‘ഏതൊരു മത്സരവും ഒരു പാഠമാണ്, വോട്ട് നല്‍കാത്തവര്‍ക്കും നന്ദി’; തോല്‍വിയില്‍ പ്രതികരിച്ച് സുരേഷ് ഗോപി
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപി. തൃശൂരിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച സുരേഷ് ഗോപി ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും മുന്നില്‍ തന്നെയുണ്ടാകുമെന്നും ഉറപ്പ് നല്കി.
സുരേഷ് ഗോപിയുടെ പ്രതികരണം
തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നല്കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി!
നല്‍കാത്തവര്‍ക്കും നന്ദി!ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്കുന്നു. എല്ലാവരോടും സ്നേഹം മാത്രം!
തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ബാലചന്ദ്രനാണ് വിജയിച്ചത്..യുഡിഎഫിന്റെ പത്മ വേണുഗോപാലിനെയും ബിജെപിയുടെ സുരേഷ് ഗോപിയെയുമാണ് ബാലചന്ദ്രന് പരാജയപ്പെടുത്തിയത്. പത്മജ വേണുഗോപാല്‍ 43,317 വോട്ടും സുരേഷ് ഗോപി 40,457 വോട്ടുമാണ് നേടിയത്.
അതേസമയം തൃശൂരില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാള്‍ 15,709 വോട്ടുകളാണ് അധികം നേടിയത്.
തൃശൂരില്‍ ബിജെപിയും സിപിഐഎമ്മും തമ്മില്‍ വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് പത്മജ ആരോപിച്ചിരുന്നു. ചില സ്ഥലങ്ങളില്‍ വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. അത് എവിടെ നിന്നാണ് പോയതെന്ന് പാര്‍ട്ടിയാണ് കണ്ടുപിടിക്കേണ്ടത്. എനിക്കറിയാം പക്ഷെ താന്‍ പറയില്ലെന്നും പത്മജ പറഞ്ഞിരുന്നു.
പത്മജയുടെ പ്രതികരണം-
‘സുരേഷ് ഗോപി നാല്പ്പതിനായിരത്തിനടുത്ത് വോട്ട് പിടിച്ചു. നമ്മുടെ ആളുകള്‍ക്ക് എന്ത് കൊണ്ടാണിങ്ങനെയെന്ന് അറിയില്ല. സിനിമാ താരങ്ങളോടുള്ള താല്പര്യമാണോ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. അദ്ദേഹം തന്നെ ജയിക്കണ്ട എന്ന് പറഞ്ഞ് വന്നു നിന്ന പോലെയായിരുന്നു. എന്നാലും നമ്മള് ജയിപ്പിച്ചേ വിടൂ എന്നൊരു മനോഭാവം നമ്മളുടെ ആള്ക്കാര് കാണിച്ചിട്ടുണ്ടാവും. അല്ലെങ്കില്‍ ഇത്ര വോട്ട് പത്ത് ദിവസം കൊണ്ട് ഒരാള്‍ പിടിക്കില്ലല്ലോ. സിനിമയാണ് ജീവിതം എന്ന് വിചാരിക്കുന്ന കുറേ ആളുകളുണ്ട്. അദ്ദേഹം സിനിമയില്‍ കാണിച്ചു കൂട്ടുന്നതെല്ലാം യഥാര്‍ത്ഥ ജീവിതത്തിലുള്ളതാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു,’ പത്മജ പറഞ്ഞു.