പ്രതിദിന മരണസംഖ്യയിൽ റെക്കോഡ് വർധന
ന്യൂഡൽഹി: കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞുകൊണ്ടിരുന്ന കൊവിഡ് കേസുകളുടെ പ്രതിദിനക്കണക്കിൽ വീണ്ടും വർധന. ഇന്നു രാവിലെ പുതുക്കിയ കണക്കിൽ അവസാന 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത് 3.82 ലക്ഷത്തിലേറെ പേർക്ക്. 3,780 പേർ കൂടി വൈറസ് ബാധിച്ചു മരിച്ചു. രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 2,26,188 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 2.06 കോടിയായി. രോഗമുക്തർ 1.69 കോടിയിലേറെ. സജീവ കേസുകൾ 34.87 ലക്ഷമാണ്. റിക്കവറി നിരക്ക് 82.03 ശതമാനവും മരണനിരക്ക് 1.09 ശതമാനവും. 15.41 ലക്ഷത്തിലേറെ സാംപിളുകൾ അവസാന ദിവസം രാജ്യത്തു പരിശോധിച്ചു.
മഹാരാഷ്ട്രയിൽ 891, ഉത്തർപ്രദേശിൽ 351, ഡൽഹിയിൽ 338, കർണാടകയിൽ 288, ഛത്തിസ്ഗഡിൽ 210, പഞ്ചാബിൽ 173, രാജസ്ഥാനിൽ 154, ഹരിയാനയിൽ 153, തമിഴ്നാട്ടിൽ 144, ഝാർഖണ്ഡിൽ 132, ഗുജറാത്തിൽ 131, പശ്ചിമ ബംഗാളിൽ 107, ബിഹാറിൽ 105 പേർ വീതം കൊവിഡ് ബാധിച്ചു മരിച്ചതായി അവസാന ദിവസം രേഖപ്പെടുത്തി. മരണസംഖ്യയിലെ ഈ വർധന ആരോഗ്യ മേഖലയുടെ ആശങ്ക വീണ്ടും കൂട്ടുകയാണ്. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 71,742ൽ എത്തിയിട്ടുണ്ട്. ഡൽഹിയിൽ 17,752 ആയി. കർണാടകയിൽ 16,000വും തമിഴ്നാട്ടിൽ 14,600ഉം കടന്നു. ഉത്തർപ്രദേശ് 14,000ലേക്ക് നീങ്ങുകയാണ്.
മഹാരാഷ്ട്രയിൽ 51,880 പുതിയ കേസുകളാണ് അവസാന ദിവസം രേഖപ്പെടുത്തിയത്. 6.41 ലക്ഷത്തിലേറെ ആക്റ്റിവ് കേസുകൾ സംസ്ഥാനത്തുണ്ട്. കർണാടകയിൽ 44,631 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. 4.64 ലക്ഷത്തിലേറെയാണ് അവിടെ സജീവ കേസുകൾ. ബംഗളൂരു അർബനിൽ മാത്രം മൂന്നുലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ട്.
കേരളത്തിൽ 37,000ലേറെ പുതിയ കേസുകളാണ് അവസാന ദിവസം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08. സംസ്ഥാനത്തെ ആക്റ്റിവ് കേസുകൾ 3.56 ലക്ഷത്തിലേറെയാണ്. 57 മരണം കൂടി കൊവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഉത്തർപ്രദേശിൽ പ്രതിദിന കേസുകൾ കുറഞ്ഞിട്ടുണ്ട്. 25,858 പേരാണ് അവിടെ പുതുതായി പോസിറ്റീവായത്. 2.72 ലക്ഷത്തിലേറെ പേർ സംസ്ഥാനത്തു ചികിത്സയിൽ കഴിയുന്നു.
ഡൽഹിയിൽ 19,953 പുതിയ കേസുകൾ കണ്ടെത്തി. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.73. സജീവ കേസുകൾ 90,000ൽ ഏറെ. പ്രതിദിന കേസുകൾ പതിനയ്യായിരത്തിന് അടുത്തെത്തിയ ബിഹാറിൽ മേയ് 15 വരെ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരാഴ്ചയായി പത്തു ശതമാനം പോസിറ്റിവിറ്റി നിരക്കാണു സംസ്ഥാനത്ത്.
തെരഞ്ഞെടുപ്പു കഴിഞ്ഞ പശ്ചിമ ബംഗാളിലെ കൊവിഡ് കേസുകൾ ഉയരുകയാണ്. അവസാന ദിവസം 17,639 പുതിയ കേസുകൾ കണ്ടെത്തി. 1.21 ലക്ഷത്തോളം ആക്റ്റിവ് കേസുകൾ ഇപ്പോൾ സംസ്ഥാനത്തുണ്ട്. 57,748 സാംപിളുകളാണ് അവസാന ദിവസം പരിശോധിച്ചത്. ബംഗാളിൽ പരിശോധനകൾ വലിയ തോതിൽ വർധിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.