അഭിനന്ദിച്ചവരില്‍ പ്രമുഖ സിപിഐഎം നേതാക്കളും, പേര് പറയില്ല’; കാരണം പറഞ്ഞ് കെകെ രമ
നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിപിഐഎമ്മിലെ സമുന്നത നേതാക്കളും ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ടെന്ന് കെകെ രമ. വിളിച്ച നേതാക്കളുടെ പേര് താന്‍ പറയുന്നില്ലെന്നും അത് കാരണം അവര്‍ക്ക് സിപിഐഎമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ പാടില്ലെന്നും കെകെ രമ പറഞ്ഞു.
കെകെ രമയുടെ വാക്കുകള്‍: ”വിധിക്ക് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് വിളിച്ചത്. അതില്‍ ഏറെയും സ്ത്രീകളാണ്. ആഗ്രഹിച്ച വിജയം, കാത്തിരുന്ന വിജയം എന്നാണ് അവരെല്ലാം പറയുന്നത്. അഭിനന്ദച്ചവരില് സിപിഐഎമ്മിന്റെ സമുന്നത നേതാക്കളുമുണ്ട്. ആ പേരുകള്‍ പറയുന്നില്ല. ഞാന്‍ കാരണം അവര്‍ക്ക് പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാവരുതല്ലോ. സിപിഐഎമ്മിന് ഭൂരിപക്ഷമുള്ള നിയമസഭയെക്കുറിച്ച് ആശങ്കയില്ല. പറയേണ്ടത് കൃത്യമായി പറയും. എതിര്‍ക്കേണ്ടതിനെ ശക്തമായി എതിര്‍ക്കും.”
കേരളത്തില്‍ ഇടത് തരംഗം ആഞ്ഞടിച്ചപ്പോഴും ഇടത് കോട്ടയായ വടകരയിലെ വിജയത്തെക്കുറിച്ചും, പോരാട്ടത്തെക്കുറിച്ചും റിപ്പോര്‍ട്ടര്‍ ലൈവിനോട് കെകെ രമ പറഞ്ഞത് ഇങ്ങനെ:
”ചരിത്രപ്രസക്തമായ വിജയമാണ് വടകരയിലേത്. വിയോജിപ്പുകളെ കൊന്നു തള്ളാന്‍ ആവില്ലെന്നതാണ് വടകരയിലെ ജനാധിപത്യ സമൂഹം കൊലയാളി നേതൃത്വത്തെ ജനവിധി കൊണ്ട് പഠിപ്പിച്ചിരിക്കുന്നത്. ആ തരത്തില്‍ തന്നെ മണ്ഡലം പ്രസക്തമാവുകയാണ്. കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് ആവശേമുണ്ടാക്കുന്നതാണ് ജനവിധി. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ഉണങ്ങാത്ത മുറിവായി പൊറുക്കാനാവാത്ത കണക്കായി ഈ നാട്ടിലെ കക്ഷി രാഷ്ട്രീയ ഭേദമന്യേയുള്ള സാധാരണ മനുഷ്യര്‍ ചന്ദ്രശേഖരനെ നെഞ്ചിലേറ്റി നടക്കുന്നുവെന്നതിന്റെ തെളിവാണിത്.”
”ടിപിയുടെ ആശയം മുറുകെ പിടിച്ചു പോരുക മാത്രമാണ് ചെയ്തത്. എന്തൊക്കെ പട്ടങ്ങളാണ് ഈ സൈബര്‍ ഇടങ്ങള്‍ എനിക്ക് ചാര്‍ത്തി തന്നത്. വിധവ, ഭര്‍ത്താവിന്റെ ശവം വിറ്റ് ജീവിക്കുന്നവര്‍ തുടങ്ങി അനവധി. ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് മനോവൈകല്യമാണെന്നൊന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. നേതൃത്വത്തിന്റെ മൗനം സമ്മതമായിരുന്നു. അല്ലെങ്കില്‍ ഒരു ദിവസം കൊണ്ട് അത് അവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. വലിയ സൈബര്‍ വിങ് ഉണ്ട്. അതിനെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ അത് ചെയ്തില്ല. അതിനുള്ള ഉത്തരമാണ് വടകരയിലെ ജനങ്ങള്‍ നല്‍കിയത്. ചോര ചൊരിയാത്ത മധുര പ്രതികാരമാണ് വിജയം.”
”സിപിഐഎമ്മിന്റെ കൊലയാളി നേതൃത്വത്തിനെതിരെയുള്ള വിജയമാണ്. അന്ന് അതിന് ചുക്കാന്‍ പിടിച്ചത് പിണറായി വിജയനായിരുന്നു. ആ വികാരം വളരെ ശക്തമായി എല്ലാവരുടെ മനസിലും പിണറായി വിജയനെതിരെയുണ്ട്. അത്ര നിഷ്ഠൂരമായി ഒരു കൊലപാതകം നടന്നിട്ടും അതിനെ നോക്കി പരിഹസിച്ച ഏക വ്യക്തിയാണ് പിണറായി വിജയന്. മരിച്ച വ്യക്തിയെ പോലും കുലംകുത്തിയെന്ന് വിളിക്കാന്‍ പിണറായി വിജയനെ പോലുള്ള ദാര്‍ഷ്ട്യമുള്ള അധിക്കാരിക്കെ കഴിയൂ. അത് ഒരു ഏകാധിപത്യ സ്വഭാവമാണ്. മനുഷ്യത്വമുള്ള ഭരണാധികാരിക്ക് അത് സാധിക്കില്ല. മരിച്ച വ്യക്തിയോട് എന്ത് തോന്നുന്നു എന്ന് ചോദിച്ചപ്പോള്‍ അത് ഓരോരുത്തരുടേയും മാനസികാവസ്ഥ പോലെ ഇരിക്കും എന്ന് പറഞ്ഞ ഏക വ്യക്തിയാണ് പിണറായി വിജയന്. മനുഷ്യത്വമില്ലാത്ത അധികാരികളെ ജനം തിരുത്തിക്കുമെന്നാണ് തോന്നുന്നത്.”