കൊവിഡിനെതിരെ ഒന്നിച്ച്; വാക്സിനുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തുന്നതിനെതിരെ ബൈഡന്; ചരിത്ര തീരുമാനമെന്ന് ലോകാരോഗ്യ സംഘടന
കൊവിഡ് മഹാമാരിക്കെതിരായ വാക്സിനുകള്‍ക്ക് ബൗദ്ധിക സ്വത്തവകാശം ഏര്‍പ്പെടുത്താനുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ നീക്കം തടയാന്‍ അമേരിക്ക. കൊവിഡ് വാക്സിന് നിര്‍മാതാക്കളുടെ പേറ്റന്റ് അവകാശം തള്ളിക്കളുന്നതിനുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ശ്രമങ്ങള്‍ക്ക് യുഎസ് പൂര്‍ണ പിന്തുണയറിയിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വ്യാപാര പ്രതിനിധി പ്രസ്താവനയിറക്കി.
അസാധാരണമായ സമയത്ത് അസാധാരണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് യുഎസ് ട്രേഡ് പ്രതിനിധി കാതറീന് പറഞ്ഞു. അതേസമയം ഇതു സംബന്ധിച്ച് സംയുക്ത ധാരണയിലെത്താന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു.
കൊവിഡ് വാക്സിനുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തുന്നതില്‍ നിന്നും അമേരിക്കയിലെയും യൂറോപ്പിലെയും വാക്സിന് നിര്‍മാണ കമ്പനികള്‍ പിന്മാറണമെന്ന്് നേരത്തെ ഇന്ത്യയടക്കമുള്ള 60 ഓളം രാജ്യങ്ങളും ഡെമോക്രാറ്റ് പ്രതിനിധികളും ഉള്‍പ്പെടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപില്‍ നിന്നും യുകെ, യൂറോപ്യന്‍ യൂണിയനില്‍ നിന്നും കടുത്ത എതിര്‍പ്പായിരുന്നു ഈ ആവശ്യത്തിനെതിരെ ഉയര്‍ന്നത്.
എന്നാല്‍ ബൈഡന് പേറ്റന്റിനോട് അനുകൂല നയമല്ല സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ തന്നെ ബൈഡന് ഇതേ നയമായിരുന്നു സ്വീകരിച്ചത്.
കൊവിഡ് മഹമാരിയെ ആഗോളതലത്തില്‍ പ്രതിരോധിക്കുന്നതിന് ഉതകുന്നതാണ് ബൈഡന്റെ തീരുമാനം. വാക്സിന് പേറ്റന്റ് ഒഴിവാക്കുന്നത് നടപ്പിലായാല്‍ ഏത് ഉല്പാദകര്ക്കും ഈ വാക്സിനുകള്‍ നിര്‍മ്മിക്കാം. സാമ്പത്തിക ശേഷിയില്ലാത്ത രാജ്യങ്ങള്‍ക്കും വാക്സിന് ലഭിക്കും എന്നതാണ് ഇതിലെ പ്രധാന നേട്ടം.
അമേരിക്കയുടെ തീരുമാനം ചരിത്രപരമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. അതേസമയം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ യുഎസ് തീരുമാനത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ട് പേറ്റന്റ് ഇല്ലാത്തത് വാക്സിനുകളുടെ പുതിയ വികസന പഠനങ്ങള്‍ക്ക് വിലങ്ങു തടിയാവുമെന്നാണ് കമ്പനികള്‍ പറയുന്നത്. തീരുമാനം നിരാശാജനകമാണെന്ന് ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചേര്‍സ് പ്രതികരിച്ചു.