മുസ്ലീം ലീഗ് നിയമസഭാ കക്ഷിനേതാവായി കുഞ്ഞാലികുട്ടി; മുനീര്‍ ഉപനേതാവ്
മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലികുട്ടിയെ തെരഞ്ഞെടുത്തു. ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍.
നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് ലീഗ് യോഗത്തില്‍ വിലയിരുത്തി. എല്‍ഡിഎഫ് അധികാരത്തില്‍ വന്ന സാഹചര്യങ്ങള്‍ ആത്മപരിശോധനക്ക് വിധേയമാക്കണം. വലിയ തോതിലുള്ള തിരിച്ചടിയുണ്ടായപ്പോഴും ലീഗ് അതിന്റെ സംതൃപ്തമായ സാഹചര്യം ഉണ്ടാക്കി. വിശദമായ ചര്‍ച്ചകള്‍ തുടര്‍ന്നോട്ടും നടത്തുമെന്നും ലീഗ് വിലയിരുത്തി.
ലീഗിന്റെ പ്രവര്‍ത്തത്തെ സംബന്ധിച്ച് വസ്തുതകള്‍ കാണാതെ അതിശയോക്തി പരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അതിലൊന്നും പരാതിയില്ല. അത് അവരുടെ സ്വാതന്ത്രമാണ്. വളരെ മികച്ച പ്രകടനം കാഴ്ച്ച വെച്ചുവെന്ന് അവകാശപ്പെടുന്നില്ല. എന്നാല്‍ കോട്ടകള്‍ കാത്തുവെച്ചത് അഭിമാനകരമാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ വലിയ പങ്കെടുണ്ടെന്ന് വിലയിരുത്തിയ മുസ്ലീം ലീഗ് ബിജെപി താഴോട്ട് പോകുന്നതിന് ആക്കം കൂട്ടിയ പാര്‍ട്ടിയാണ് ലീഗ് എന്ന് അവകാശപ്പെട്ടു. മഞ്ചേശ്വരത്തേയും പാലക്കാട്ടേയും വിജയം പ്രത്യേകം എടുത്ത് പരാമര്‍ശിച്ചു.
‘മഞ്ചേശ്വരത്തേയും പാലക്കാട്ടേയും സാഹചര്യം മുള്‍മുനയിലാക്കി. മഞ്ചേശ്വരത്ത് ജയിക്കുമെന്ന് കാലേകൂട്ടി പറഞ്ഞ പാര്‍ട്ടിയാണ് ബിജെപി. വിമാനത്തിലിറങ്ങി വോട്ട് ചോദിച്ചവര്‍ ഉണ്ട്. അവരുടെ മന്ത്രിമാര്‍ ഇവിടെ ക്യാമ്പ് ചെയ്യുകയായിരുന്നു. എന്നാല്‍ തോല്‍പ്പിച്ചത് ലീഗിന്റെ പ്രാതിനിധ്യമാണ്. പാലക്കാട് മെട്രോ ശ്രീധരന്റെ പരാജയത്തില്‍ വളരെ വലിയ പങ്കു വഹിക്കാന്‍ ലീഗിന് കഴിഞ്ഞു. എന്നാല്‍ ബിജെപി വോട്ടുകളില്‍ വലിയൊരു ശതമാനം സിപിഐഎഎമ്മിന് പോയിട്ടുണ്ട്. മലപ്പുറത്ത് ഞങ്ങളുടെ പ്രകടനം വലിയ സംതൃപ്തി നല്‍കുന്നുണ്ട് 7 മണ്ഡലങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വള്ളിക്കുന്ന്. തിരൂരങ്ങാടി, ഏറനാട്, തിരൂര്‍,മങ്കട. കൊണ്ടോട്ടി, കോട്ടക്കല്‍ തുടങ്ങി ഏഴ് ഇടങ്ങളില്‍ മികച്ച പ്രകടനമാണ്. അവിടെ സിപിഐഎമ്മിന്റെ വോട്ട് ഷെയര്‍ കുറഞ്ഞു. ഞങ്ങളുടെ വോട്ട് കൂടി.’ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.