില്‍ അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരുന്നു. സ്പര്‍ജന്‍കുമാര്‍ ഐപിഎസിനാണ് നിലവില്‍ കേസിന്റെ ചുമതല. നിജില്‍ കൂടെ പിടിയിലാകുന്നതോടെ എല്ലാ പ്രതികളും അറസ്റ്റിലായതായിട്ടാണ് റിപ്പോര്‍ട്ട്. കേസിലെ ഒരു പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ഒന്നാം പ്രതിയും മന്‍സൂറിന്റെ അയല്‍വാസിയുമായ ഷിനാസിനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒതയോത്ത് അനീഷ്, ശ്രീകാന്ത്, അശ്വിന് എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. രണ്ടാം പ്രതി രതീഷാണ് ആത്മഹത്യ ചെയ്തത്.